അടിമാലി മണ്ണിടിച്ചിൽ ; പ്രതിഷേധം അവസാനിപ്പിച്ചു ; പുനരധിവാസം നടപ്പാക്കുമെന്ന് ജില്ലാ കളക്ടറുടെ ഉറപ്പ്

Follow the FOURTH PILLAR LIVE channel on WhatsApp 

ഇടുക്കി: അടിമാലി മണ്ണിടിച്ചിൽ ദുരിത ബാധിതർ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. ജില്ലാ കളക്ടർ നേരിട്ടെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തിയതിനെ തുടർന്ന് ദുരിത ബാധിതരായ 30 കുടുംബങ്ങൾക്ക് ഭൂമിയും പുനരധിവാസവും ഉറപ്പാക്കുമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. അടിമാലിയിൽ നടന്നത് മനുഷ്യനിർമ്മിത ദുരന്തമാണെന്നും നിയമനടപടികൾക്ക് അല്ല പുനരധിവാസത്തിനാണ് മുൻഗണന എന്നും കളക്ടർ പറഞ്ഞു. വാടക വീട് ഒരുങ്ങുന്നതുവരെ ഇവർക്ക് അടിമാലി എം ബി കോളേജിൽ താമസസൗകര്യം ഒരുക്കും. മണ്ണിടിച്ചിലിൽ ഗുരുതരമായി പരിക്കേറ്റ് കാലുമുറിച്ചുമാറ്റേണ്ടിവന്ന സന്ധ്യയുടെ ചികിത്സക്കായി മൂന്ന് ലക്ഷം രൂപ കൈമാറിയതായി ജില്ലാ കളക്ടർ അറിയിച്ചു. സന്ധ്യയുടെ ചികിത്സയ്ക്ക് ആവശ്യമായതെല്ലാം സർക്കാർ ചെയ്യുമെന്നും കളക്ടർ പറഞ്ഞു.

സന്ധ്യയുടെ ചികിത്സാച്ചെലവുകൾ പൂർണമായും നടൻ മമ്മൂട്ടി ഏറ്റെടുത്തിരുന്നു. അപകടത്തിൽ ഭർത്താവ് ബിജു മരിക്കുകയും ഇടതു കാൽമുറിച്ചുമാറ്റുകയും ചെയ്തതോടെ സന്ധ്യയുടെ ജീവിതം പ്രതിസന്ധിയിലായിരുന്നു. മകൻ കാൻസർ മൂലം കഴിഞ്ഞവർഷം മരിച്ചു. നഴ്‌സിങ് വിദ്യാർത്ഥിനിയായ മകൾ മാത്രമാണ് ഇനിയുള്ള തുണ. നിസ്സഹായരായ ബന്ധുക്കൾ സഹായം തേടി മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ ഫൗണ്ടേഷനെ സമീപിക്കുകയായിരുന്നു.


Discover more from Fourth Pillar

Subscribe to get the latest posts sent to your email.

Recent Articles

Related Articles

Special