ഭുവനേശ്വർ: ആദ്യ പകുതിയിൽ തന്നെ രണ്ടു ഗോളിനു മുന്നിലെത്തിയ ശേഷവും ജയം നേടാനാവാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ഒഡിഷ എഫ്.സിക്കെതിരായ മത്സരത്തിൽ ഇരുടീമുകളും രണ്ട് ഗോൾ വീതം നേടി പിരിഞ്ഞു. ഇതിൽ ഒഡിഷയുടെ ആദ്യത്തേത് ബ്ലാസ്‌റ്റേഴ്‌സിന്റെ സെൽഫ് ഗോളായിരുന്നു. കലിംഗ സ്റ്റേഡിയത്തിൽ ഒഡിഷ എഫ്.സിക്കെതിരേ ഒരു ജയം എന്ന മോഹത്തിന് കേരളാ ബ്ലാസ്റ്റേഴ്സ് ഇനിയും കാത്തിരിക്കണം.
ആദ്യ പകുതിയിൽ മൂന്നു മിനിറ്റിനകമാണ് ബ്ലാസ്റ്റേഴ്‌സ് രണ്ടു ഗോളടിച്ചത്. 18-ാം മിനിറ്റിൽ നോവ സദൂയിയും 21-ാം മിനിറ്റിൽ ജീസസ് ജെമിനെസും ലക്ഷ്യം കണ്ടു. ഇടതുവിങ്ങിൽനിന്ന് ബോക്സിനകത്തേക്ക് കുതിച്ചെത്തി നോവ നടത്തിയ ഇടംകാൽ ആക്രമണം ബോക്സിന്റെ വലതുമൂലയിൽച്ചെന്ന് പതിച്ചു (1-0). മൂന്ന് മിനിറ്റുകൾക്ക് ശേഷം അതിവേഗ നീക്കത്തിലൂടെ ബ്ലാസ്റ്റേഴ്സ് ഒരുവട്ടംകൂടി എതിർ വല നിറച്ചു. നോവ സദൂയിയുടെ അസിസ്റ്റിൽനിന്ന് ജിമെനസ് വലയുടെ മേൽക്കൂരയിലേക്ക് അടിച്ചകറ്റുകയായിരുന്നു (2-0).
എന്നാൽ ഏഴ് മിനിറ്റ് ഇടവേളയിൽ രണ്ട് ഗോളുകൾ തിരിച്ചടിച്ച് ഒഡിഷ മത്സരത്തിലേക്ക് തിരിച്ചെത്തി. 29-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് താരം അലക്സാണ്ടർ കൊയെഫിന്റെ സെൽഫ് ഗോളിലൂടെ ഒഡിഷ തിരിച്ചുവരവ് നടത്തി. ഒഡിഷയ്ക്ക് അനുകൂലമായി ലഭിച്ച കോർണറിന് പിന്നാലെയാണ് ഗോൾ പിറന്നത്. ബോക്സിനകത്തെത്തിയ പന്ത് കൊയെഫിന്റെ ദേഹത്തുതട്ടി ബോക്സിനകത്തേക്ക്. കൊയെഫ് ഉടൻതന്നെ പുറത്തേക്ക് തട്ടിയകറ്റിയിരുന്നെങ്കിലും റീപ്ലേയിൽ പന്ത് ഗോൾ ലൈൻ കടന്നതായി വ്യക്തമായി (2-1). 36-ാം മിനിറ്റിൽ ഡീഗോ മൗറിഷ്യോ ഒഡിഷയെ തുല്യ നിലയിലെത്തിച്ചു. ബോക്സിനകത്തുനിന്ന് അഹമ്മദ് ജഹൂ നൽകിയ പാസ് വലയ്ക്കകത്തേക്ക് മൗറിഷ്യോ തട്ടിയിട്ടു (2-2).