Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: 30 ദിവസം ജയിലിൽ കഴിഞ്ഞാൽ പദവിയിൽനിന്ന് നീക്കംചെയ്യുമെന്ന് വ്യവസ്ഥ ചെയ്യുന്ന ബിൽ പരിശോധിക്കുന്ന സംയുക്ത പാർലമെന്ററി സമിതി(ജെപിസി)യുടെ ഭാഗമാകുന്ന കാര്യത്തിൽ പ്രതിപക്ഷത്ത് ഭിന്നാഭിപ്രായം. തൃണമൂൽ കോൺഗ്രസ്, സമാജ് വാദി പാർട്ടി, ശിവസേന (ഉദ്ധവ് പക്ഷം), എഎപി എന്നീ പാർട്ടികളാണ് എതിർപ്പ് പ്രകടമാക്കിയത്. ഭരണപക്ഷത്തിന് ഭൂരിപക്ഷമുള്ള ജെപിസി വെറും പ്രഹസനമാണെന്നും അതിന്റെ ഭാഗമാകേണ്ടതില്ലെന്നുമാണ് ഒരു കൂട്ടരുടെ വാദം. എന്നാൽ, ജെപിസിയിൽനിന്ന് മാറിനിൽക്കുന്നത് ബുദ്ധിയല്ലെന്നും ജെപിസിയുടെ ഭാഗമാകണമെന്നുമുള്ള ചിന്തയാണ് ഡിഎംകെക്കും ഇടതുപക്ഷത്തിനുമുള്ളത്. കോൺഗ്രസും ജെപിസിയുടെ ഭാഗമാകണമെന്ന പക്ഷക്കാരാണ്. എന്നാൽ, ഇക്കാര്യത്തിൽ പ്രതിപക്ഷ നിരയിൽ സമവായമുണ്ടാക്കി മുന്നോട്ടുപോകാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. ഇതുവരെ പ്രതിപക്ഷ പാർട്ടികൾ പ്രതിനിധികളുടെ പേര് സ്പീക്കർക്ക് നൽകിയിട്ടില്ല. ഭിന്നാഭിപ്രായം ഉയരുന്ന സാഹചര്യത്തിൽ ആർജെഡി, എൻസിപി, ഝാർഖണ്ഡ് മുക്തിമോർച്ച പാർട്ടികൾ എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിർണായകമാണ്.
ജെപിസിയിൽനിന്ന് വിട്ടുനിൽക്കുമെന്ന നിലപാട് സ്വീകരിക്കുന്ന ടിഎംസിയുമായും എസ്‌പിയുമായും കോൺഗ്രസ് ബന്ധപ്പെടുന്നുണ്ട്. പ്രതിപക്ഷത്തെ വേട്ടയാടലാണ് കേന്ദ്രസർക്കാർ ബില്ലിലൂടെ ഉദ്ദേശിക്കുന്നതെന്നും ജെപിസി വെറും നാടകവും പ്രഹസനവുമാണെന്ന് തൃണമൂൽ പറയുന്നു. എസ്‌പിക്കും ഇതേ നിലപാടാണ്. സമിതിയിലേക്കില്ലെന്ന് തിങ്കളാഴ്ച ആം ആദ്മി പാർട്ടിയും പ്രഖ്യാപിച്ചിട്ടുണ്ട്. ജെപിസിയിൽ ഭാഗമാകുകയും തങ്ങളുടെ എതിർപ്പ് അവിടെ പ്രകടിപ്പിക്കുകയും ചെയ്യണമെന്നതാണ് കോൺഗ്രസിന്റെ അഭിപ്രായം. അല്ലാത്തപക്ഷം ഇത് ബിജെപി തങ്ങളുടെ അജൻഡ എതിർപ്പില്ലാതെ മുന്നോട്ടുകൊണ്ടുപോകാൻ ആയുധമാക്കുമെന്ന് കോൺഗ്രസിന് അറിയാം.
ഇടതുപക്ഷവും ഡിഎംകെയും കോൺഗ്രസിന്റെ ഈ സമീപനമാണ് സ്വീകരിച്ചത്. എതിർപ്പ് മറികടന്ന് റിപ്പോർട്ട് പാർലമെന്റിൽ കൊണ്ടുവരാൻ ഭരണപക്ഷത്തിന് കഴിഞ്ഞാലും തങ്ങളുടെ വിയോജനക്കുറിപ്പ് അതിനൊപ്പം ചേർക്കാൻ കഴിയുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
ജെപിസിയിലും പാർലമെന്ററി സമിതികളിലും എതിർപ്പും വിയോജനക്കുറിപ്പുമില്ലാതെ വന്നാൽ പിന്നീട് സുപ്രീംകോടതിയിൽ ബില്ല് ചോദ്യം ചെയ്യപ്പെടുമ്പോൾ സർക്കാർ അത് ആയുധമാക്കുമെന്നും കോൺഗ്രസും ഡിഎംകെയും ഇടതുപക്ഷവും കരുതുന്നു. വഖഫ് ബില്ലിൽ പ്രതിപക്ഷത്തിന്റെ എതിർപ്പ് സുപ്രീംകോടതി കണക്കിലെടുത്തതും ഉദാഹരണമായി ഇവർ ചൂണ്ടിക്കാട്ടുന്നു.
ബില്ല് സഭയിൽ അവതരിപ്പിച്ചപ്പോൾ എതിർത്തതാണെന്നും ജെപിസി വെറും പ്രഹസനമാണെന്നുമാണ് തൃണമൂൽ അറിയിച്ചത്. ജെപിസികൊണ്ട് യാതൊരു കാര്യവുമില്ലെന്നാണ് ഉദ്ധവ് താക്കറെ കരുതുന്നതെന്ന് ശിവസേന (ഉദ്ധവ് പക്ഷം) നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ജെപിസിയിൽ എഎപി ഭാഗഭാക്കാകില്ലെന്ന് പാർട്ടി എംപി സഞ്ജയ് സിങ്ങും പറഞ്ഞു.





























