Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: പാകിസ്താൻ യുവതിയുമായുള്ള വിവാഹം മറച്ചുവെച്ചതിന് സി.ആർ.പി.എഫ്. ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു. മുനീർ അഹമ്മദ് എന്ന ഉദ്യോഗസ്ഥനെതിരെയാണ് നടപടി. വിവാഹം അറിയിക്കാതിരുന്നതും വിസ കാലാവധി കഴിഞ്ഞും ഭാര്യക്ക് രഹസ്യമായി താമസിക്കാൻ സൗകര്യം ഒരുക്കിയതും രാജ്യസുരക്ഷയ്ക്ക് എതിരാണെന്നും ഇതാണ് പിരിച്ചുവിടലിന് കാരണമെന്നും സി.ആർ.പി.എഫ്. പ്രസ്താവനയിൽ പറഞ്ഞു.
പാകിസ്താൻ പൗരയായ മിനാൽ ഖാനെ വിവാഹം കഴിക്കാൻ മുനീർ അഹമ്മദ് 2023ൽ വകുപ്പുതല അനുമതി തേടിയിരുന്നു. എന്നാൽ, ഇതിൽ തീരുമാനമാകും മുമ്പ് 2024 മെയിൽ ഇരുവരും വിവാഹിതരായി. വിഡിയോ കോൺഫറൻസിങ് വഴിയാണ് 2 രാജ്യത്തിരുന്ന് വിവാഹച്ചടങ്ങുകൾ പൂർത്തീകരിച്ചത്. 2025 ഫെബ്രുവരിയിൽ ടൂറിസ്റ്റ് വിസയിൽ മിനാൽ ഇന്ത്യയിലെത്തി. പിന്നീട് ദീർഘകാല വിസയ്ക്ക് അപേക്ഷ നൽകിയെങ്കിലും പരിഗണിക്കപ്പെട്ടില്ല. ടൂറിസ്റ്റ് വിസയുടെ കാലാവധി കഴിഞ്ഞെങ്കിലും മുനീർ ഭാര്യയെ ഇന്ത്യയിൽ താമസിപ്പിക്കുകയായിരുന്നു.
പഹൽഗാം ആക്രമണത്തെത്തുടർന്ന് പാക് പൗരന്മാർ ഇന്ത്യ വിടണമെന്ന നിർദേശത്തെത്തുടർന്നാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് മിനാൽ, വാഗ–അട്ടാരി അതിർത്തി വരെ എത്തിയിരുന്നു. പക്ഷേ, ദീർഘകാല വിസയ്ക്ക് അപേക്ഷ നൽകിയിരുന്നത് പരിഗണിക്കണം എന്നാവശ്യപ്പെട്ട് മുനീറിൻ്റെ കുടുംബം ഇതിനിടെ ജമ്മു കശ്മീർ ഹൈക്കോടതിയിൽ ഹർജി നൽകി. തുടർന്ന് അവസാനനിമിഷം രാജ്യം വിടുന്നത് കോടതി താൽക്കാലികമായി മരവിപ്പിക്കുകയായിരുന്നു.
സംഭവം പുറത്തായതിനെത്തുടർന്ന് ജമ്മു കശ്മീരിലെ സുരക്ഷാ മേഖലയിൽ നിന്ന് ഭോപാലിലേക്ക് മുനീർ അഹമ്മദിനെ സ്ഥലം മാറ്റിയിരുന്നു. ഇതാണ് പിരിച്ചുവിടൽ നടപടിയായി പുതുക്കിയത്. പഹൽഗാം ആക്രമണത്തിൽ പ്രതികളായവരെ ശിക്ഷിക്കണമെന്നും പക്ഷേ, അതിൻ്റെ പേരിൽ തങ്ങളെ ഒന്നിച്ച് ജീവിക്കാൻ അനുവദിക്കില്ലെന്ന് നിലപാട് എടുക്കരുതെന്നും മിനാൽ മുമ്പ് പ്രതികരിച്ചിരുന്നു.































