കരുതലിൽ ഉയർന്ന ‘സ്നേഹക്കൂട്’; താക്കോൽ കൈമാറി പിണറായി വിജയൻ

Follow the FOURTH PILLAR LIVE channel on WhatsApp 

വീടിന്റെ ചുമരിൽ പതിച്ച പേര് — ‘സ്നേഹക്കൂട്’. ആ പേരുപോലെതന്നെ ഒരുകൂട്ടം മനുഷ്യരുടെ കരുതലും കൂട്ടും ചേർന്നാണ് ആ വീട് ഉയർന്നത്. അടുക്കളയിൽ പാൽ തിളച്ചപ്പോൾ, ജീവിതത്തിൽ കൈപിടിച്ചുനടത്തിയവരോടുള്ള നന്ദിയും സ്നേഹവും നിറഞ്ഞ കണ്ണുകളോടെ ആ യുവാവ് തന്റെ പുതിയ വീടിന്റെ മുറ്റത്തുനിന്നു.

പൂജപ്പുരയിലെ സാമൂഹികനീതിയും വനിതാ ശിശുവികസനവും വകുപ്പ് എംപ്ലോയീസ് സഹകരണസംഘത്തിലെ താൽക്കാലിക ജീവനക്കാരനായ യുവാവിന് സംഘാംഗങ്ങളും സുമനസ്സുകളും ചേർന്ന് കാട്ടാക്കട മഠത്തിക്കോണത്താണ് വീട് നിർമിച്ചുനൽകിയത്. വീടിന്റെ താക്കോൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ കൈമാറി.

ബാല്യത്തിൽത്തന്നെ ജീവിതം കടുത്ത പരീക്ഷണങ്ങളിലൂടെയായിരുന്നു. മുത്തശ്ശിയുടെ മരണത്തോടെ ഒറ്റയ്ക്കായ യുവാവിനെ ജുവനൈൽ ഹോം കെയർടേക്കർ രഞ്ജിത്താണ് സഹകരണസംഘത്തിന്റെ ഓഫീസിലെത്തിച്ചത്. ചെറിയൊരു ജോലി, താമസിക്കാൻ ഒരിടം — അതായിരുന്നു അന്നത്തെ ആവശ്യം.

ഓഫീസിൽ താൽക്കാലിക ജോലി ലഭിച്ചതോടെ സഹകരണസംഘം അയാൾക്ക് ആശ്രയമായി. അവിടെയുള്ളവർ പതിയെ വീട്ടുകാരായി. സ്വന്തം പേരിൽ ഒരു വീടെന്ന സ്വപ്നം മാത്രം പിന്നെയും ബാക്കിയായി. ആ സ്വപ്നവും സഹപ്രവർത്തകർ ഏറ്റെടുത്തു. സംഘത്തിലെ ഒരംഗം സൗജന്യമായി നൽകിയ മൂന്ന് സെന്റ് സ്ഥലത്താണ് വീട് പണിതത്. പലരുടെയും സഹായവും പിന്തുണയും ചേർന്നതോടെ ആ ചെറിയ ഭൂമിയിൽ ‘സ്നേഹക്കൂട്’ യാഥാർഥ്യമായി.

മഠത്തിക്കോണത്ത് നടന്ന ഗൃഹപ്രവേശച്ചടങ്ങിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വീടിന്റെ താക്കോൽ കൈമാറി. ചടങ്ങിൽ സംസാരിക്കവേ സംസ്ഥാന സർക്കാരിന്റെ ഭവനനയങ്ങളെ പിണറായി വിജയൻ വിമർശിച്ചു. ഭവനപദ്ധതികളിൽ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന സമീപനം തന്നെയാണ് സംസ്ഥാനത്തെ യു.ഡി.എഫ്. സർക്കാരും പിന്തുടരുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

