ഇന്ദിരാ ഗ്യാരൻ്റികൾ നടപ്പാകില്ലെന്ന് ഉറപ്പാക്കിയ ധവളപത്രം

Follow the FOURTH PILLAR LIVE channel on WhatsApp 

ഇന്ദിര ഗ്യാരൻ്റികൾ നടപ്പാക്കാൻ പോകുന്നില്ല, ഇത് ധവളപത്രത്തിൻ്റെ ഗ്യാരൻ്റി. ക്ഷേമപെൻഷൻ ഇനി വീട്ടിൽ എത്തുകയുമില്ല. ആധാറുമായി ബന്ധപ്പെടുത്തി ബാങ്ക്‌ വഴിയേ ലഭിക്കൂ. ക്ഷേമപദ്ധതികൾ പലതും അവതാളത്തിലാകും. കേരളത്തിലെ പശ്ചാത്തലസൗകര്യമേഖലയിലെ കുതിപ്പിന് കടിഞ്ഞാൺവീഴും. ശമ്പളപരിഷ്‌കരണം ഉണ്ടാകില്ല; പത്തുവർഷത്തിൽ ഒരിക്കൽ മതിയെന്നാണ് തീർപ്പ്. പെൻഷൻ പ്രായം ഉയർത്തും. പൊതുമേഖലാ സ്ഥാപനങ്ങൾ പലതിനും പൂട്ടുവീഴും. കേരളം വലിയൊരു തിരിച്ചുപോക്കിന് സാക്ഷ്യംവഹിക്കാൻ പോകുകയാണ്.

പ്രതിസന്ധിക്ക് പരിഹാരം

സാമ്പത്തികപ്രതിസന്ധിയുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. കേരളത്തിൽമാത്രമല്ല, ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും. കേരളത്തിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാണ്. അത് പരിഹരിച്ച് ഇന്ദിര ഗ്യാരൻ്റിയുംമറ്റും നടപ്പാക്കുന്നതിന് പണം കണ്ടെത്താൻ മുഖ്യമന്ത്രി വി ഡി സതീശൻ തെരഞ്ഞെടുപ്പുകാലത്ത് പറഞ്ഞ നിർദേശങ്ങളുണ്ട്: 25,000 കോടി രൂപയുടെ റവന്യു കുടിശ്ശിക പിരിച്ചെടുക്കും. ജിഎസ്ടിയുടെ കാര്യത്തിൽ സ്വർണത്തിൽനിന്നുമാത്രം 15,000 കോടി രൂപ പിരിക്കും. ഐജിഎസ്ടി ഇനത്തിൽ ഭീമമായ നികുതിചോർച്ചയാണ്. ആദ്യ അഞ്ചുവർഷത്തെ കണക്ക് 20,000-ത്തിലേറെ കോടി രൂപയാണ്. ഐജിഎസ്ടി ഫലപ്രദമായി പിരിക്കാൻ നടപടിയെടുക്കും. ധവളപത്രം മുഴുവൻ പരതിയാലും വരുമാനം വർധിപ്പിക്കാനുള്ള ഇത്തരം സൂത്രപ്പണികളെക്കുറിച്ച് പരാമർശമൊന്നുമില്ല. ‘മുന്നോട്ടുള്ള വഴി’ എന്ന അവസാന അധ്യായത്തിൽപ്പോലും ഇവയൊന്നും എത്ര പരതിയാലും കാണാനാകില്ല.

കേന്ദ്രത്തെ വെള്ളപൂശൽ

സംസ്ഥാനത്തിൻ്റെ റവന്യു വരുമാനത്തിൻ്റെ വർധന പോരാ എന്ന വിമർശം ശരിയാണ്. വിവിധയിനം റവന്യു വരുമാനങ്ങളെ സംസ്ഥാന ജിഡിപിയുമായി താരതമ്യപ്പെടുത്തി അവയുടെ തോത് കുറയുകയാണെന്ന് ധവളപത്രം സ്ഥാപിക്കുന്നുണ്ട്. ഇങ്ങനെയൊക്കെ ആയിരിക്കുമ്പോഴും നമ്മുടെ റവന്യു വരുമാനത്തിൽ കേന്ദ്രം തരുന്നത് എത്ര? നമ്മുടെ തനതുവരുമാനം എത്ര? എന്നതൊക്കെ പരിശോധിക്കേണ്ടതില്ലേ? അത് ചെയ്യുന്നില്ല. കഴിഞ്ഞവർഷം സംസ്ഥാനത്തിൻ്റെ മൊത്തം റവന്യു വരുമാനത്തിൻ്റെ 75 ശതമാനവും തനതുവരുമാനമായിരുന്നു. മൊത്തം റവന്യു വരുമാനത്തിൻ്റെ നാലിലൊന്നേ നമുക്ക് ലഭിക്കുന്ന കേന്ദ്രവിഹിതം വന്നുള്ളൂ. മറ്റ്‌ സംസ്ഥാനങ്ങളിൽ ഇത് ശരാശരി 50 ശതമാനത്തോളം വരും. ഈ കേന്ദ്രവിവേചനമാണ് സംസ്ഥാനത്തെ ധനപ്രതിസന്ധിയുടെ മൂലകാരണം.

