‘17 മൊബൈൽ കൺട്രോൾ… ബ്രാവോ 17 ആൻസറിങ്’; സൈജു കുറുപ്പിന്റെ ‘ആരം’ ടീസർ

Follow the FOURTH PILLAR LIVE channel on WhatsApp 

“17 മൊബൈൽ കൺട്രോൾ… ബ്രാവോ 17 ആൻസറിങ്… വേസ്റ്റ് ഡമ്പ് യാർഡിനോട് ചേർന്ന് തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ ഒരു മൃതദേഹം കണ്ടെത്തിയിട്ടുണ്ട്…” — ഒരു കുറ്റകൃത്യവും അതിനെ ചുറ്റിപ്പറ്റിയുള്ള പൊലീസ് അന്വേഷണവും സൂചിപ്പിക്കുന്ന സംഭാഷണങ്ങളുമായി ‘ആരം’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.

രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രം അന്വേഷണാത്മക ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബറിൽ തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് ടീസർ പുറത്തുവിട്ടത്.

“നമുക്കു പണിയാകുമല്ലോ സാറേ…”, “അതിന്റെ ഇടയിൽ പോയി ചാടിയോ?”, “കൂടിവന്നാൽ ഒരു സസ്പെൻഷൻ… അതിൽ കൂടുതൽ ഒന്നുമില്ലല്ലോ?” തുടങ്ങിയ സംഭാഷണങ്ങളും ടീസറിൽ ഇടംപിടിച്ചിട്ടുണ്ട്. കുറ്റാന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളും പൊലീസിനകത്തെ സമ്മർദങ്ങളും ചിത്രം പ്രമേയമാക്കുന്നുവെന്ന സൂചനയാണ് ടീസർ നൽകുന്നത്.

കോഴിക്കോടിനെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രം വൈകാരികതയ്ക്കും അന്വേഷണത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന ത്രില്ലറായിരിക്കുമെന്ന് സംവിധായകൻ രജീഷ് പരമേശ്വരൻ പറഞ്ഞു.

സൈജു കുറുപ്പാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ സി.ഐ. ആന്റോയെ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ മുൻ കഥാപാത്രങ്ങളിൽനിന്ന് വ്യത്യസ്തമായി ഗൗരവമുള്ള പൊലീസ് വേഷമാണിതെന്ന് അണിയറപ്രവർത്തകർ പറയുന്നു. നീതിനിർവഹണത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത പൊലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക ജീവിതത്തിൽ ഉണ്ടാകുന്ന സംഘർഷങ്ങളും അതിന്റെ വ്യക്തിജീവിതത്തിലേക്കുള്ള പ്രതിഫലനവുമാണ് കഥയുടെ കേന്ദ്രം.

ഗുഡ് ഹോപ്പ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ.ജുനൈസ് ബാബുവാണ് ചിത്രം നിർമിക്കുന്നത്. അഞ്ജു കുര്യൻ, സിദ്ദിഖ്, സുധീഷ്, മീര വാസുദേവ്, അഷ്കർ അലി, ഷഹീൻ സിദ്ദിഖ്, ദിനേശ് പ്രഭാകർ, മനോജ് കെ.യു., ജയരാജ് വാര്യർ, അപ്പുണ്ണി ശശി, ഉണ്ണി ലാലു, ഗോകുലൻ, സുരതി സന്തോഷ്, രമാദേവി, മാസ്റ്റർ ആദം എറിക് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

സുഗീത് സംവിധാനം ചെയ്ത ‘കിനാവള്ളി’യുടെ തിരക്കഥാകൃത്തായ വിഷ്ണു രാമചന്ദ്രനാണ് ‘ആരം’ രചിച്ചിരിക്കുന്നത്. കൈതപ്രം, ജിസ് ജോയ്, ജോ പോൾ എന്നിവരാണ് ഗാനരചന. രോഹിത് ഗോപാലകൃഷ്ണനാണ് സംഗീതം. ജേക്സ് ബിജോയിയുടെ പ്രധാന സഹായിയായി പ്രവർത്തിച്ചിരുന്ന രോഹിത് ഈ ചിത്രത്തിലൂടെ സ്വതന്ത്ര സംഗീതസംവിധായകനാകുന്നു.

ബാബു പിള്ളയാണ് പ്രൊഡക്ഷൻ ഡിസൈനർ. സുജിത് മട്ടന്നൂർ വസ്ത്രാലങ്കാരവും കിരൺ മനോജ് മേക്കപ്പും നിർവഹിക്കുന്നു. സിബി ചീരനാണ് സ്റ്റിൽസ്. ഷിബിൻ കൃഷ്ണ ചീഫ് അസോസിയേറ്റ് ഡയറക്ടറും റോബിൻ ടോം സൗണ്ട് ഡിസൈനറുമാണ്. ശ്രീജിത്ത് ഡാൻസ് സിറ്റിയാണ് നൃത്തസംവിധാനം.

സിജോ ഡൊമിനിക്ക് ഫിനാൻസ് കൺട്രോളറും മാമി ജോ ഡിസൈനറുമാണ്. മാംഗോ സ്പേസ് ഡിജിറ്റൽ മാർക്കറ്റിങ്ങും ബ്രിങ് ഫോർത്ത് മാർക്കറ്റിങ്-പരസ്യപ്രവർത്തനങ്ങളും കൈകാര്യം ചെയ്യുന്നു. വാഴൂർ ജോസാണ് പി.ആർ.ഒ. മെഹ്മൂദ് കാലിക്കട്ട് പ്രൊഡക്ഷൻ മാനേജറും ഷാജി കൊല്ലം പ്രൊഡക്ഷൻ എക്സിക്യൂട്ടീവും നികേഷ് നാരായണൻ പ്രൊഡക്ഷൻ കൺട്രോളറുമാണ്.

ഗുഡ് ഫെല്ലാസ് റിലീസും റോവൻ എന്റർടെയ്ൻമെന്റും ചേർന്ന് ‘ആരം’ സെപ്റ്റംബറിൽ തിയേറ്ററുകളിലെത്തിക്കും.

COMMENT

Recent Articles

Related Articles

Special