Follow the FOURTH PILLAR LIVE channel on WhatsApp
നിയമസഭയിൽ തിങ്കളാഴ്ച ബജറ്റ് ചർച്ച തുടങ്ങുകയാണ്. ഒരു ബജറ്റിനെ വിലയിരുത്തുന്നത് അതിൽ പ്രഖ്യാപിച്ച പദ്ധതികളുടെ എണ്ണം നോക്കിയല്ല, മറിച്ച് അതിൻ്റെ വികസന ദിശയും സാമ്പത്തിക മുൻഗണനകളും നോക്കിയാണ്. ആ മാനദണ്ഡത്തിൽ പരിശോധിക്കുമ്പോൾ മുഖ്യമന്ത്രി വി.ഡി.സതീശൻ്റെ ആദ്യ ബജറ്റ് കേരളത്തിൻ്റെ വികസന അജണ്ടയിൽ നിന്ന് ഗണ്യമായ പിൻവാങ്ങലാണ് രേഖപ്പെടുത്തുന്നത്. മുൻ ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ച അവസാന ബജറ്റിൽ കേരളത്തിൻ്റെ അടുത്ത പതിറ്റാണ്ടിനെ ലക്ഷ്യമിട്ടുകൊണ്ട് പ്രഖ്യാപിച്ച നിരവധി അടിസ്ഥാനസൗകര്യ, വ്യവസായ, ശാസ്ത്ര-സാങ്കേതിക പദ്ധതികൾ പുതിയ ബജറ്റിൽ പരാമർശം പോലും നേടാതെ പോയി.
വെറുതെ പറയുന്നതല്ല, കണക്കുകൾ തന്നെയാണ് തെളിവ്. ബജറ്റ് വലിപ്പം 2,39,907 കോടി രൂപയിൽ നിന്ന് 2,27,567 കോടി രൂപയായി കുറഞ്ഞു. വികസന ചെലവ് 1,08,744 കോടി രൂപയിൽ നിന്ന് 1,00,162 കോടി രൂപയായി 8,582 കോടി രൂപ ഇടിഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വികസന വിഹിതം 1,534 കോടി രൂപ കുറഞ്ഞു. അതേസമയം വായ്പ 986 കോടി രൂപ വർധിക്കുകയും ചെയ്തു. കൂടുതൽ വായ്പയും കുറവ് വികസനച്ചെലവും എന്ന വൈരുദ്ധ്യമാണ് ബജറ്റിൻ്റെ അടിസ്ഥാന സ്വഭാവം.

എം.സി. റോഡ് വികസനം: 5,217 കോടിയുടെ ഫ്ലാഗ്ഷിപ്പ് പദ്ധതി എവിടെ?
ബാലഗോപാൽ അവതരിപ്പിച്ച അവസാന ബജറ്റിലെ ഏറ്റവും വലിയ വികസന പ്രഖ്യാപനങ്ങളിലൊന്നായിരുന്നു 5,217 കോടി രൂപയുടെ എം.സി. റോഡ് വികസന പദ്ധതി. തെക്കൻ കേരളത്തിൽ നിന്ന് മധ്യകേരളം വരെ വ്യാപിക്കുന്ന ഈ റോഡ് സംസ്ഥാനത്തിൻ്റെ സാമ്പത്തിക അച്ചുതണ്ടുകളിലൊന്നായി മാറുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ പുതിയ ബജറ്റിൽ പദ്ധതിയെക്കുറിച്ച് ഒരു സൂചന പോലും ഇല്ല. ദേശീയപാത വികസനത്തിന് സമാനമായ രീതിയിൽ സംസ്ഥാനത്തിനകത്തെ ഗതാഗത-വ്യാപാര ശൃംഖല മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട പദ്ധതി ബജറ്റിൽ നിന്ന് അപ്രത്യക്ഷമായത് വികസന മുൻഗണനയിലെ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്.