അപര്യാപ്തമായ കേന്ദ്ര ധനസഹായത്തെക്കുറിച്ച് പരാമർശമുണ്ടെങ്കിലും അതൊരു മുഖ്യഘടകമായി കാണുന്നില്ല. നയപ്രഖ്യാപനത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് ഒരക്ഷരം ഉരിയാടാതിരുന്ന സമീപനത്തിൻ്റെ തുടർച്ചയാണിത്. ഫിനാൻസ് കമീഷനിൽനിന്ന്‌ അർഹമായ വിഹിതം ലഭിക്കുന്നില്ല. അത് അവാർഡാണ്, നമുക്ക് ഇനിയിപ്പോൾ തിരുത്തിക്കാനാകില്ലെന്നു പറയാം. പക്ഷേ, കേന്ദ്രസർക്കാരിൻ്റെ മറ്റു ഗ്രാൻ്റുകളും കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽനിന്നുള്ള വിഹിതവുമെല്ലാം എടുത്താൽ, മൊത്തം തുകയിൽ കേരളത്തിൻ്റെ വിഹിതം 1.9 ശതമാനംമാത്രമാണ്. സർവശിക്ഷാ അഭിയാൻ്റെ പണം പിടിച്ചുവയ്‌ക്കുന്നതിനെക്കുറിച്ച് ധവളപത്രത്തിൽ വിമർശമില്ല. മറ്റു പല ഗ്രാൻ്റുകളും കുടിശ്ശികയാക്കുന്നതിനെക്കുറിച്ചും വിമർശമില്ല. പ്രതിപക്ഷത്തായിരുന്നപ്പോഴും യുഡിഎഫ് കേന്ദ്രത്തിൻ്റെ വിവേചനത്തെ എതിർക്കാൻ തയ്യാറായിരുന്നില്ല. ഇനിയും ആ നയം തുടരുന്നത് ആത്മഹത്യാപരമായിരിക്കും.

സാമ്പത്തിക അച്ചടക്ക വിഭ്രാന്തി

കേന്ദ്ര നയവിമർശത്തിനുപകരം ധവളപത്രത്തിലെ മുഴുവൻ പരിശ്രമവും സാമ്പത്തിക അച്ചടക്കം നടപ്പാക്കുന്നതിനാണ്. റവന്യു കമ്മിയും ധനകമ്മിയും കുറയ്‌ക്കണം. കടബാധ്യതയുടെ തോത് കുറയ്‌ക്കണം. നിയമപരമായി അനുവദനീയമായ കൈവായ്‌പകൾ ആർബിഐയിൽനിന്ന് ട്രഷറി എടുക്കുന്നതുപോലും വലിയ ആപത്തായിട്ടാണ് കാണുന്നത്. മുൻവർഷങ്ങളിൽ ട്രഷറി റിസർവ് ബാങ്കിൽനിന്ന് ഓരോ വർഷവും എത്ര ദിവസം വെയ്സ് ആൻഡ്‌ മീൻസ് വായ്‌പകളിൽ ആയിരുന്നു? എത്ര മാസം അവസാനം ട്രഷറി ബാലൻസ് മൈനസ്‌ ആയിരുന്നു? എന്നുള്ളതെല്ലാം വളരെ വിശദമായി ധവളപത്രത്തിൽ പരിശോധിക്കുന്നുണ്ട്. അതൊക്കെ എന്തോ വലിയ അപകടത്തിൻ്റെ സൂചനകളായിട്ടാണ് വ്യാഖ്യാനിക്കുന്നത്. രൂക്ഷമായ സാമ്പത്തിക വൈഷമ്യം നിലനിൽക്കുമ്പോഴും പാവപ്പെട്ടവരുടെ പെൻഷനും ക്ഷേമാനുകൂല്യങ്ങളും വികസനപ്രവർത്തനങ്ങളും മുന്നോട്ടുകൊണ്ടുപോകാനുള്ള സർക്കാരിൻ്റെ പ്രതിബദ്ധതയായല്ല ഇവയെ വിലയിരുത്തുന്നത്; ഇല്ലായ്‌മ ചെയ്യേണ്ട വ്യതിയാനങ്ങളായിട്ടാണ്. ഇത്തരമൊരു നയംവച്ച് ഇന്ദിര ഗ്യാരൻ്റി പോയിട്ട് നിലവിലുള്ള ക്ഷേമ പെൻഷൻപോലും സമയബന്ധിതമായി നൽകാൻ കഴിയില്ലെന്ന് ഉറപ്പാണ്.

