29 C
Trivandrum
Wednesday, February 5, 2025

വഖഫ് ഭേദഗതി ബില്‍ ജെ.പി.സിക്ക്

    • ബില്‍ ഭരണഘടനാ വിരുദ്ധമെന്നു പ്രതിപക്ഷം

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദത്തിനു വഴങ്ങി വഖഫ് ഭേദഗതി ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് (ജെ.പി.സി.) വിട്ടു. പ്രതിപക്ഷ ഇന്ത്യാ സഖ്യം എം.പിമാര്‍ ലോക്സഭയില്‍ നടത്തിയ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് സ്പീക്കര്‍ ഭേദഗതി ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിട്ടത്. ഭരണഘടനാമൂല്യങ്ങളുടെ ലംഘനമാണ് വഖഫ് ഭേദഗതി ബില്‍ എന്ന വാദമാണ് പ്രതിപക്ഷം പ്രധാനമായും ഉയര്‍ത്തിയത്. എന്നാല്‍, യുപിഎ സര്‍ക്കാരിന്റെ കാലത്തടക്കം രൂപീകരിച്ച വിവിധ സമിതികള്‍ വഖഫ് നവീകരണത്തിനായി നല്‍കിയ ശുപാര്‍ശകള്‍ നടപ്പാക്കുക മാത്രമാണു ചെയ്തതെന്നാണു കേന്ദ്രസര്‍ക്കാരിന്റെ വാദം. വഖഫ് ബോര്‍ഡുകളില്‍ രണ്ടു മുസ്ലിം ഇതര വിഭാഗക്കാരെയും രണ്ടു വനിതകളെയും ഉറപ്പാക്കണമെന്ന നിര്‍ദേശമാണ് ബില്ലില്‍ ഏറ്റവും പ്രധാനം.

Follow the FOURTH PILLAR LIVE channel on WhatsApp 

ക്ഷേത്രഭരണത്തില്‍ മുസ്ലിംകളെ ഉള്‍പ്പെടുത്താറുണ്ടോ എന്നു ചോദിച്ചായിരുന്നു കെ.സി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ ബില്ലിനെ എതിര്‍ക്കുന്ന ഇന്ത്യാ സഖ്യ നേതാക്കള്‍ പ്രതിരോധം തീര്‍ത്തത്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ മുസ്ലിംകളെ ഉള്‍പ്പെടുത്താറുണ്ടോയെന്ന് കെ.സി. ചോദിച്ചു. മതസ്വാതന്ത്ര്യത്തിനും ഫെഡറല്‍ സംവിധാനത്തിനുമെതിരെയുള്ള ആക്രമണമാണിതെന്നു കെ.സി.വേണുഗോപാല്‍ പറഞ്ഞു.

ഭരണഘടനയുടെ ശക്തമായ ലംഘനമാണു നടക്കുന്നതെന്നു കേരളത്തില്‍നിന്നുള്ള എം.പിമാരായ ഇ.ടി.മുഹമ്മദ് ബഷീറും എന്‍.കെ.പ്രേമചന്ദ്രനും പറഞ്ഞു. മുസ്ലിങ്ങളോടുള്ള അനീതിയാണിതെന്നും വലിയൊരു തെറ്റാണു നടക്കാന്‍ പോകുന്നതെന്നും അതിന്റെ പരിണിതഫലം കാലങ്ങളോളം അനുഭവിക്കേണ്ടി വരുമെന്നും ബില്ലിനെ എതിര്‍ത്ത സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടി.

ബില്‍ മതസ്വാതന്ത്ര്യത്തിന് എതിരെന്നു തൃണമൂല്‍ കോണ്‍ഗ്രസും ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്ന് ഡി.എം.കെയും നിലപാടെടുത്തു. എന്‍.സി.പി. നേതാവ് സുപ്രിയ സുലെയും കടുത്ത വിമര്‍ശനം ഉയര്‍ത്തി.

വഖഫ് സ്വത്തുക്കളുടെ കൃത്യമായ നടത്തിപ്പിനു നിയമഭേദഗതി അനിവാര്യമാണെന്നും ബില്ലിലെ വ്യവസ്ഥകള്‍ വനിതകളെ സഹായിക്കാനാണെന്നുമായിരുന്നു ബില്‍ അവതരിപ്പിച്ച കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവിന്റെ വിശദീകരണം. ‘നിങ്ങള്‍ക്കു കഴിയാതിരുന്നതു ഞങ്ങള്‍ ചെയ്യുന്നു’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പ്രതിപക്ഷത്തിന് ബില്ലിലെ വ്യവസ്ഥകളെല്ലാം ബോധ്യപ്പെട്ടതാണ്, എന്നാല്‍ രാഷ്ട്രീയസമ്മര്‍ദം കൊണ്ടാണ് എതിര്‍ക്കുന്നത്. സച്ചാര്‍ കമ്മിറ്റിയുടെ ശുപാര്‍ശയടക്കം ബില്ലില്‍ പരിഗണിച്ചിട്ടുണ്ട്. വഖഫ് ബോര്‍ഡുകളെ മാഫിയകള്‍ കയ്യടക്കിയതായി പല മുസ്ലിങ്ങളും സ്വകാര്യമായി പറഞ്ഞിട്ടുണ്ട്. ഏതു സ്ഥലവും എന്തെങ്കിലും കാരണം പറഞ്ഞു വഖഫ് ഭൂമിയാക്കി വിജ്ഞാപനം ചെയ്യുന്നത് ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് സാധ്യമാണോയെന്നും മന്ത്രി ചോദിച്ചു.

ബില്‍ അവതരിപ്പിക്കുന്നതിനിടെ സഭയില്‍ പ്രതിപക്ഷ ബഹളമുയര്‍ന്നു. വഖഫ് ബോര്‍ഡില്‍ അമുസ്ലിങ്ങളെ ഉള്‍പ്പെടുത്തുക എന്നതിനൊപ്പം 1923 ലെ മുസല്‍മാന്‍ വഖഫ് ആക്ട് പിന്‍വലിക്കാന്‍ മറ്റൊരു ബില്ലും അവതരിപ്പിച്ച് പാസാക്കാനായിരുന്നു കേന്ദ്ര നീക്കം.

1995ലെ വഖഫ് നിയമത്തില്‍ 44 ഭേദഗതികളാണു കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത്. ബില്‍ നിയമം ആയാല്‍ വഖഫ് ഇടപാടുകളിലും സ്വത്തു തര്‍ക്കങ്ങളിലും തീരുമാനമെടുക്കാന്‍ ജില്ലാ കലക്ടര്‍ക്ക് സവിശേഷാധികാരം ലഭിക്കും.

ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ പോകാനും വ്യവസ്ഥയുണ്ട്. നിലവിലെ നിയമം അനുസരിച്ചു വഖഫ് ബോര്‍ഡിലെ 6 അംഗങ്ങള്‍ തെരഞ്ഞെടുപ്പിലൂടെയാണു സ്ഥാനം ഏല്‍ക്കുന്നത്. ഇനി മുതല്‍ മുഴുവന്‍ അംഗങ്ങളെയും സര്‍ക്കാരിനു നേരിട്ടു നിയമിക്കാമെന്നും ബില്ല് വ്യവസ്ഥ ചെയ്യുന്നു.

Recent Articles

Related Articles

Special

Enable Notifications OK No thanks