കേന്ദ്രം ചെറിയൊരു വിഹിതം മാത്രം നൽകുകയും ബാക്കി തുക സംസ്ഥാനം വഹിക്കുകയും ചെയ്യുന്ന ചില ഭവനപദ്ധതികളിൽ വീടുകൾക്കുമുന്നിൽ പദ്ധതിയുടെ ചിഹ്നവും കേന്ദ്ര ഭരണാധികാരികളുടെ ചിത്രവും സ്ഥാപിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിർദേശമെന്ന് പിണറായി പറഞ്ഞു. ഇത്തരം നടപടികൾ ഗുണഭോക്താക്കളുടെ ആത്മാഭിമാനത്തെ ബാധിക്കുമെന്ന നിലപാടാണ് മുൻ എൽ.ഡി.എഫ്. സർക്കാർ സ്വീകരിച്ചതെന്നും അതിനാൽ പ്രത്യേക ബോർഡുകൾ സ്ഥാപിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തിയതോടെ ഇത്തരം അടയാളങ്ങൾ സ്ഥാപിക്കാൻ തയ്യാറാകുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ലൈഫ് ഭവനപദ്ധതിയെ പലവിധത്തിൽ ദുർബലപ്പെടുത്തുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. പാവപ്പെട്ടവരോടുള്ള സർക്കാരിന്റെ സമീപനം ഇതിലൂടെ വ്യക്തമാകുകയാണെന്നും അദ്ദേഹം പറഞ്ഞു. മുൻകാലത്ത് സർക്കാർ ഇടപെടലിലൂടെ പൊതുവിപണിയിലെ വിലവർധന നിയന്ത്രിക്കാൻ കേരളത്തിന് കഴിഞ്ഞിരുന്നുവെന്നും ഇപ്പോൾ ഇത്തരം ഇടപെടലുകൾ കുറയുന്നതോടെ ജനങ്ങൾ വലിയ വിലക്കയറ്റം നേരിടുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അന്താരാഷ്ട്ര കോർപ്പറേറ്റ് കമ്പനികൾ കേരളത്തിലെ നിരവധി ആശുപത്രികൾ ഏറ്റെടുക്കുന്ന സാഹചര്യമുണ്ടെന്നും ആരോഗ്യരംഗത്തടക്കം വലിയ കമ്പനികളുടെ സ്വാധീനം വർധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വർഷം കേരളത്തിൽ പവർകട്ട് ഉണ്ടായിരുന്നില്ലെന്നും വൈദ്യുതിമേഖലയിൽ കൈവരിച്ച നേട്ടങ്ങൾ സംരക്ഷിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.രാജ്യത്ത് ഒരുവശത്ത് ദരിദ്രരുടെ എണ്ണം കൂടുമ്പോൾ മറുവശത്ത് കോർപ്പറേറ്റുകളുടെയും ശതകോടീശ്വരന്മാരുടെയും എണ്ണം വർധിക്കുന്ന സാഹചര്യമാണുള്ളതെന്നും പിണറായി പറഞ്ഞു. ഭരണനയങ്ങളിൽ കോർപ്പറേറ്റുകൾക്കാണ് കൂടുതൽ പരിഗണന ലഭിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

എൻ.ജി.ഒ. യൂണിയൻ ജനറൽ സെക്രട്ടറി എം.വി.ശശിധരൻ അധ്യക്ഷനായി. വി.ജോയി എം.എൽ.എ. വസ്തുവിന്റെ ആധാരം കൈമാറി. വീട് രൂപകല്പന ചെയ്യുകയും നിർമാണത്തിന് മേൽനോട്ടം വഹിക്കുകയും ചെയ്ത ആർക്കിടെക്ട് നിരഞ്ജനെ ജി.സ്റ്റീഫൻ എം.എൽ.എ. ആദരിച്ചു.

സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.എസ്.സുനിൽകുമാർ, ഐ.ബി.സതീഷ്, ജില്ലാ കമ്മിറ്റി അംഗം ഐ.സാജു, കാട്ടാക്കട ഏരിയ സെക്രട്ടറി കെ.ഗിരി, സഹകരണസംഘം പ്രസിഡന്റ് എസ്.ഷിബു, സെക്രട്ടറി സതീഷ് സത്യനേശൻ, എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എസ്.ഗോപകുമാർ, കെ.പി. സുനിൽകുമാർ, സൗത്ത് ജില്ലാ പ്രസിഡന്റ് ജി.ഉല്ലാസ്കുമാർ, സെക്രട്ടറി ഷിനു റോബർട്ട് തുടങ്ങിയവർ പങ്കെടുത്തു.

COMMENT

Recent Articles

Related Articles

Special