29 C
Trivandrum
Saturday, April 26, 2025

വത്തിക്കാനിലേക്ക് ജനപ്രവാഹം; 3‌ ദിവസം പൊതുദർശനം

Follow the FOURTH PILLAR LIVE channel on WhatsApp 

വത്തിക്കാൻ സിറ്റി: കാലം ചെയ്ത ഫ്രാൻസിസ്‌ മാർപാപ്പയെ അവസാനമായി കാണാൻ വത്തിക്കാൻ സിറ്റിയിലേക്ക് ജനപ്രവാഹം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30ഓടെയാണ്‌ മാർപാപ്പയുടെ മൃതദേഹം സെൻ്റ്‌ പീറ്റേഴ്‌സ്‌ ബസലിക്കയിൽ പൊതുദർശനത്തിന്‌ വച്ചത്‌.

സഭാതലവൻ്റെ ചുമതല വഹിക്കുന്ന കര്‍ദിനാള്‍ കെവിന്‍ ഫാരെല്ലിൻ്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രാര്‍ഥനയോടെ ഭൗതികശരീരം കാസ സാന്താ മരിയയിലെ ചാപ്പലില്‍ നിന്ന് വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് ബസലിക്കയിലേക്കു മാറ്റി. മാർപാപ്പയുടെ ആഗ്രഹംപോലെ ഉയർന്ന പീഠം ഒഴിവാക്കി ചെറിയ റാംപിൽ പേടകം വച്ചു. ഇരുവശത്തും 2 വീതം സ്വിസ് ഗാർഡുമാർ കാവൽനിന്നു.

കർദിനാൾ ഫാരൽ നയിച്ച പ്രാർഥനകൾക്ക് വിലാപഗാനത്തിൻ്റെ അകമ്പടിയോടെ ക്വയർ ടീം അണിചേർന്നു. കർദിനാൾമാരും ബിഷപ്പുമാരും ആദരാഞ്ജലി അർപ്പിച്ചു. പിന്നാലെ ആയിരക്കണക്കിനു വിശ്വാസികൾ ഫ്രാൻസിസ് പാപ്പായെ അവസാനമായി കണ്ട് കടന്നുപോയി. വിശ്വാസികളുടെ എണ്ണം നിയന്ത്രണാതീതമായതിനാൽ അർധരാത്രിക്കുശേഷവും പൊതുദർശനം നീട്ടുമെന്നു വത്തിക്കാൻ അറിയിച്ചു.

3 ദിവസമാണ്‌ പൊതുദർശനം. വെള്ളിയാഴ്ച രാത്രി 10നു പൊതുദർശനം പൂർത്തിയാക്കി പേടകം അടയ്ക്കും. ശനിയാഴ്ച ഇന്ത്യൻ സമയം 1.30ന് ആരംഭിക്കുന്ന സംസ്കാര ശുശ്രൂഷകൾ പൂർത്തിയാക്കി പാപ്പായെ മേരി മേജർ ബസലിക്കയിലെത്തിച്ച് അടക്കം ചെയ്യും. ലോക നേതാക്കൾ സാക്ഷ്യം വഹിക്കും. പിന്നീട് 9 ദിവസം ദുഃഖാചരണം. പിൻഗാമിയെ കണ്ടെത്താനുള്ള കോൺക്ലേവിനു മേയ് 5നു മുൻപു തുടക്കമാകും. 135 കർദിനാൾമാർക്കാണു വോട്ടവകാശം.

ആഗോള കത്തോലിക്കാ സഭയുടെ തലവനായ ഫ്രാൻസിസ് മാർപാപ്പ തിങ്കളാഴ്ചയാണ് കാലം ചെയ്തത്. വത്തിക്കാൻ സാൻ്റാ മാർത്തയിലെ വസതിയിൽ തിങ്കളാഴ്ച രാവിലെ പ്രാദേശിക സമയം 7.35നായിരുന്നു അന്ത്യം.

ഒരു വ്യാഴവട്ടക്കാലം സഭയെ നയിച്ച ഫ്രാന്‍സിസ് പാപ്പായുടെ ആത്മീയ ആശ്രയമായിരുന്നു സെൻ്റ് മേരി മേജര്‍ കത്തീഡ്രല്‍. ഇവിടെ പ്രാര്‍ഥിച്ച ശേഷമായിരുന്നു എല്ലാ യാത്രകളും. മടങ്ങിയെത്തിയ ശേഷവും പാപ്പ സെൻ്റ് മേരി മേജറില്‍ പ്രാര്‍ഥന അര്‍പ്പിക്കാനെത്തി. സെൻ്റ് പീറ്റേഴ്സ് ബസലിക്കയ്ക്ക് പുറത്ത് അന്ത്യവിശ്രമം സ്വീകരിക്കുന്ന രണ്ടാമത്തെ പാപ്പയാണ് ഫ്രാന്‍സിസ്. നിലത്ത് ഏറ്റവും ലളിതമായ കല്ലറ ഒരുക്കാനാണ് പാപ്പായുടെ നിര്‍ദേശം.

Recent Articles

Related Articles

Special

Enable Notifications OK No thanks