Follow the FOURTH PILLAR LIVE channel on WhatsApp
പത്തനംതിട്ട: ശബരിമലയിലെ സ്വർണപ്പാളി, താങ്ങുപീഠം എന്നീ വിവാദങ്ങളിൽപ്പെട്ട ഉണ്ണികൃഷ്ണൻ പോറ്റിയെ സംബന്ധിച്ച് നിർണായക വിവരങ്ങൾ പുറത്ത് വിട്ട് പോലീസ്. ഉണ്ണികൃഷ്ണൻ പോറ്റി ബെംഗളൂരുവിലെ ബ്ലേഡ് പലിശക്കാരനെന്ന് സൂചന. ചെറിയ പലിശയ്ക്ക് പണം വായ്പയെടുത്ത് അതിന്റെ പതിന്മടങ്ങ് പലിശയ്ക്ക് വായ്പനൽകി സാമ്പത്തികനേട്ടം ഉണ്ടാക്കിയാണ് തുടക്കമെന്ന് പോലീസിലെ രഹസ്യാന്വേഷണവിഭാഗത്തിന് വിവരം കിട്ടിയിട്ടുണ്ട്.
ശബരിമല ക്ഷേത്രവുമായി വലിയ ബന്ധമുണ്ടെന്ന് വരുത്തിത്തീർത്ത് കർണാടകയിലെ ധനികരായ അയ്യപ്പഭക്തരെ ചൂഷണം ചെയ്തതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. ബെംഗളൂരു കോറമംഗലയ്ക്കടുത്ത് ശ്രീരാമപുരം അയ്യപ്പക്ഷേത്രത്തിലെ ശാന്തിക്കാരനായിട്ടാണ് തിരുവനന്തപുരം പുളിമാത്ത് സ്വദേശിയായ ഉണ്ണികൃഷ്ണൻ പോറ്റി കർണാടകയിലെത്തിയത്. എട്ടുവർഷംമുൻപ് മണ്ഡലകാലത്ത് കീഴ്ശാന്തിയുടെ സഹായികളായ പരികർമികളിൽ ഒരാളായിട്ടാണ് സന്നിധാനത്തെത്തിയത്. കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നിവടങ്ങളിൽനിന്നുള്ള ധനികരായ അയ്യപ്പന്മാരെ വിശ്വാസത്തിലെടുക്കുന്ന തന്ത്രം ഇങ്ങനെ സൃഷ്ടിച്ചെടുക്കുകയായിരുന്നു. ശബരിമലയിൽ വിലകൂടിയ സമർപ്പണങ്ങൾ നടത്താനുള്ള ഇടനിലക്കാരനായിമാറിയതോടെ ഉണ്ണികൃഷ്ണൻ പോറ്റി സ്‌പോൺസർ എന്നപേരിൽ ഇതരസംസ്ഥാനത്തുള്ളവർക്കിടയിൽ അറിയപ്പെട്ടുതുടങ്ങി. ഇത്തരത്തിൽ വിവിധ ധനികരിൽനിന്ന് പണം സമാഹരിച്ചുള്ള ഒരു സ്‌പോൺസർഷിപ്പായിരുന്നു ദ്വാരപാലക ശില്പങ്ങളിലെ സ്വർണംപൂശലെന്നും വിവരം കിട്ടിയിട്ടുണ്ട്.
സന്നിധാനത്ത് ഒരു ദിവസത്തെ അന്നദാനത്തിന്റെ ചെലവ് മുഴുവനായി വഹിക്കുന്നതരത്തിലുള്ള സ്‌പോൺസർഷിപ്പും ഉണ്ണികൃഷ്ണൻ പോറ്റി ഏറ്റെടുത്തിട്ടുണ്ട്. ഇതിന് ദേവസ്വത്തിൽ അടയ്ക്കേണ്ട തുക ആറുലക്ഷം രൂപയാണ്. എന്നാൽ, ഇതിന്റെ നാലും അഞ്ചും ഇരട്ടി തുകയാണ് ഇയാൾ സമാഹരിച്ചിരുന്നതെന്നാണ് വിവരം. സാധുക്കളായവർക്ക് അയ്യപ്പഭക്തരുടെ സഹായത്താൽ വീടുവെച്ചുകൊടുക്കുന്ന പദ്ധതിയും ഉണ്ണികൃഷ്ണൻ പോറ്റി ഏറ്റെടുത്തിട്ടുണ്ട്. ഏറ്റവും ഒടുവിൽ കായംകുളം കണ്ണമ്പള്ളിയിലാണ് രണ്ട് നിർധനർക്ക് വീടുവെച്ചുകൊടുത്തത്. ബെംഗളൂരുവിലെ പേര് വെളിപ്പെടുത്താത്ത രണ്ട് അയ്യപ്പഭക്തരായിരുന്നു സാമ്പത്തികസഹായം നൽകിയത്. യു. പ്രതിഭ എംഎൽഎ, ദേവസ്വം ബോർഡംഗം എ. അജികുമാർ എന്നിവരാണ് താക്കോൽദാനം നടത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റിയും വേദിയിലുണ്ടായിരുന്നു.
























