29 C
Trivandrum
Sunday, December 14, 2025

നിലമ്പൂരിലെ അപകടം ഉപതിരഞ്ഞെടുപ്പ് സമയത്ത് വീണു കിട്ടിയ അവസരമാക്കിയെന്ന് വനം മന്ത്രി

Follow the FOURTH PILLAR LIVE channel on WhatsApp 

കോഴിക്കോട്: നിലമ്പൂരിൽ പന്നിക്കെണിയിൽനിന്നു ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ. നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി സംഭവം ഉപയോഗപ്പെടുത്തിയതാണെന്ന സംശയമുണ്ടെന്നും ഇതുവരെ തണുത്ത മട്ടിലായ പ്രചാരണത്തെ കൊഴുപ്പിക്കാനുള്ളൊരു സ്റ്റാർട്ടപ് എന്ന രീതിയിൽ ഈ സംഭവം ബോധപൂർവം ഉണ്ടാക്കിയെടുക്കാൻ സാധിക്കുമല്ലോ എന്നും വനംമന്ത്രി പറഞ്ഞു.

ഇന്നലെയുണ്ടായ സംഭവം ദാരുണവും വേദനാജനകവുമാണ്. പ്രശ്നം അറിഞ്ഞപ്പോൾ മുതൽ അതു വനം വകുപ്പിൻ്റെയും സർക്കാരിൻ്റെയും വീഴ്ചയായി പ്രയോജനപ്പെടുത്താനും പ്രതിഷേധങ്ങൾ നടത്താനുമാണ് ദൗർഭാഗ്യവശാൽ യു.ഡി.എഫും ബി.ജെ.പിയും ശ്രമിക്കുന്നത്. ഇപ്പോൾ വനംവകുപ്പ് ഒരിടത്തും വൈദ്യുതി ഉപയോഗിച്ചുള്ള ഫെൻസിങ് കെട്ടാറില്ല. നിലമ്പൂരിലെ തിരഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തിയതാണ്. ഇങ്ങനെയൊരു പ്രശ്നം ഉണ്ടാക്കിയതാണെന്ന സംശയമുണ്ട്. പ്രദേശവാസികൾ പുറയുന്നത് രാവിലെ അവിടെ ഫെൻസിങ് ഇല്ലായിരുന്നു എന്നാണ്. വൈകിട്ടാണ് ഫെൻസിങ് വന്നത്. ഉടമസ്ഥനും ഫെൻസിങ്ങിനെ പറ്റി അറിയില്ല. അപ്പോൾ ഇതാര് ചെയ്തു, എന്ത് ചെയ്തു, എങ്ങനെ ചെയ്തു, എന്തായിരുന്നു ലക്ഷ്യം. ഒരു രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ട്. അതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കും. ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന ചിന്തയാണ് കേരളത്തിലെ പ്രതിപക്ഷത്തിൻ്റെയും ചില മാധ്യമങ്ങളുടേതും. ആ നിലപാട് പുനഃപരിശോധിക്കണം.

തിരഞ്ഞെടുപ്പ് കാലമാണ്, അതിൻ്റെ ഗുണഭോക്താക്കൾ ആരാണെന്ന് അറിയാമല്ലോ, ആ ഗുണഭോക്താവിൻ്റെ താൽപര്യം സംരക്ഷിക്കാൻ ആരെങ്കിലും ചെയ്തതാണോ എന്ന സംശയമുണ്ട്. നിലമ്പൂരിൽ ബി.ജെ.പിയും പ്രതിപക്ഷവും വിഷയ ദാരിദ്ര്യം അനുഭവിക്കുന്നുണ്ട്. ഇതുവരെ തണുത്ത മട്ടിലായ പ്രചാരണം കൊഴുപ്പിക്കാനുള്ള സ്റ്റാർട്ടപ് എന്ന രീതിയിൽ ഇങ്ങനെയൊരു സംഭവം ബോധപൂർവം ഉണ്ടാക്കിയെടുക്കാൻ സാധിക്കുമല്ലോ. പാവപ്പെട്ട കർഷക ജനതയുടെ വികാരങ്ങളെ തട്ടിയുണർത്താൻ കഴിയുമല്ലോ, ആ വികാരം സർക്കാരിന് എതിരെയാക്കി മാറ്റാൻ കഴിയുമല്ലോ എന്നാലോചിച്ചിട്ടുണ്ടാകും എന്നതിൽ യുക്തിയില്ലെന്ന് പറയാനാവില്ല. രാഷ്ട്രീയ ഗൂഢാലോചനയെങ്കിൽ ആ തട്ടിപ്പ് ജനങ്ങളിലെത്തിക്കാൻ ഇടതുപക്ഷ മുന്നണി വ്യാപകമായ പ്രവർത്തനം നടത്തും. നിലമ്പൂരിൽ നാട്ടുകാർ ഈ പ്രശ്നം അറിയും മുൻപ് മലപ്പുറത്ത് യു.ഡിഎഫിൻ്റെ പ്രകടനം നടന്നു. അതെങ്ങനെ സംഭവിച്ചു. അതൊക്കെ കൂട്ടിവായിക്കുമ്പോൾ സംശയം തോന്നുന്നുണ്ട്. –ശശീന്ദ്രൻ പറ​ഞ്ഞു.

Recent Articles

Related Articles

Special

Enable Notifications OK No thanks