29 C
Trivandrum
Wednesday, February 5, 2025

സീതാറാം യെച്ചൂരി വിടവാങ്ങി

ന്യൂഡല്‍ഹി: സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്നു. പ്രമുഖ മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ സീമ ചിസ്തി ഭാര്യയാണ്. യു.കെയില്‍ സര്‍വകലാശാല അധ്യാപികയായ അഖില യെച്ചൂരി, മാധ്യമപ്രവര്‍ത്തകനായിരുന്ന പരേതനായ ആശിഷ് യെച്ചൂരി എന്നിവര്‍ മക്കള്‍.

Follow the FOURTH PILLAR LIVE channel on WhatsApp 

സര്‍വേശ്വര സോമയാജി യെച്ചൂരി – കല്‍പ്പകം യെച്ചൂരി ദമ്പതികളുടെ മകനായി 1952 ആഗസ്ത് 12ന് ജനിച്ച സീതാറാം പഠനത്തിലും രാഷ്ട്രീയപ്രവര്‍ത്തനത്തിലും ഒരുപോലെ മികവ് തെളിയിച്ചയാളായിരുന്നു. ചെന്നൈയിലെ പ്രസിഡന്റ്സ് എസ്റ്റേറ്റ് സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറിക്ക് പഠിക്കുമ്പോള്‍ സി.ബി.എസ്.ഇ. പരീക്ഷയില്‍ രാജ്യത്ത് ഒന്നാം റാങ്ക് നേടി. തുടര്‍ന്ന് ഡല്‍ഹിയിലെ പ്രശസ്തമായ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ബി.എ. ഓണേഴ്‌സ് പഠനം. ജെ.എന്‍.യുവില്‍ നിന്ന് എം.എ. പൂര്‍ത്തിയാക്കി.

ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയായിരിക്കെ 1974ലാണ് എസ്.എഫ്.ഐ. അംഗമായത്. അടിയന്തിരാവസ്ഥ കാലത്ത് കുറെക്കാലം ഒളിവില്‍ പ്രവര്‍ത്തിക്കുകയും 1975ല്‍ അറസ്റ്റിലാവുകയും ചെയ്തു. അടിയന്തിരാവസ്ഥയ്ക്ക് ശേഷം ഡൽഹി ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1978ല്‍ എസ്.എഫ്.ഐ. അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും പിന്നീട് പ്രസിഡന്റുമായി. ‘പഠിക്കുക, പോരാടുക’ എന്ന മുദ്രാവാക്യം എസ്.എഫ്.ഐ. ഉയര്‍ത്തിയത് അക്കാലത്താണ്.

യെച്ചൂരിയിലും പ്രകാശ് കാരാട്ടിലും ഭാവിയില്‍ സി.പി.എമ്മിനെ നയിക്കാന്‍ പ്രാപ്തിയുള്ള നേതാക്കളുണ്ടെന്ന് കണ്ടെത്തിയത് ഇ.എം.എസും സുന്ദരയ്യയുമാണ്. 1975ലാണ് സി.പിഎം. അംഗമായത്. 1985ല്‍ 12-ാം പാര്‍ടി കോണ്‍ഗ്രസില്‍ കേന്ദ്രകമ്മിറ്റി അംഗമായി. പി .സുന്ദരയ്യ, ഇ.എം.എസ്, ബി.ടി.ആര്‍, ഹര്‍കിഷന്‍ സിങ് സുര്‍ജിത്, ബസവ പുന്നയ്യ, ജ്യോതി ബസു തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. 1992ല്‍ നടന്ന 14-ാം പാര്‍ടി കോണ്‍ഗ്രസില്‍ പൊളിറ്റ് ബ്യൂറോയിലെത്തി. വിശാഖപട്ടണത്ത് 2015ല്‍ നടന്ന 21-ാം പാര്‍ടി കോണ്‍ഗ്രസിലാണ് യെച്ചൂരി ആദ്യമായി ജനറല്‍ സെക്രട്ടറിയായത്. പിന്നീട് ഹൈദരാബാദ്, കണ്ണൂര്‍ പാര്‍ടി കോണ്‍ഗ്രസുകളില്‍ വീണ്ടും ജനറല്‍ സെക്രട്ടറിയായി.