വിഴിഞ്ഞം ഗ്രോത്ത് കോറിഡോർ: 1,000 കോടിയിൽ നിന്ന് 400 കോടിയുടെ ‘വിഷൻ സമുദ്ര’യിലേക്ക്
കേരളത്തിൻ്റെ ഭാവി വളർച്ചയുടെ എൻജിനായി വിശേഷിപ്പിക്കപ്പെടുന്ന വിഴിഞ്ഞം തുറമുഖത്തെ കേന്ദ്രീകരിച്ച് കൊല്ലം–പുനലൂർ വളർച്ചാ മുനമ്പിനായി കിഫ്ബി വഴി 1,000 കോടി രൂപ മാറ്റിവെച്ചിരുന്നു. തുറമുഖാധിഷ്ഠിത വ്യവസായം, ലോജിസ്റ്റിക്സ്, കയറ്റുമതി മേഖലകൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു പദ്ധതി. എന്നാൽ പുതിയ ബജറ്റിൽ ‘വിഷൻ സമുദ്ര’ എന്ന പേരിൽ ആകെ 400 കോടി രൂപ മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തീരദേശ വികസനത്തിൻ്റെ വ്യാപ്തി കണക്കിലെടുക്കുമ്പോൾ ഈ തുക കൊണ്ട് അടിസ്ഥാന സൗകര്യ വികസനം പോലും സാധ്യമാകുമോയെന്ന ചോദ്യം ഉയരുന്നു.
ഐ.ടി. മേഖലയെ മറന്ന ബജറ്റ്?
ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക് തുടങ്ങിയ ഐ.ടി. കേന്ദ്രങ്ങളാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ കേരളത്തിൻ്റെ ഏറ്റവും വലിയ തൊഴിൽ സൃഷ്ടി മേഖല. എന്നാൽ പുതിയ ബജറ്റിൽ ടെക്നോപാർക്ക്, ഇൻഫോപാർക്ക് എന്നീ വാക്കുകൾ പോലും പ്രത്യക്ഷപ്പെടുന്നില്ലെന്നത് ശ്രദ്ധേയമാണ്. കൊച്ചി ഇൻഫോപാർക്കിൻ്റെ മൂന്നാംഘട്ട വികസനത്തിനായി 300 ഏക്കർ ഭൂമി ഏറ്റെടുക്കുമെന്ന മുൻ ബജറ്റ് പ്രഖ്യാപനവും പുതിയ രേഖയിൽ കാണാനില്ല.
ഹൈടെക് ഇൻഡസ്ട്രിയൽ കോറിഡോർ: ഒരു വാചകം പോലും ഇല്ല
കൊച്ചി–പാലക്കാട് ഹൈടെക് ഇൻഡസ്ട്രിയൽ കോറിഡോർ സംസ്ഥാന വ്യവസായവൽക്കരണത്തിൻ്റെ കേന്ദ്രപദ്ധതികളിലൊന്നായി അവതരിപ്പിക്കപ്പെട്ടിരുന്നു. ദേശീയ വ്യവസായ ഇടനാഴികളുമായി ബന്ധിപ്പിക്കപ്പെടുന്ന ഈ പദ്ധതി കേരളത്തിൻ്റെ നിർമ്മാണമേഖലയെ പുതിയ തലത്തിലേക്ക് ഉയർത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ പുതിയ ബജറ്റിൽ ഇതിനെക്കുറിച്ച് ഒരു വാചകം പോലും ഇല്ല.
ഡിജിറ്റൽ കേരളത്തിൻ്റെ സ്വപ്നങ്ങൾക്ക് എന്തു സംഭവിച്ചു?
തിരുവനന്തപുരം ഡിജിറ്റൽ സയൻസ് പാർക്ക്, ഡിജിറ്റൽ യൂണിവേഴ്സിറ്റി, കേരള സ്റ്റാർട്ടപ്പ് മിഷൻ്റെ ഫാബ് ലാബ്, നവോത്ഥാന കേന്ദ്രങ്ങൾ എന്നിവയെക്കുറിച്ചും ബജറ്റ് മൗനം പാലിക്കുന്നു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഡീപ് ടെക്, ഡിജിറ്റൽ ഗവേഷണം തുടങ്ങിയ മേഖലകളിൽ കേരളത്തെ മുന്നിലെത്തിക്കുമെന്ന് അവകാശപ്പെട്ടിരുന്ന പദ്ധതികൾക്ക് തുടർസാമ്പത്തിക പ്രതിബദ്ധതയില്ലെന്ന ആശങ്കയാണ് ഉയരുന്നത്.
