ബംഗാളിയിൽ നിന്ന് നന്തി മൂവീസ് മലയാളത്തിലേക്ക്

Follow the FOURTH PILLAR LIVE channel on WhatsApp 

ബംഗാളി സിനിമാ മേഖലയിൽ സാന്നിധ്യമറിയിച്ച നിർമാണസ്ഥാപനമായ നന്തി മൂവീസ് മലയാളത്തിലേക്ക് എത്തുന്നു. നിർമാതാവ് പ്രദീപ് കുമാർ നന്തിയുടെ നേതൃത്വത്തിലുള്ള നന്തി മൂവീസ്, എ2വി നെറ്റ്‌വർക്ക്സ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവരുമായി ചേർന്നാണ് ആദ്യ മലയാളചിത്രം ഒരുക്കുന്നത്.

നവാഗതനായ സൂരജ് സോമചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം ഹൊറർ വിഭാഗത്തിലാണ് ഒരുങ്ങുന്നത്. പ്രദീപ് കുമാർ നന്തി, നിതിൻ കുമാർ, അലോക് കുമാർ, സുജിത് ജെ.നായർ എന്നിവർ ചേർന്നാണ് നിർമാണം. ചിത്രത്തിന്റെ പേര്, താരനിര, കഥ, മറ്റ് അണിയറപ്രവർത്തകർ എന്നിവ സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗിക പ്രഖ്യാപനത്തിലൂടെ പിന്നീട് പുറത്തുവിടും.

ഗാർമെന്റ് നിർമാണരംഗത്തെ സംരംഭകത്വത്തിൽനിന്നാണ് പ്രദീപ് കുമാർ നന്തി സിനിമാനിർമാണത്തിലേക്ക് കടന്നത്. വ്യത്യസ്തമായ കഥകളും പ്രേക്ഷകരുമായി ആഴത്തിൽ സംവദിക്കുന്ന സിനിമകളും ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നന്തി മൂവീസിന്റെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

മലയാളത്തിലെ നിർമാണ-വിതരണ രംഗത്ത് സജീവമായ ഡ്രീം ബിഗ് ഫിലിംസിന്റെ സഹകരണവും പുതിയ ചിത്രത്തിന്റെ പ്രത്യേകതയാണ്. നന്തി മൂവീസിന്റെ മലയാളത്തിലേക്കുള്ള പ്രവേശനത്തോടൊപ്പം പുതിയൊരു നിർമാണ കൂട്ടുകെട്ടിനും ഇതോടെ തുടക്കമാകും.

‘ഭാഗ്യോലോക്കി’, ‘റന്ന ബാത്തി’, ‘മാഡം സെൻഗുപ്ത’, ‘ബിബി പായ്റ’, ‘ഫെരാ’, ‘കേ ബോലെ ബിപ്ലോബി, കേ ബോലെ ഡാക്കത്’ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് നന്തി മൂവീസ് ബംഗാളി സിനിമയിൽ ശ്രദ്ധ നേടിയത്.

ഹൊറർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം പ്രദീപ് കുമാർ നന്തിയുടെ മലയാള സിനിമയിലെ ആദ്യ നിർമാണ സംരംഭവുമാണ്. കൂടുതൽ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നാണ് നിർമാതാക്കൾ അറിയിച്ചത്.

COMMENT

Recent Articles

Related Articles

Special