വിദ്യാർഥികൾക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന് തുഷാർ ഗാന്ധി; സതീശനും ചെന്നിത്തലയ്ക്കും കത്ത്

Follow the FOURTH PILLAR LIVE channel on WhatsApp 

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ രാജ്യവ്യാപകമായി നടന്ന വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് കേരളത്തിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളും കുറ്റപത്രങ്ങളും പിൻവലിക്കണമെന്ന് തുഷാർ ഗാന്ധി. കേരള മുഖ്യമന്ത്രി വി.ഡി.സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കുമയച്ച കത്തിലാണ് മഹാത്മാ ഗാന്ധി ഫൗണ്ടേഷൻ പ്രസിഡൻ്റ് തുഷാർ ഗാന്ധി ആവശ്യം ഉന്നയിച്ചത്.

കേരള പൊലീസ് വിദ്യാർഥികൾക്കെതിരെ കേസെടുക്കുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തെന്ന വിവരം തന്നെ അത്ഭുതപ്പെടുത്തുകയും നിരാശപ്പെടുത്തുകയും ചെയ്തതായി കത്തിൽ പറയുന്നു. പുരോഗമന സംസ്ഥാനമായ കേരളത്തിനും കോൺഗ്രസ് നയിക്കുന്ന സർക്കാരിനും യോജിക്കുന്ന നടപടിയല്ല ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കേരളത്തിൽ നിന്നുള്ള എം.പി. പ്രിയങ്ക ഗാന്ധിയും വിദ്യാർഥി പ്രസ്ഥാനത്തെ പിന്തുണയ്ക്കുകയും കേന്ദ്ര സർക്കാരും ഡൽഹി പൊലീസും നടത്തിയ അടിച്ചമർത്തലിനെ അപലപിക്കുകയും ചെയ്തിരുന്നു. അതേ സമയം കോൺഗ്രസ് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഉള്ള കേരളത്തിൽ വിദ്യാർഥികൾക്കെതിരെ കേസെടുക്കുന്നത് അപമാനകരമാണെന്ന് തുഷാർ ഗാന്ധി കത്തിൽ വ്യക്തമാക്കി.
പൗരന്മാർക്ക് പ്രതിഷേധിക്കാൻ ഭരണഘടനാപരമായ അവകാശമുണ്ടെന്ന് കേരള സർക്കാർ വിശ്വസിക്കുന്നുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. സത്യാഗ്രഹത്തിൻ്റെ ആത്മാവിൽ നിന്നാണ് കോൺഗ്രസ് ജനിച്ചതെന്ന് ഓർമ്മിപ്പിക്കേണ്ടിവരില്ലെന്നും, കോൺഗ്രസ് നയിക്കുന്ന സർക്കാരിൽനിന്ന് അതിലും ഉയർന്ന നിലപാടാണ് പ്രതീക്ഷിക്കുന്നതെന്നും കത്തിൽ പറയുന്നു.

രാഷ്ട്രീയബന്ധം നോക്കാതെ, ദേശീയ വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണയായി സമരം ചെയ്ത എല്ലാവർക്കുമെതിരായ എഫ്.ഐ.ആറുകളും കുറ്റപത്രങ്ങളും കേസുകളും ഉടൻ പിൻവലിക്കാൻ സർക്കാർ ഉത്തരവിടണം. ഉത്തരവാദിത്തം മറ്റൊരിടത്തേക്ക് തള്ളി സമയം കളയാതെ അടിയന്തര തിരുത്തൽ നടപടി വേണമെന്നും തുഷാർ ഗാന്ധി ആവശ്യപ്പെട്ടു.

ഇത്തരം തെറ്റുകൾ ഇനി ആവർത്തിക്കരുതെന്നും അദ്ദേഹം കത്തിൽ മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും വ്യക്തിപരമായി സുഹൃത്തുക്കളായി കാണുന്നുവെന്നും അതുകൊണ്ടുതന്നെയാണ് ഈ അപേക്ഷയെന്നും കത്തിൽ പറയുന്നു.

വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുന്ന ദേശീയ കോൺഗ്രസ് നിലപാടിനും കേരളത്തിലെ യു.ഡി.എഫ്. സർക്കാർ സ്വീകരിക്കുന്ന പൊലീസ് നടപടികൾക്കുമിടയിലെ വൈരുധ്യമാണ് തുഷാർ ഗാന്ധിയുടെ കത്ത് തുറന്നുകാട്ടുന്നത്. കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്ത വിദ്യാർഥികൾക്കെതിരെ കേരളത്തിലും കേസെടുത്തതിനെതിരെ വിമർശനം ശക്തമാകുന്നതിനിടെയാണ് ഗാന്ധികുടുംബ പാരമ്പര്യമുള്ള പൊതുപ്രവർത്തകൻ്റെ ഇടപെടൽ.

COMMENT

Recent Articles

Related Articles

Special