വെഞ്ഞാറമ്മൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാൻ ആത്മഹത്യക്ക് ശ്രമിച്ചു; അതീവ ​ഗുരുതരാവസ്ഥയിൽ

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാൻ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു.
ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് ഉണക്കാൻ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ച് പൂജപ്പുര സെൻട്രൽ ജയിലിലെ ശുചിമുറിയിൽ ആത്മഹത്യാശ്രമം നടത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിലെ വെൻ്റിലേറ്ററിൽ അതീവ ​ഗുരുതരാവസ്ഥയിലാണ്.

ജയിലില്‍ ഒറ്റയ്ക്ക് ഒരു സെല്ലിലാണ് അഫാനെ താമസിപ്പിച്ചിരുന്നത്. ഞായറാഴ്ച ജയിലില്‍ പ്രതികളെ സിനിമ കാണിക്കുന്ന പതിവുണ്ട്. ഇതനുസരിച്ച് ജയില്‍ ഉദ്യോഗസ്ഥര്‍ അഫാനെ ടി.വി. കാണിക്കാനായി കൊണ്ടുപോകുന്നതിനിടെയാണ് ഇയാള്‍ ശൗചാലയത്തില്‍ കയറി ജീവനൊടുക്കാന്‍ ശ്രമിച്ചത്.

ശൗചാലയത്തില്‍ കയറിയ അഫാന്‍ അവിടെ ഉണക്കാനിട്ടിരുന്ന മുണ്ട് ഉപയോഗിച്ചാണ് തൂങ്ങിമരിക്കാന്‍ ശ്രമം നടത്തിയത്. ശൗചാലയത്തില്‍നിന്ന് നിലവിളി കേട്ടതോടെയാണ് ഉദ്യോഗസ്ഥര്‍ സംഭവമറിയുന്നത്. തുടര്‍ന്ന് കുരുക്കഴിച്ച് അഫാനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ഫെബ്രുവരി 24നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. മുത്തശ്ശി സൽമാബീവി, പിതൃസഹോദരൻ ലത്തീഫ്, ലത്തീഫിൻ്റെ ഭാര്യ സജിതാ ബീവി, അഫാൻ്റെ പെൺസുഹൃത്ത് ഫർസാന, ഇളയ സഹോദരൻ അഫ്സാൻ എന്നിവരെയാണ് കൊലപ്പെടുത്തിയത്. രാവിലെ 10നും 6നുമിടയിലായിരുന്നു 5 കൊലപാതകങ്ങളും നടന്നത്. മാതാവ് ഷെമിയെ ആക്രമിച്ചപ്പോൾ മരിച്ചെന്നായിരുന്നു അഫാൻ കരുതിയിരുന്നത്. 5 കൊലപാതകങ്ങൾക്ക് ശേഷം അഫാൻ എലിവിഷം കഴിക്കുകയും പൊലീസിൽ കീഴടങ്ങുകയുമായിരുന്നു. അഫാൻ്റെ മാതാവ് ദീർഘനാളത്തെ ചികിത്സയ്ക്ക് ശേഷം രക്ഷപ്പെട്ടു.

ഈ കൂട്ടക്കൊലപാതക കേസിൽ ആദ്യ കുറ്റപത്രം 2 ദിവസം മുന്‍പാണ് സമർപ്പിച്ചത്. അഫാൻ ആണ് ഏക പ്രതി. പിതൃമാതാവ് പാങ്ങോട് താഴേപാങ്ങോട് മസ്ജിദിനു സമീപം താമസിച്ചിരുന്ന സൽമാബീവിയെ (91) ചുറ്റിക ഉപയോഗിച്ചു അടിച്ചു കൊലപ്പെടുത്തിയ കേസിൽ പാങ്ങോട് എസ്.എച്ച്.ഒ. ജെ.ജിനേഷ് ആണ് ആദ്യ കുറ്റപത്രം നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്.

COMMENT

Recent Articles

Related Articles

Special