Follow the FOURTH PILLAR LIVE channel on WhatsApp
ദേശീയ പുരസ്കാര ജേതാവ് സജീവ് പാഴൂർ രചനയും സംവിധാനവും നിർവഹിക്കുന്ന തമിഴ് ചിത്രം ‘എന്ന വിലൈ’യുടെ ട്രെയിലർ പുറത്തിറങ്ങി. നിമിഷ സജയനും കരുണാസും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ട്രെയിലർ പ്രശസ്ത തമിഴ് സംവിധായകൻ വെട്രിമാരനാണ് റിലീസ് ചെയ്തത്. സെപ്റ്റംബർ 17ന് ആഗോള റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.
രാമേശ്വരത്തിന്റെ പശ്ചാത്തലത്തിൽ കുടുംബബന്ധങ്ങളും വ്യക്തിജീവിതത്തിലെ സംഘർഷങ്ങളും സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളും കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. വൈകാരിക രംഗങ്ങൾക്കൊപ്പം ത്രില്ലർ സ്വഭാവമുള്ള മുഹൂർത്തങ്ങളും ദൃശ്യങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്.
‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരവും കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയ സജീവ് പാഴൂരിന്റെ സംവിധാന സംരംഭമാണ് ‘എന്ന വിലൈ’. കലാമയ സിനിവേഴ്സ്, റോമിയോ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ജിതേഷ് വി., അനുഗോപാൽ വേണുഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
നിമിഷ സജയനും കരുണാസും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് കഥയുടെ പ്രധാന ചാലകം. കുടുംബകഥയായി തുടങ്ങുന്ന ആഖ്യാനം പിന്നീട് സാമൂഹികവും രാഷ്ട്രീയവുമായ സങ്കീർണതകളിലേക്ക് നീങ്ങുന്നതായാണ് ട്രെയിലർ വ്യക്തമാക്കുന്നത്.
സോഷ്യോ-പൊളിറ്റിക്കൽ ത്രില്ലറിന്റെ ഘടകങ്ങൾ കുടുംബകഥയുമായി ചേർത്തൊരുക്കിയ ചിത്രത്തിന് 16ാമത് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ലഭിച്ചിരുന്നു. നേരത്തെ പുറത്തിറങ്ങിയ ‘കടലാടും സീമയിലേ’ എന്ന ഗാനവും ശ്രദ്ധ നേടിയിരുന്നു. സാം സി.എസ്. സംഗീതം നൽകിയ ചിത്രത്തിലെ ഗാനങ്ങളുടെ ഓഡിയോ അവകാശം ജി.വി. പ്രകാശ് കുമാറിന്റെ മ്യൂസിക് ലേബലിനാണ്.
രാമേശ്വരം, ചെന്നൈ, പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളിലെ 56 ലൊക്കേഷനുകളിലായി 3 ഷെഡ്യൂളുകളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
നിമിഷ സജയൻ, കരുണാസ് എന്നിവർക്കൊപ്പം വൈ.ജി.മഹേന്ദ്രൻ, പൂർണിമ ഭാഗ്യരാജ്, മൊട്ട രാജേന്ദ്രൻ, വിജയലക്ഷ്മി, ഷാഷ, പ്രവീണ, കമലേഷ്, ഗോലി സോഡ പാണ്ഡി, ജെ.എസ്.കവി, മോഹൻ റാം, നിഴൽഗൾ രവി, വിവിയാന, ചേതൻ കുമാർ, കവിതാലയ കൃഷ്ണ, ടി.എസ്.ആർ.ശ്രീനിവാസ്, ലോള്ളൂ സഭ സ്വാമിനാഥൻ, കൊട്ടച്ചി, ദീപ ശങ്കർ, ചിത്ത ദർശൻ, കവി നക്കലിറ്റീസ്, കെ.പി.വൈ.കോദണ്ഡം, പശുപതി രാജ്, സൂപ്പർ ഗുഡ് സുബ്രമണി എന്നിവരും അഭിനയിക്കുന്നു.
ആൽബി ആന്റണിയാണ് ഛായാഗ്രഹണം. സാം സി.എസ്. സംഗീതവും ശ്രീജിത്ത് സാരംഗ് ചിത്രസംയോജനവും നിർവഹിക്കുന്നു. കെ.ശിവകൃഷ്ണ കലാസംവിധാനവും പി.സി. സ്റ്റണ്ട്സ് സംഘട്ടനസംവിധാനവും നിർവഹിക്കുന്നു. രതീഷ് കോ-ഡയറക്ടറാണ്. ആർ. മുരുഗാനന്ദം വസ്ത്രാലങ്കാരവും വി.ദിനേഷ് കുമാർ മേക്കപ്പും കൈകാര്യം ചെയ്യുന്നു. സൽമാൻ കെ.എം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും എം.ശിവകുമാർ പ്രൊഡക്ഷൻ കൺട്രോളറുമാണ്.
തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും. കേരളത്തിൽ ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ‘എന്ന വിലൈ’ തിയേറ്ററുകളിലെത്തിക്കുന്നത്.






