ഡിഫൻസ് കോറിഡോർ, ഗ്രാഫീൻ സെൻ്റർ, ഡ്രോൺ പാർക്ക്
കഴിഞ്ഞ ബജറ്റിൽ തുടക്കമായി 50 കോടി രൂപ വകയിരുത്തിയ ഡിഫൻസ് കോറിഡോർ പദ്ധതിക്ക് പുതിയ ബജറ്റിൽ പരാമർശമില്ല. തൃശ്ശൂരിൽ കേന്ദ്രസർക്കാരുമായി സഹകരിച്ച് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച ഗ്രാഫീൻ ഇന്നവേഷൻ സെൻ്ററിനും തുടർവിനിയോഗം പ്രഖ്യാപിച്ചിട്ടില്ല. കൊട്ടാരക്കരയിൽ സ്ഥാപിക്കുമെന്ന് പറഞ്ഞ ഡ്രോൺ റിസർച്ച് പാർക്കും സതീശൻ്റെ ബജറ്റിൽ നിന്ന് അപ്രത്യക്ഷമായി.
കണ്ണൂർ: ബജറ്റിൽ പേര് പോലും ഇല്ല
കണ്ണൂരിനോടുള്ള അവഗണന എടുത്തുപറയേണ്ടതാണ്. അതിന് രാഷ്ട്രീയ കാരണങ്ങൾ ന്യായമായും സംശയിക്കാം. മുൻ ബജറ്റുകളിൽ ഐ.ടി. പാർക്ക്, സയൻസ് പാർക്ക്, സ്പോർട്സ് ഹബ് തുടങ്ങിയ നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിരുന്നെങ്കിലും പുതിയ ബജറ്റിൽ ‘കണ്ണൂർ’ എന്ന പേര് പോലും കാര്യമായി പ്രത്യക്ഷപ്പെടുന്നില്ല.
ശാസ്ത്ര പാർക്കുകളും ഗവേഷണ നിക്ഷേപങ്ങളും
തിരുവനന്തപുരം, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിൽ കേരള ശാസ്ത്ര സാങ്കേതിക കൗൺസിലിൻ്റെ നേതൃത്വത്തിൽ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച ശാസ്ത്ര പാർക്കുകൾക്കും ബജറ്റിൽ തുടർപരിഗണന ലഭിച്ചിട്ടില്ല. വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിലേക്കുള്ള കേരളത്തിൻ്റെ യാത്രയ്ക്ക് ഇത്തരം പദ്ധതികൾ അനിവാര്യമാണെന്നത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്.
ശബരിമലയും കുട്ടനാടും
ശബരിമല മാസ്റ്റർ പ്ലാനിനായി മുൻ ബജറ്റിൽ 30 കോടി രൂപ വകയിരുത്തിയിരുന്നു. പുതിയ ബജറ്റിൽ അതിന് പ്രത്യേക തുക കണ്ടെത്തിയിട്ടില്ല. അതുപോലെ കേരളത്തിൻ്റെ നെല്ലറയായ കുട്ടനാടിനെയും പ്രത്യേക വികസന അജൻഡയോടെ ബജറ്റ് പരിഗണിച്ചിട്ടില്ല.
കിഫ്ബിക്ക് ശേഷം എന്ത്?
