29 C
Trivandrum
Wednesday, February 5, 2025

ആരോപണം നേരിടാന്‍ ആസൂത്രിത നീക്കവുമായി സിനിമക്കാര്‍

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയായി തങ്ങള്‍ക്കു നേരെയുണ്ടായിക്കൊണ്ടിരിക്കുന്ന ആക്രമണം ചെറുക്കാന്‍ ആസൂത്രിത നീക്കവുമായി സിനിമക്കാര്‍. തങ്ങളെ ആള്‍ക്കൂട്ട വിചാരണയ്ക്കു വിധേയരാക്കുന്ന മാധ്യമങ്ങള്‍ക്കു നേരെ തന്നെ പുതിയ പോര്‍മുഖം തുറക്കാനാണ് അവരുടെ തീരുമാനം.

Follow the FOURTH PILLAR LIVE channel on WhatsApp 

സിനിമ മേഖലയിലെ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച വെളിപ്പെടുത്തലുകളും ആരോപണങ്ങളും വന്നപ്പോള്‍ ഇത് ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണെന്നാണ് സിനിമാ രംഗത്തുള്ളവർ ആദ്യം പറഞ്ഞത്. പിന്നീട് ഇത്തരം സംഭവങ്ങള്‍ എല്ലാ മേഖലകളിലും ഉണ്ടായിട്ടുണ്ടല്ലോ എന്നു നിസ്സാരവത്കരിക്കാന്‍ അവര്‍ ശ്രമിച്ചു. എന്നാല്‍, ഇപ്പോള്‍ നടക്കുന്നത് മാധ്യമവിചാരണ ആണെന്നും അതിനാല്‍ പ്രതിരോധം സൃഷ്ടിക്കാന്‍ മാധ്യമങ്ങളെ തിരിച്ചാക്രമിക്കണമെന്നും അഭിപ്രായമുണ്ടായി. അതനുസരിച്ചാണ് പുതിയ തന്ത്രം ആവിഷ്‌കരിച്ചിരിക്കുന്നത്.

മാധ്യമരംഗത്തെ ചിലര്‍ക്കെതിരെ ഉയര്‍ന്ന സമാന പരാതികളുടെ വിശദ വിവരങ്ങള്‍ സിനിമക്കാര്‍ ശേഖരിച്ചിട്ടുണ്ട്. ഇതുപയോഗിച്ചായിരിക്കും ഇനിയുള്ള പ്രതികരണം. ഇനി സിനിമക്കാരെക്കുറിച്ച് ചോദ്യമുയരുമ്പോള്‍ മാധ്യമ മേഖലയിലും സമാന സംഭവങ്ങളും പരാതികളുമുണ്ടല്ലോ, അതില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന മറുചോദ്യമുന്നയിച്ച് പ്രതിരോധത്തിലാക്കാനാണ് തീരുമാനം.

നടി ആക്രമിക്കപ്പെട്ട സംഭവമുണ്ടായ സമയത്ത് ഒരു ചാനല്‍ അഭിമുഖത്തില്‍ ദിലീപ് ഒരു പ്രധാനപ്പെട്ട മാധ്യമപ്രവര്‍ത്തകനെതിരെ ഇത്തരമൊരു ആരോപണം പരസ്യമായി ഉന്നയിച്ചിരുന്നു. ഒരു മാധ്യമപ്രവര്‍ത്തകയെ കൂടി ബന്ധപ്പെടുത്തിയുള്ള ആ ആരോപണം അന്ന് ദിലീപ് ഫാന്‍സുകാര്‍ ഏറ്റെടുക്കുകയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ മൊത്തത്തിൽ പ്രതിരോധം ചമയ്ക്കാന്‍ വ്യാപകമായി ഉപയോഗിക്കുകയും ചെയ്തു.

മാധ്യമപ്രവര്‍ത്തകരെ ഒന്നാകെ പ്രതിക്കൂട്ടിലാക്കി പ്രതിരോധിക്കാനുള്ള ഇപ്പോഴത്തെ നീക്കത്തിന് സര്‍ക്കാരിനോട് അടുത്ത് നില്‍ക്കുന്നതായി പറയപ്പെടുന്ന സിനിമാ പ്രവര്‍ത്തകരുടെ പിന്തുണ കൂടി ഉറപ്പാക്കിയിട്ടുണ്ട്. സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ക്കെതിരായ ആരോപണം വരുമ്പോള്‍ സ്വാഭാവികമായി സര്‍ക്കാരും തങ്ങള്‍ക്കൊപ്പം നില്ക്കുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. മാധ്യമങ്ങളെ നിരന്തരം സമൂഹമാധ്യമങ്ങളിലൂടെ ശക്തമായി വിമര്‍ശിക്കുന്ന ഇടത് പ്രൊഫൈലുകളുടെയും കൂട്ടായ്മകളുടെയും പിന്തുണ കൂടി തങ്ങളുടെ ഈ മാധ്യമവിരുദ്ധ നീക്കത്തിനു ലഭിക്കുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ സ്വാഭാവികമായും തമസ്‌കരിക്കും എന്നുറപ്പായതിനാല്‍ സമൂഹമാധ്യമ ഇടപെടലിന് പ്രത്യേക പദ്ധതി തന്നെ സിനിമക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. സിനിമകളുടെ പ്രമോഷന്‍ ചുമതല നിര്‍വഹിക്കുന്ന ടീമുകളെയും കമ്പനികളെയും ഈ പ്രതിരോധ ചുമതല കൂടി ഏല്പിക്കാനാണ് തീരുമാനം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷം രഞ്ജിത്, സിദ്ദിഖ് അടക്കമുള്ള സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ വന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട പ്രത്യേക സംഘത്തിനു മുമ്പാകെ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ ആരോപണം കൂടി എത്തിക്കുക എന്നതാണ് ലക്ഷ്യം.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പീഡന പരാതികളും ആരോപണങ്ങളും ശക്തമാകുമ്പോള്‍ സ്വാഭാവികമായും അതിന്റെ അന്വേഷണച്ചുമതല കൂടി പ്രത്യേക സംഘത്തിനു കൈമാറാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുമെന്ന് സിനിമാ ബുദ്ധികകേന്ദ്രങ്ങള്‍ വിശ്വസിക്കുന്നു. അങ്ങനെ സിനിമാ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും ഒരേ തട്ടിലാവുമ്പോള്‍ സിനിമക്കാര്‍ക്കെതിരായ മാധ്യമ വിചാരണയ്ക്ക് സ്വാഭാവിക അന്ത്യമുണ്ടാവും. മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ ഇല്ലാതാവുന്നതോടെ ജനങ്ങള്‍ക്കു മുന്നിലും വിഷയം ഇല്ലാതാവുമെന്നാണ് തന്ത്രം മെനഞ്ഞവർ പറയുന്നത്.

Recent Articles

Related Articles

Special

Enable Notifications OK No thanks