Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകയെ സീനിയര്‍ അഭിഭാഷകന്‍ ക്രൂരമായി മർദ്ദിച്ചതായി പരാതി. പാറശ്ശാല സ്വദേശിയായ അഭിഭാഷക ശ്യാമിലിയെ സീനിയർ അഭിഭാഷകനായ ബെയ്‌ലിൻ ദാസ് മർദ്ദിച്ചതായാണ് വഞ്ചിയൂർ പൊലീസിൽ പരാതി നൽകിയത്. മുഖത്ത് പരുക്കേറ്റ അഭിഭാഷക തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. മോപ് സ്‌റ്റിക് ഉപയോഗിച്ച് മുഖത്തടിച്ചതായാണ് പരാതി.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1 മണിയോടെയാണ് സംഭവമെന്ന് വഞ്ചിയൂർ പൊലീസ് പറഞ്ഞു. ഇവർ തമ്മിൽ മുൻപും പല തർക്കങ്ങളുമുണ്ടായിരുന്നു. മോപ് സ്‌റ്റിക് കൊണ്ടുള്ള മർദനത്തിൽ നിലത്തു വീണശേഷം സീനിയർ അഭിഭാഷകൻ ചവിട്ടിയെന്നും ശ്യാമിലി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ സംഭവത്തിൽ ഇതു വരെ പൊലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്‌തിട്ടില്ല.
അതേ സമയം ശ്യാമിലിയെ ക്രൂരമായി മർദ്ദിച്ചതിന് സീനിയർ അഭിഭാഷകൻ ബെയ്‌ലിനെ തിരുവനന്തപുരം ബാർ അസോസിയേഷനിൽനിന്ന് സസ്‌പെൻഡ് ചെയ്‌തു.മർദ്ദനത്തിൽ മുഖത്ത് ഗുരുതരമായ ചതവേറ്റ യുവതിയെ മെഡിക്കൽ കോളജിലേക്ക് മാറ്റിയേക്കും. സംഭവത്തിൽ മഹിളാ അസോസിയേഷൻ വഞ്ചിയൂർ കോടതിക്ക് മുൻപിൽ പ്രതിഷേധവും സംഘടിപ്പിച്ചു.






























