29 C
Trivandrum
Wednesday, February 5, 2025

രഞ്ജിത്തിന് ഇന്ന് ഷഷ്ഠിപൂര്‍ത്തി, ആഘോഷങ്ങള്‍ക്ക് പകരം ആരോപണങ്ങള്‍

തിരുവനന്തപുരം: സംവിധായകനും നിര്‍മ്മാതാവും നടനുമായ രഞ്ജിത്തിന് ഇന്ന് ഷഷ്ഠിപൂര്‍ത്തി. ആഘോഷങ്ങളുടെ ആരവങ്ങള്‍ക്ക് പകരം ആരോപണങ്ങളുടെ മുള്‍മുനയിലാണ് 60-ാം പിറന്നാളെത്തുന്നത്. ഔദ്യോഗിക രേഖകളില്‍ സെപ്റ്റംബര്‍ അഞ്ചാണ് പിറന്നാള്‍ ദിനം.

Follow the FOURTH PILLAR LIVE channel on WhatsApp 

1964 ല്‍ സെപ്റ്റംബര്‍ അഞ്ചിനാണ് കോഴിക്കോട് ബാലുശേരിയില്‍ രഞ്ജിത്ത് ജനിക്കുന്നത്. ആഘോഷപൂര്‍വ്വം നടക്കേണ്ട ജന്മദിനത്തില്‍ ഹൈക്കോടതിയുടെ അനുകമ്പ പ്രതീക്ഷിച്ചിരിക്കുകയാണ് രഞ്ജിത്ത്. കരള്‍ മാറ്റ ശസ്ത്രക്രിയ കഴിഞ്ഞ തനിക്ക് നിരവധി രോഗങ്ങളുടെ അവശതയുണ്ടെന്നാണ് ജാമ്യാപേക്ഷയില്‍ രഞ്ജിത്ത് വ്യക്തമാക്കിയിരിക്കുന്നത്.കോടതിയുടെ അന്തിമ തീരുമാനം വന്നിട്ടില്ല.

ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നു രഞ്ജിത്ത് രാജിവച്ചൊഴിഞ്ഞിരുന്നു. ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട വേദികളെയും മാധ്യമ പ്രവര്‍ത്തകരെയും നിരന്തരം വെല്ലുവിളികളോടെ നേരിട്ടിരുന്ന അദ്ദേഹം ഇപ്പോള്‍ പൂര്‍ണമായും കൂട്ടങ്ങളില്‍ നിന്നും അകലം പാലിക്കുകയാണ്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പുറത്തുവന്ന ലൈംഗിക ആരോപണങ്ങളെ പ്രതിരോധിക്കാന്‍ രഞ്ജിത്തിന് കഴിഞ്ഞിരുന്നില്ല. പ്രകൃതി വിരുദ്ധ ലൈംഗിക പീഢനവും ആരോപണമായി ഉയരുകയും കേസെടുക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചത്. തല്‍ക്കാലം അറസ്റ്റ് തടഞ്ഞ കോടതി അന്തിമ തീരുമാനം എടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് ആരോഗ്യപരമായ പരാധീനതകള്‍ ചൂണ്ടിക്കാണിച്ച് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനുമായി വ്യക്തിപരമായ അടുപ്പമുണ്ടെന്ന് അവകാശപ്പെട്ട് വിവാദങ്ങളെ പ്രതിരോധിച്ചിരുന്ന രഞ്ജിത്ത് ഉദ്യോഗസ്ഥരെയും ഈ പേരിലാണ് വരുതിയിലാക്കിയിരുന്നത്. എന്നാല്‍ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ വിശദമായ റിപ്പോര്‍ട്ട് തേടിയ മുഖ്യമന്ത്രി രഞ്ജിത്തിനെ കൈവിടുകയായിരുന്നു. ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ സ്ഥാനത്ത് തുടരുന്നതിന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പിന്തുണ നല്‍കിയിരുന്നെങ്കിലും മുഖ്യമന്ത്രി നിലപാട് കടുപ്പിച്ചതോടെയാണ് രാജി വയ്ക്കേണ്ടി വന്നത്.

 

Recent Articles

Related Articles

Special

Enable Notifications OK No thanks