Follow the FOURTH PILLAR LIVE channel on WhatsApp
സൈജു കുറുപ്പ് പ്രൈവറ്റ് ഡിറ്റക്ടീവായി എത്തുന്ന പുതിയ കോമഡി ത്രില്ലർ ചിത്രത്തിന് തുടക്കമായി. സാഗർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം അരുൺ ഗോപി കമ്പനിയുടെ ബാനറിൽ അരുൺ ഗോപി നിർമിക്കുന്നു. കമ്പനിയുടെ രണ്ടാമത്തെ നിർമാണ സംരംഭമാണിത്.
കൊച്ചി ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രത്തിൽ നടന്ന പൂജാചടങ്ങോടെയാണ് ചിത്രീകരണം ആരംഭിച്ചത്. ഖാലിദ് നാലകത്ത്, ചിത്രത്തിലെ അഭിനേതാക്കൾ, അണിയറപ്രവർത്തകർ തുടങ്ങിയവർ ചേർന്ന് ഭദ്രദീപം തെളിച്ചു. നിർമാതാവ് ആന്റണി പെരുമ്പാവൂർ സ്വിച്ചോൺ നിർവഹിച്ചു. നിതേഷ് നായർ ആദ്യ ക്ലാപ്പ് നൽകി.
ചാണ്ടിക്കുഞ്ഞ് എന്ന പ്രൈവറ്റ് ഡിറ്റക്ടീവായാണ് സൈജു കുറുപ്പ് ചിത്രത്തിലെത്തുന്നത്. ചാണ്ടിക്കുഞ്ഞ് ഒരു കേസ് ഏറ്റെടുക്കുന്നതും അതിനെ തുടർന്ന് നടത്തുന്ന അന്വേഷണവുമാണ് മുഴുനീള നർമത്തിന്റെയും ത്രില്ലറിന്റെയും പശ്ചാത്തലത്തിൽ ചിത്രം പറയുന്നത്. സൈജു കുറുപ്പിന്റെ മുൻ കഥാപാത്രങ്ങളിൽനിന്ന് വ്യത്യസ്തമായ വേഷമായിരിക്കും ഇതെന്ന് അണിയറപ്രവർത്തകർ പറയുന്നു.
ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സായികുമാർ, അൽത്താഫ് സലിം, ഹരിശ്രീ അശോകൻ, സുധീഷ്, അഭിറാം രാധാകൃഷ്ണൻ, മധുപാൽ, സംഗീതസംവിധായകൻ ഷാൻ റഹ്മാൻ, ജയകൃഷ്ണൻ, രാജേഷ് ശർമ, ഷാജു ശ്രീധർ, അഖിൽ, ഷമീർ ഖാൻ, റിയ ജിത്തു, വിൻസി അലോഷ്യസ്, ആൽഫി പഞ്ഞിക്കാരൻ, ഉത്തര ഉണ്ണി, ശ്രീരേഖ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
സനൽ ദേവാണ് സംഗീതസംവിധാനം. സനീഷ് സ്റ്റാൻലി ഛായാഗ്രഹണവും രതീഷ് രാജ് ചിത്രസംയോജനവും നിർവഹിക്കുന്നു. ജീമോനാണ് കലാസംവിധാനം. സ്വെതിൻ മേക്കപ്പും അരുൺ മനോഹർ വസ്ത്രാലങ്കാരവും കൈകാര്യം ചെയ്യുന്നു.
അരുൺലാൽ ചീഫ് അസോസിയേറ്റ് ഡയറക്ടറാണ്. രാംദാസ് മാത്തൂർ സ്റ്റിൽസും വിവേക് പ്രൊഡക്ഷൻ മാനേജ്മെന്റും നിർവഹിക്കുന്നു. വിനോദ് വേണുഗോപാൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവും ഷഹാബ് വെണ്ണല പ്രൊഡക്ഷൻ കൺട്രോളറുമാണ്. പി.ആർ.ഒ. വാഴൂർ ജോസ്.
അരുൺ ഗോപി കമ്പനിയുടെ ആദ്യ നിർമാണമായ ‘മെൽ കൗ പോണ്ടിച്ചേരി’ നിർമാണത്തിന്റെ അവസാനഘട്ടത്തിലാണ്. പുതിയ ചിത്രത്തിന്റെ പ്രധാന ചിത്രീകരണം കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായി പൂർത്തിയാക്കും.





