കഴിഞ്ഞ യു.ഡി.എഫ്. കാലം

പത്തുവർഷത്തെ കണക്കുകൾ പരിശോധിക്കുന്നുണ്ട്. എന്നാൽ, അതിനുമുമ്പുള്ള അഞ്ചുവർഷത്തെ കണക്കുകളെക്കുറിച്ചുകൂടി പറഞ്ഞിരുന്നെങ്കിൽ താരതമ്യമാകുമായിരുന്നു. പബ്ലിക് അക്കൗണ്ടിൻ്റെ കടം കണക്കിലെടുക്കാതെതന്നെ ജിഡിപിയുടെ 42 ശതമാനം കടബാധ്യത വരുമായിരുന്നു. അതിപ്പോൾ 33.22 ശതമാനമായി കുറഞ്ഞുവെന്ന് മനസ്സിലാക്കാമായിരുന്നു. തറപ്പിച്ചുതന്നെ പറയേണ്ടതുണ്ട് കേരളം കടക്കെണിയിൽ അല്ല. യുഡിഎഫ് ഭരണകാലത്തെ പെൻഷൻ കുടിശ്ശികകളും വിദ്യാഭ്യാസ -ആരോഗ്യ മേഖലകളിൽ മുടക്കിയ പണവുമെല്ലാം താരതമ്യപ്പെടുത്തിയിരുന്നെങ്കിൽ വസ്‌തുനിഷ്ഠമായ വിലയിരുത്തൽ ലഭിക്കുമായിരുന്നു. കേരളത്തിൻ്റെ ധനകാര്യ പ്രവണതകളെല്ലാം കഴിഞ്ഞ പത്തുവർഷംകൊണ്ട് രൂപംകൊണ്ടതാണെന്ന മട്ടിലാണ് വിമർശം.

കിഫ്ബിയുടെ കഥ തീരും

കിഫ്ബിയെ സർക്കാർ വകുപ്പിൻ്റെ ഭാഗമാക്കാൻ പോകുകയാണ്. അതോടെ അതിൻ്റെ കഥ തീരും. വളരെ ബാലിശമാണ് പല വിമർശങ്ങളുമെന്ന് പറയാതെ വയ്യ. കിഫ്ബിക്ക് നൽകുന്ന നികുതിവിഹിതം ഭരണഘടനാലംഘനമാണെന്ന വാദം ഉദാഹരണം. എല്ലാ സർക്കാർ ചെലവും കൺസോളിഡേറ്റഡ് ഫണ്ടിൽനിന്നേ പാടുള്ളൂവെന്നാണ് ഭരണഘടന. മോട്ടോർ വാഹന നികുതി ട്രഷറിയിൽ വന്നിട്ടാണ് കിഫ്ബിക്ക് പോകുന്നതെന്ന് ഇവർക്ക് അറിഞ്ഞുകൂടെന്ന് തോന്നുന്നു. കിഫ്ബി സിഇഒയെ സ്‌പെഷ്യൽ സെക്രട്ടറിയാക്കിയത് റൂൾസ് ഓഫ് ബിസിനസിന് എതിരാണുപോലും. ചട്ടത്തിൽ ആവശ്യമായ ഭേദഗതി വരുത്തിയത് അറിഞ്ഞുകൂടായെന്ന് തോന്നുന്നു. മാത്രമല്ല, ഹൈക്കോടതി ഇത് ശരിവച്ച കാര്യവും ധവളപത്രക്കാരുടെ ഓർമയിലില്ല.

കേന്ദ്ര– സംസ്ഥാന സർക്കാരുകൾ കിഫ്ബിപോലുള്ള പൊതുമേഖലാ ഏജൻസികൾവഴി വായ്‌പയെടുത്ത് നടപ്പാക്കുന്ന വികസനപ്രവർത്തനങ്ങൾ ബിജെപി സർക്കാരിൻ്റെ നാലാംവർഷംവരെ സംസ്ഥാനത്തിൻ്റെ വായ്‌പയായി കണക്കാക്കിയിരുന്നില്ല. കേന്ദ്രത്തിൻ്റെ ദേശീയപാത അതോറിറ്റിപോലുള്ള സ്ഥാപനങ്ങൾ വായ്‌പയെടുക്കുന്നത് കേന്ദ്രത്തിൻ്റെ വായ്‌പയിൽ ഇന്നും കൂട്ടുന്നില്ല. എന്നാൽ, കിഫ്ബി എടുക്കുന്ന വായ്‌പ സംസ്ഥാനത്തിൻ്റെ വായ്‌പയായി കണക്കാക്കിയിരിക്കുകയാണ് കേന്ദ്രം. ഇതോടെ കിഫ്ബിയുടെ പ്രസക്തി നഷ്‌ടപ്പെട്ടുവെന്നാണ് ധവളപത്രം പറയുന്നത്.