2005 മുതല്‍ 2017 വരെ ബംഗാളില്‍നിന്നുള്ള രാജ്യസഭാംഗമായിരുന്നു. ജനകീയ വിഷയങ്ങള്‍ ഉന്നയിച്ചും വര്‍ഗീയതയ്ക്കും നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കും എതിരായി ശക്തമായ നിലപാട് സ്വീകരിച്ചും യെച്ചൂരി പാര്‍ലമെന്റില്‍ മികവുറ്റ ഇടപെടലുകള്‍ നടത്തി. ഗതാഗതം, വിനോദസഞ്ചാരം, സാംസ്‌കാരികം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ സുപ്രധാന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിന് നേതൃത്വം നല്‍കി. 1996ലെ ഐക്യമുന്നണി സര്‍ക്കാരിന്റെയും 2004ലെ ഒന്നാം യു.പി.എ. സര്‍ക്കാരിന്റെയും രൂപീകരണത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. യു.പി.എ. -ഇടതുപക്ഷ ഏകോപനസമിതി അംഗമായിരുന്നു. 2014 മുതല്‍ ബി.ജെ.പി. സര്‍ക്കാരിനെതിരായ ആശയപ്രചാരണത്തിനും പ്രക്ഷോഭത്തിലും നേതൃത്വം നല്‍കി. ജമ്മു-കശ്മീരിലും മണിപ്പുരിലും അടക്കം സംഘര്‍ഷബാധിത മേഖലകള്‍ സന്ദര്‍ശിച്ച് ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നു.

ലെഫ്റ്റ ഹാന്‍ഡ് ഡ്രൈവ്, വാട്ട് ഈസ് ഹിന്ദു രാഷ്ട്ര, സോഷ്യലിസം ഇന്‍ ട്വന്റിഫസ്റ്റ് സെഞ്ചുറി, കമ്യൂണലിസം വേഴ്‌സസ് സെക്യുലറിസം, ഘൃണ കി രാജ്‌നീതി (ഹിന്ദി) തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവാണ്. ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, ബംഗാളി ഭാഷകളില്‍ പാണ്ഡിത്യമുണ്ട്.

മുഖ്യമന്ത്രി അനുശോചിച്ചു

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതീവദുഃഖത്തോടെയും ഹൃദയവേദനയോടെയുമാണ് സീതാറാമിന്റെ നിര്യാണ വാർത്ത കേൾക്കുന്നത്.

വിദ്യാർത്ഥി പ്രസ്ഥാനത്തിൽ നിന്ന് ഉയർന്നു വന്ന അദ്ദേഹം ഒൻപത് വർഷക്കാലം സി.പി.എമ്മിൻ്റെ ജനറൽ സെക്രട്ടറിയായി വൈഷമ്യമേറിയ രാഷ്ട്രീയ ഘട്ടങ്ങളിലൂടെ പാർട്ടിയെ നിയിച്ചു. പാർട്ടിയുടെ നേതൃപദവികളിലിരുന്ന് കൃത്യമായ നിലപാടുകൾ രൂപീകരിച്ചുകൊണ്ട് സി.പി.എമ്മിനും ഇടതുപക്ഷത്തിനു പൊതുവിലും ഇന്ത്യൻ രാഷ്ട്രീയത്തിനാകെത്തന്നെയും മാർ​ഗനിർദ്ദേശകമാവിധം സീതാറാം പ്രവർത്തിച്ചു. രാജ്യവും ജനങ്ങളും ​ഗുരുതരമായ പ്രതിസന്ധികൾ നേരിടുന്ന ഘട്ടത്തിൽ സീതാറാമിന്റെ അഭാവം രാജ്യത്തിന് പൊതുവിൽ തന്നെ നികാത്താനാകാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Recent Articles

Related Articles

Special

Enable Notifications OK No thanks