‘ഓപ്പറേഷൻ ത്രാൾ’ ചിത്രീകരണം പൂർത്തിയായി

Follow the FOURTH PILLAR LIVE channel on WhatsApp 

ജയസൂര്യയെ നായകനാക്കി സംഗീതസംവിധായകൻ രതീഷ് വേഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഓപ്പറേഷൻ ത്രാൾ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. 5 ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായാണ് ചിത്രം ഒരുക്കുന്നത്. ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് നിർമാണം.

രതീഷ് വേഗ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നേരത്തെ ‘തൃശൂർ പൂരം’ എന്ന ചിത്രത്തിന് അദ്ദേഹം തിരക്കഥ എഴുതിയിരുന്നു.

ജമ്മു-കശ്മീരിലെ ത്രാൾ മേഖലയെ പശ്ചാത്തലമാക്കിയാണ് കഥ വികസിക്കുന്നത്. ഇന്ത്യൻ സൈന്യവും ഭീകരസംഘങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകളും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണങ്ങളും ചിത്രത്തിന്റെ പ്രമേയത്തിൽ നിർണായകമാണ്. കശ്മീരിൽ നടന്ന കോൺവോയ് ആക്രമണവും തുടർന്നുണ്ടാകുന്ന അന്വേഷണങ്ങളുമാണ് കഥയുടെ പ്രധാന പശ്ചാത്തലമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി ഉദ്യോഗസ്ഥനായ ഹർഷവർധൻ എന്ന കേന്ദ്രകഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. തന്റെ അഭിനയജീവിതത്തിലെ ഏറെ ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ ചിത്രമാണ് ‘ഓപ്പറേഷൻ ത്രാൾ’ എന്ന് ജയസൂര്യ പറഞ്ഞു. ദേശീയ സുരക്ഷയെ ആസ്പദമാക്കിയ ചിത്രത്തിൽ ഹൈ-ഒക്ടേൻ ആക്ഷൻ രംഗങ്ങളുണ്ടെന്നും വിശാലമായ ക്യാൻവാസിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിലെ സന്ദേശം രാജ്യത്തെ വിവിധ ഭാഷകളിലുള്ള പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് പ്രതീക്ഷയെന്നും ജയസൂര്യ കൂട്ടിച്ചേർത്തു.

സായികുമാർ, സിദ്ദിഖ്, ആൻസൺ പോൾ, നന്ദു എന്നിവർക്കൊപ്പം റിതിക സിങ്, വിനയ് റായ്, അമൈറ ദസ്തൂർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളത്തിലെയും ഇതര ഭാഷകളിലെയും നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

രതീഷ് വേഗ തന്നെയാണ് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത്. നജോസ് ഛായാഗ്രഹണവും ഷഫീഖ് വി.ബി. എഡിറ്റിങ്ങും നിർവഹിക്കുന്നു. സജീഷ് താമരശ്ശേരി പ്രൊഡക്ഷൻ ഡിസൈനറും സുനീഷ് സോദരൻ കലാസംവിധായകനുമാണ്. റോണക്സ് സേവ്യർ മേക്കപ്പും സമീറ സനീഷ്, സരിത ജയസൂര്യ എന്നിവർ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു.

ഉല്ലാസ് കൃഷ്ണയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. സുനിമോൾ ജോബി കോ-പ്രൊഡ്യൂസറും നോബിൾ ജേക്കബ് പ്രോജക്ട് ഡിസൈനറുമാണ്. എം.ആർ.രാജകൃഷ്ണൻ സൗണ്ട് മിക്സിങ്ങും വിക്കി (റെസൊണൻസ് ഓഡിയോസ്) സൗണ്ട് ഡിസൈനും നിർവഹിക്കുന്നു. ജാൻ ജോസഫ് ജോർജാണ് സ്റ്റിൽ ഫോട്ടോഗ്രഫി. ടെൻപോയിന്റ് മീഡിയ പബ്ലിസിറ്റി ഡിസൈനും ഇക്ബാൽ പാനായിക്കുളം പ്രൊഡക്ഷൻ കൺട്രോളിങ്ങും നിർവഹിക്കുന്നു. പബ്ലിക് റിലേഷൻസ്: വാഴൂർ ജോസ്, ആതിര ദിൽജിത്ത്. മാർക്കറ്റിങ്: സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ ഡോ. സംഗീത ജനചന്ദ്രൻ.

പാലക്കാട്, കൊടൈക്കനാൽ, ജമ്മു-കശ്മീർ, കുളു-മണാലി എന്നിവിടങ്ങളിലായി നൂറുദിവസത്തോളം നീണ്ട ചിത്രീകരണമാണ് പൂർത്തിയായത്.

COMMENT

Recent Articles

Related Articles

Special