29 C
Trivandrum
Thursday, March 13, 2025

ആ സ്വപ്നം പൂവണിഞ്ഞു; അവർ മന്ത്രി അപ്പൂപ്പൻ്റെ വീട് കണ്ടു

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: വലിയൊരു സ്വപ്നം സഫലമായതിൻ്റെ സന്തോഷത്തിലാണ് തിരുവനന്തപുരം കല്ലമ്പലം മുള്ളറംകോട് എൽ.പി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികൾ – 83 കുട്ടികളും അവരുടെ അദ്ധ്യാപകരും. അവർ മന്ത്രി അപ്പൂപ്പൻ്റെ വീടുകണ്ടു, മധുരം നുകർന്നു, ആർത്തുല്ലസിച്ചു, നിറഞ്ഞ സന്തോഷത്തോടെ മടങ്ങി.

മന്ത്രി അപ്പൂപ്പൻ്റെ വീട് കാണാൻ വന്നോട്ടെ എന്നായിരുന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയോട് കുട്ടികളുടെ ചോദ്യം. കത്തിലൂടെ ആഗ്രഹം അറിയിച്ച കുട്ടികൾക്ക് ലഡുവും മധുര പലഹാരങ്ങളും ഒക്കെയായി മന്ത്രി കാത്തിരുന്നു. വീട്ടിൽ എത്ര മുറിയുണ്ട് സ്വന്തം വീട് എവിടെയാണ് തുടങ്ങി കുറുമ്പ് നിറഞ്ഞ കുറേ ചോദ്യങ്ങൾക്ക് ചിരിച്ചുകൊണ്ട് അദ്ദേഹം മറുപടി നൽകുകയും ചെയ്തു.

വീട് കാണണം എന്നാവശ്യപ്പെട്ട് കത്തെഴുതിയ വിദ്യയെ മന്ത്രി അടുത്തു ചേർത്തു നിർത്തി പ്രത്യേകം അഭിനന്ദിച്ചു. നറുക്കിട്ടെടുത്താണ് കത്തെഴുതുന്നയാളെ തീരുമാനിച്ചത്. മന്ത്രിയുടെ വീട്ടിലെത്തിയ കുട്ടികൾ ചില ആവശ്യങ്ങളും അദ്ദേഹത്തിനു മുന്നിൽ വെച്ചു -സ്കൂൾ യു.പി. ആക്കി ഉയർത്തണം, സ്കൂളിലേക്ക് ഒരു വാഹനം വേണം തുടങ്ങിയവയൊക്കെ. ആവശ്യങ്ങളൊക്കെ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മന്ത്രി അറിയിക്കുകകയും ചെയ്തു.

റോസ് ഹൗസും പരിസരവും വിശദമായി ചുറ്റിനടന്നു കണ്ട ശേഷമാണ് കുട്ടികൾ മടങ്ങിയത്.

Recent Articles

Related Articles

Special

Enable Notifications OK No thanks