ശ്രീനാഥ് ഭാസിയുടെ നായികയായി കുഞ്ഞാറ്റ; ‘പ്രിയതമൻ’ ചിത്രീകരണം സെപ്റ്റംബർ 23ന്

Follow the FOURTH PILLAR LIVE channel on WhatsApp 

മനോജ് കെ.ജയന്റെയും ഉർവശിയുടെയും മകൾ തേജാലക്ഷ്മി (കുഞ്ഞാറ്റ) സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. റെജി പ്രഭാകർ സംവിധാനം ചെയ്യുന്ന ‘പ്രിയതമൻ’ എന്ന ചിത്രത്തിലൂടെയാണ് കുഞ്ഞാറ്റ നായികയാകുന്നത്. ശ്രീനാഥ് ഭാസിയാണ് ചിത്രത്തിലെ നായകൻ. സെപ്റ്റംബർ 23ന് കൊല്ലം നീണ്ടകരയിൽ ചിത്രീകരണം ആരംഭിക്കും.

ടി.എ.റസാഖിന്റെ തിരക്കഥയിൽ ഒരുക്കിയ, നിരൂപകശ്രദ്ധയും പുരസ്‌കാരങ്ങളും നേടിയ ‘സുഖമായിരിക്കട്ടെ’ എന്ന ചിത്രത്തിനു ശേഷം റെജി പ്രഭാകർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രിയതമൻ’. ശ്രേയാനിധി ക്രിയേഷൻസിന്റെ ബാനറിൽ സുനിൽകുമാർ എസ്., മുനീർ അറയ്ക്കൽ എന്നിവർ ചേർന്നാണ് നിർമാണം.

അമ്മയും മകനും തമ്മിലുള്ള ആഴമുള്ള ആത്മബന്ധത്തിലേക്ക് ഒരു പെൺകുട്ടി കടന്നുവരുന്നതോടെ അവരുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളും സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. കുടുംബബന്ധങ്ങളുടെ പശ്ചാത്തലത്തിൽ നർമത്തിന് പ്രാധാന്യം നൽകുന്ന ഹൃദ്യമായ ചിത്രമായിരിക്കും ‘പ്രിയതമൻ’ എന്ന് അണിയറപ്രവർത്തകർ പറയുന്നു.

നിരവധി ഹാസ്യ കുടുംബചിത്രങ്ങൾക്ക് തിരക്കഥ രചിച്ച കൃഷ്ണ പൂജപ്പുരയാണ് ‘പ്രിയതമന്റെ’ തിരക്കഥാകൃത്ത്. സനു ഭാസ്‌കറിന്റേതാണ് കഥ. ശാന്തി കൃഷ്ണ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സുധീർ കരമന, പത്മരാജ് രതീഷ്, ഇർഷാദ്, രഘുനാഥ് പലേരി, സുനിൽ സുഖദ, ടി.പി.കുഞ്ഞിക്കൃഷ്ണൻ, സിനു സൈനുദ്ദീൻ, ദിനേശ് പണിക്കർ, മഞ്ജു പത്രോസ്, സൂര്യ ദാസ്, മീരാ നായർ, കുടശ്ശനാട് കനകം, രാമു മംഗലപ്പിള്ളി, അഭിലാഷ്, കൈഫ്, സുബിൻ, ജോസ് പേരൂർക്കട എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

റഫീഖ് അഹമ്മദ്, മനു മഞ്ജിത്ത് എന്നിവരാണ് ഗാനരചന. രമേഷ് നാരായൺ, ബിജിപാൽ, റോണി റാഫേൽ എന്നിവർ സംഗീതം ഒരുക്കുന്നു. പശ്ചാത്തലസംഗീതവും റോണി റാഫേലിന്റേതാണ്. പ്രദീപ് നായർ ഛായാഗ്രഹണവും സിയാൻ ശ്രീകാന്ത് ചിത്രസംയോജനവും നിർവഹിക്കുന്നു.

കലാസംവിധാനം അർക്കൻ എസ്.കർമ, ചമയം പട്ടണം ഷാ, വസ്ത്രാലങ്കാരം ഇന്ദൻസ് ജയൻ. ഹാരിസൺ സഹസംവിധായകനും സുഭാഷ് ഇളമ്പൽ മുഖ്യ സഹസംവിധായകനുമാണ്. ശരത് അസോസിയേറ്റ് ഡയറക്ടറാണ്. അനീഷ് കാട്ടിക്കോ, രാജേഷ് ആർ. റിസ്വാൻ എന്നിവർ സഹസംവിധായകരാണ്. ആരോമൽ ആർ. ആണ് കാസ്റ്റിങ് ഡയറക്ടർ. രാജേഷ് തങ്കപ്പൻ പ്രൊഡക്‌ഷൻ എക്‌സിക്യൂട്ടീവും ഹരി വെഞ്ഞാറമൂട് പ്രൊഡക്‌ഷൻ കൺട്രോളറുമാണ്. പി.ആർ.ഒ. വാഴൂർ ജോസ്.

കരുനാഗപ്പള്ളിയിലും സമീപപ്രദേശങ്ങളിലും വാഗമണ്ണിലുമായാണ് ചിത്രത്തിന്റെ പ്രധാന ചിത്രീകരണം നടക്കുക.

COMMENTCancel reply

Recent Articles

Related Articles

Special