ഇതിൽ അത്ഭുതമില്ല. കാരണം സിഎജി പറയുന്നതിനുമുമ്പ് ഇക്കാര്യം മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ ഉന്നയിച്ചിട്ടുണ്ടെന്നാണ് അവകാശവാദം. പശ്ചാത്തലസൗകര്യ നിർമാണത്തിന് ആവശ്യമായ പണം ബജറ്റ് വഴി കണ്ടെത്താൻ കഴിയാത്തതുകൊണ്ടാണ് നമ്മൾ കിഫ്ബി ആവിഷ്‌കരിച്ചത്. സാധാരണഗതിയിൽ ബജറ്റ് വഴി ഇന്ന് കിഫ്ബി ഏറ്റെടുത്തിരിക്കുന്ന പദ്ധതികൾ നടപ്പാക്കുന്നതിന് കാൽനൂറ്റാണ്ട് വേണ്ടിവന്നേക്കാം. അവയൊക്കെ ഇന്നിപ്പോൾ നമ്മുടെ കൺമുന്നിൽ യാഥാർഥ്യമായി മാറുന്നു.

കിഫ്ബി വലിയ ബാധ്യത സംസ്ഥാന സർക്കാരിൻ്റെ ചുമലിൽ സൃഷ്‌ടിക്കില്ലേയെന്നാണ് ആശങ്ക. നിയമപ്രകാരം ഖജനാവിൽനിന്ന് നൽകാൻ വ്യവസ്ഥ ചെയ്‌തിട്ടുള്ള നികുതിയുടെ വിഹിതം നൽകിയാൽമാത്രം മതിയാകും. അതിൻ്റെ അടിസ്ഥാനത്തിൽ ഭാവിയിൽ തിരിച്ചടയ്‌ക്കാൻ കഴിയുന്ന പ്രോജക്‌ടുകൾമാത്രമേ കിഫ്ബി എടുക്കൂ. ഈ ലളിതമായ സംവിധാനം തിരിച്ചറിയാൻ ധവളപത്രം തയ്യാറാക്കിയ പണ്ഡിതസുഹൃത്തുക്കൾക്ക് കഴിഞ്ഞിട്ടില്ല. ബാധ്യതയുണ്ട്. പക്ഷേ, അതിനനുസൃതമായ ആസ്‌തികളുമുണ്ട്.

പകരം എന്ത്?

പകരം എന്തെന്ന് ഇപ്പോഴും ധാരണയില്ല. പ്രത്യേക പ്രോജക്‌ടുകൾക്ക് റവന്യു വരുമാനം ഉറപ്പുവരുത്തുന്ന പ്രത്യേക എസ്‌പിവികൾ, പൊതു -സ്വകാര്യ പങ്കാളിത്തം, മുനിസിപ്പൽ ബോണ്ടുകൾ തുടങ്ങിയവയൊക്കെയാണ് പരാമർശിക്കപ്പെടുന്നത്. സ്വകാര്യവൽക്കരണമാണ് കണ്ടെത്തിയിരിക്കുന്ന കുറുക്കുവഴി. പൊതുമേഖലാ സ്ഥാപനങ്ങളുടെമേലാണ് വാൾ വീഴുക. സ്വകാര്യമൂലധനത്തെ കേരളത്തിലെ വ്യവസായമേഖലയിലേക്ക് ആകർഷിക്കണമെന്നതിൽ രണ്ടുപക്ഷമില്ല. പക്ഷേ, അതിന് അനിവാര്യമായ പശ്ചാത്തലസൗകര്യങ്ങൾ നമ്മൾ മുൻകൈയെടുത്ത് സൃഷ്‌ടിച്ചേ തീരൂ. അതിനുള്ള വിഭവസമാഹരണത്തെക്കുറിച്ച് ധാരണയൊന്നുമില്ലാതെയാണ് കിഫ്ബിയെ ഫലത്തിൽ ഇല്ലായ്‌മ ചെയ്യാനുള്ള നീക്കം. ഒരുകാര്യം തീർച്ച, സ്വകാര്യവൽക്കരണ നീക്കങ്ങളെയും ക്ഷേമപദ്ധതികൾ വെട്ടിക്കുറയ്‌ക്കുന്നതിനെയും അംഗീകരിച്ച പശ്ചാത്തലസൗകര്യ നിർമാണ പ്രോജക്‌ടുകൾ വേണ്ടെന്നുവയ്‌ക്കുന്നതിനെയും നഖശിഖാന്തം എതിർക്കും.

Recent Articles

Related Articles

Special