3 തലമുറകളുടെ ബന്ധകഥയുമായി ‘തലയണ’; സിനി സ്‌കറിയയുടെ ചിത്രം പൂർത്തിയാകുന്നു

Follow the FOURTH PILLAR LIVE channel on WhatsApp 

കുടുംബബന്ധങ്ങളിലെ സ്നേഹവും ആത്മബന്ധവും സ്വാർഥതയും നഷ്ടപ്പെട്ടുപോകുന്ന മൂല്യങ്ങളും പ്രമേയമാക്കി സിനി സ്‌കറിയ ഒരുക്കുന്ന ‘തലയണ’യുടെ നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ. കുട്ടനാടിന്റെ പശ്ചാത്തലത്തിൽ 3 തലമുറകളുടെ ജീവിതത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്.

ഷോർട്ട് ഫിലിമുകളിലും ടെലിഫിലിമുകളിലും പ്രവർത്തിച്ച പരിചയവുമായി മുഖ്യധാരാ സിനിമയിലേക്കെത്തുന്ന സിനി സ്‌കറിയ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. ആലപ്പി ടാക്കീസിന്റെ ബാനറിലാണ് നിർമാണം.

ഒരു കുടുംബത്തിലെ 3 തലമുറകൾ തമ്മിലുള്ള ആത്മബന്ധങ്ങളും സ്നേഹവും കാലത്തിനൊപ്പം മാറുന്ന ജീവിതമൂല്യങ്ങളും സ്വാർഥമോഹങ്ങളും ചേർത്താണ് കഥ വികസിക്കുന്നത്. കുടുംബജീവിതത്തിന്റെ വിവിധ ഘട്ടങ്ങളെ വൈകാരികമായി അവതരിപ്പിക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് അണിയറപ്രവർത്തകർ പറയുന്നു.

പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവരിൽ ഭൂരിഭാഗവും സിനിമയിൽ പുതുമുഖങ്ങളാണെങ്കിലും വിവിധ കലാരംഗങ്ങളിൽ സജീവമായവരാണ്. ‘മറിമായം’ പരമ്പരയിലൂടെ ശ്രദ്ധേയനായ ഹരിപ്പാട് ബ്രഹ്മൻ, ‘പ്രണയ വിലാസം’ പരമ്പരയിലൂടെ പരിചിതയായ ദുർഗ ഹരിപ്പാട്, ടെലിഫിലിമുകളിലും പരസ്യചിത്രങ്ങളിലും അഭിനയിച്ച പൊന്നു കോട്ടയം എന്നിവരാണ് പ്രധാന വേഷങ്ങളിൽ.

സുനിൽ സി.പി., ശശി പള്ളാത്തുരുത്തി, പ്രണവം ഉണ്ണികൃഷ്ണൻ, റിസ മരിയ സിറിൾ, ജനീഷ് കുട്ടനാട്, ആന്റണി ആപ്പിച്ചേരി, ആലപ്പി ജോൺസൺ, അനിൽ വിളവനാൽ, ബിജു മാങ്ങാട്, മെറിൻ ഫോർട്ട് കൊച്ചി, ജയിംസ് കിടങ്ങറ, രതീഷ് ശശിധരൻ, മാണിക്യൻ, മനോഹരൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

വി.ജി.റുഡോൾഫാണ് സംഗീതസംവിധാനം. സിറിൾ ജോർജ് ഛായാഗ്രഹണവും ചിത്രസംയോജനവും നിർവഹിക്കുന്നു. ജനീഷ് കെ.ടി.ഡിയാണ് പ്രൊഡക്ഷൻ കൺട്രോളർ. പി.ആർ.ഒ. വാഴൂർ ജോസ്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ഉൾപ്പെടെയുള്ള അവസാനഘട്ട ജോലികൾ പുരോഗമിക്കുകയാണ്.

COMMENT

Recent Articles

Related Articles

Special