ബജറ്റിൻ്റെ ഏറ്റവും വലിയ മൗനം കിഫ്ബിയെക്കുറിച്ചാണ്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ കേരളത്തിലെ റോഡുകൾ, സ്കൂളുകൾ, ആശുപത്രികൾ, തുറമുഖ വികസനം, വിദ്യാഭ്യാസ അടിസ്ഥാനസൗകര്യങ്ങൾ എന്നിവയിൽ കിഫ്ബി വൻ നിക്ഷേപങ്ങൾ നടത്തിയിരുന്നു. ഇപ്പോൾ കിഫ്ബി പ്രായോഗികമായി അവസാനഘട്ടത്തിലെത്തുമ്പോൾ അതിന് പകരം വരാനിരിക്കുന്ന ധനസമാഹരണ മാതൃക എന്താണെന്ന് ബജറ്റ് പറയുന്നില്ല. ഇതോടെ വികസനത്തിൻ്റെ അടുത്ത ഘട്ടത്തെക്കുറിച്ചുള്ള അനിശ്ചിതത്വം വർധിക്കുന്നു.
നികുതി കുടിശ്ശിക: പഴയ വാദങ്ങളും പുതിയ തീരുമാനവും
നികുതി കുടിശ്ശിക പിരിച്ചെടുക്കാത്തതിനെതിരെ വർഷങ്ങളോളം ശക്തമായ വിമർശനം ഉന്നയിച്ചിരുന്ന യു.ഡി.എഫിൻ്റെ രാഷ്ട്രീയ നേതൃത്വം ഇപ്പോൾ വാറ്റ്, സെയിൽസ് ടാക്സ്, എ.ഐ.ടി., ലക്സറി ടാക്സ്, സി.എസ്.ടി., സർചാർജ് എന്നിവയിൽ രണ്ട് ലക്ഷം രൂപ വരെയുള്ള കുടിശ്ശികയും പിഴയും പലിശയും പൂർണമായും ഒഴിവാക്കുകയാണ്. 2017-18 വരെയുള്ള നികുതി നിർണയ കേസുകൾക്കും ഇളവ് നൽകുന്നു. തനത് വിഭവ സമാഹരണത്തെക്കുറിച്ച് വലിയ വാഗ്ദാനങ്ങൾ നൽകിയവർക്ക് ബജറ്റിൽ പുതിയ വരുമാന ഉറവിടങ്ങൾ കാര്യമായി കണ്ടെത്താനാകുന്നുമില്ല.
ആസൂത്രണത്തിൽ നിന്ന് മാനേജ്മെൻ്റിലേക്കോ?
കേരളത്തിൻ്റെ പ്രത്യേകതയായ വികസന ആസൂത്രണത്തിന് പകരം പദ്ധതികളില്ലാത്ത ഒരു ‘വിഷ് ലിസ്റ്റ്’ ബജറ്റാണ് അവതരിപ്പിക്കപ്പെട്ടതെന്നാണ് വിലയിരുത്താനാവുക. സംസ്ഥാന ആസൂത്രണ ബോർഡിൻ്റെ ഭാവി അനിശ്ചിതത്വത്തിലാക്കി, കിഫ്ബിക്ക് പകരം സംവിധാനം ഇല്ലാതെ, വികസന ചെലവ് കുറച്ച്, വലിയ അടിസ്ഥാനസൗകര്യ പദ്ധതികൾക്ക് തുടർച്ച നൽകാതെ മുന്നോട്ട് പോകുന്ന സമീപനം കേരളത്തിൻ്റെ വികസന മാതൃകയിൽ അടിസ്ഥാനപരമായ മാറ്റത്തിൻ്റെ സൂചനയാണോ എന്ന ചോദ്യമാണ് ബജറ്റ് ഉയർത്തുന്നത്.
ബജറ്റ് ചർച്ചകളിൽ പ്രതിപക്ഷം ഉയർത്തേണ്ട പ്രധാന ചോദ്യം ഇതായിരിക്കും: വികസനത്തിനായി പ്രഖ്യാപിച്ച പദ്ധതികൾ ഉപേക്ഷിച്ചാൽ കേരളത്തിൻ്റെ അടുത്ത പതിറ്റാണ്ടിൻ്റെ വളർച്ചാ എൻജിൻ എന്താണ്?
Discover more from Fourth Pillar
Subscribe to get the latest posts sent to your email.























