ധർമസ്ഥല കേസിന് പിന്നിൽ തമിഴ്നാട് എംപി എന്ന് ബിജെപി എംഎൽഎ

Follow the FOURTH PILLAR LIVE channel on WhatsApp 

മംഗളൂരു: ധർമസ്ഥല ദുരൂഹ മരണ കേസുമായി ബന്ധപ്പെട്ട പരാതിക്ക് പിന്നിൽ തമിഴ്നാട് എംപി ശശികാന്ത് സെന്തിൽ ആണെന്ന് ബിജെപി. ബിജെപി എം എൽ എ ഗാലി ജനാർദൻ റെഡ്ഡിയാണ് ആരോപണവുമായി മുന്നോട്ട് വന്നിരിക്കുന്നത്. സെന്തിലിന്റെ സമ്മർദത്തെ തുടർന്നാണ് കേസ് അന്വേഷിക്കാൻ കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ചതെന്ന് റെഡ്ഡി കൂട്ടിച്ചേർത്തു. അജ്ഞാതനായ ‘മുഖംമൂടി ധരിച്ച’ പരാതിക്കാരൻ തമിഴ്‌നാട് സ്വദേശിയും സെന്തിലിന്റെ അടുത്ത സഹായിയുമാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം അടിസ്ഥാനരഹിതവും പൊള്ളയുമായ ആരോപണമാണ് എന്നായിരുന്നു ദക്ഷിണ കന്നഡ ജില്ല മുൻ ഡെപ്യൂട്ടി കമ്മീഷണർ കൂടിയായ സെന്തിലിന്റെ പ്രതികരണം. ബെല്ലാരി ജില്ലയിലെ അസി. കമ്മീഷണറായിരുന്നപ്പോൾ എംഎൽഎയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ വെളിപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചതിനാലാണ് തനിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് സെന്തിൽ പറഞ്ഞു. റെഡ്ഡി തനിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. ‘വോട്ട് ചോരണം’ രാജ്യമെമ്പാടും വാർത്തയാകുമ്പോൾ പൗരന്മാരുടെ ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് റെഡ്ഡി തന്നെ ധർമസ്ഥല കേസുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്നത്. ആരോപണത്തോട് കൂടുതൽ പ്രതികരിക്കാൻ ആ​ഗ്രഹിക്കുന്നില്ലെന്നും സെന്തിൽ പറഞ്ഞു.

2009 ബാച്ച് കർണാടക കേഡർ ഐഎഎസ് ഉദ്യോഗസ്ഥനും ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂട്ടി കമ്മീഷണറുമായിരുന്ന എസ്.ശശികാന്ത് സെന്തിൽ 2019 സെപ്റ്റംബറിലാണ് സിവിൽ സർവീസിൽ നിന്ന് രാജിവച്ചത്. രണ്ടാം മോദി സർക്കാർ അധികാരമേറ്റതിന് പിന്നാലെയായിരുന്നു രാജി. രാജിക്ക് ശേഷം സെന്തിൽ കോൺ​ഗ്രസുമായി സഹകരിച്ചു പ്രവർത്തിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ ബിജെപിയെ വീഴ്ത്തിയ 40 ശതമാനം കമ്മീഷൻ പ്രചാരണം സെന്തിലിന്റെ ആശയമായിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ തിരുവള്ളൂർ മണ്ഡലത്തിൽ നിന്നാണ് സെന്തിൽ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

Recent Articles

Related Articles

Special