Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഓഫീസിലും ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും ബോംബ് ഭീഷണി. ഇ -മെയിൽ വഴിയാണ് സന്ദേശം ലഭിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30നകം ബോംബ് പൊട്ടുമെന്നാണു സന്ദേശത്തിൽ പറയുന്നത്. ലഹരിക്കെതിരായ നടപടിയിൽ നിന്നും മുഖ്യമന്ത്രി പിന്തിരിയണമെന്നും സന്ദേശത്തിൽ പറയുന്നുണ്ട്.
ഇമെയിലിൻ്റെ ഉറവിടം പൊലീസ് കണ്ടെത്തിയിട്ടില്ല. പൊലീസും ബോംബ് സ്ക്വാഡും പരിശോധന തുടരുകയാണ്. ഗതാഗത കമ്മിഷണറുടെ ഓഫിസ്, നെടുമ്പാശ്ശേരി വിമാനത്താവളം എന്നിവിടങ്ങളിലും ബോംബ് ഭീഷണി ഉണ്ട്. തലസ്ഥാനത്ത് പലയിടങ്ങളിലായി കഴിഞ്ഞ ദിവസങ്ങളിൽ വ്യാജ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലും വീട്ടിലും ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്.
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഞായറാഴ്ച ഭീഷണി സന്ദേശം ലഭിച്ചിരുന്നു. സിറ്റി ട്രാഫിക് കൺട്രോളിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്ത് വിശദമായ പരിശോധന നടത്തി.
തിരുവനന്തപുരം വിമാനത്താവളത്തിലും സമാനമായ ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. മാനേജരുടെ ഇ-മെയിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. ഞായറാഴ്ച ഉച്ചയോടെയാണ് വിമാനത്താവളത്തിലേക്ക് സന്ദേശമെത്തിയത്. ഭീഷണി സന്ദേശത്തിൻ്റെ പശ്ചാത്തലത്തിൽ വിമാനത്താവളത്തിൽ പരിശോധന ശക്തമാക്കി.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് 2 ആഡംബര ഹോട്ടലുകളിൽ വ്യാജ ബോംബ് ഭീഷണിയുണ്ടായിരുന്നു. ശനി രാവിലെ 11 ഓടെയാണ് സെക്രട്ടറിയറ്റിന് സമീപത്തുള്ള ഹിൽട്ടൽ ഹോട്ടലിലും ആക്കുളം പാലത്തിനുസമീപത്തുള്ള ഗോകുലം ഗ്രാൻഡ് ഹോട്ടലിലും വ്യാജ ബോംബ് ഭീഷണികളെത്തിയത്. ബോംബ് സ്ക്വാഡ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ഹിൽട്ടൺ ഹോട്ടലിൻ്റെ മെയിലിലേക്കാണ് ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശമെത്തിയത്. ഹോട്ടൽ അധികൃതർ അറിയിച്ചതിനെ തുടർന്ന് കൻ്റോൺമെൻ്റ് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. ബോംബ് വച്ചിട്ടുണ്ടെന്നും ഉച്ചയോടെ പൊട്ടുമെന്നുമായിരുന്നു ആക്കുളത്തെ ഹോട്ടലിൽ വന്ന ഇ-മെയിൽ സന്ദേശം.
വഞ്ചിയൂരിലെ ജില്ലാ കോടതിയിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വെള്ളിയാഴ്ച ഇ–മെയിൽ വഴി സന്ദേശം എത്തിയിരുന്നു. വൈകിട്ട് സ്‌ഫോടനം നടക്കുമെന്ന് കോടതിയുടെ ഔദ്യോഗിക മെയിലിൽ വെള്ളിയാഴ്ച രാവിലെയാണ് ഭീഷണി സന്ദേശം എത്തിയത്. പൊലീസ് ബോംബ് സ്ക്വാഡിൻ്റെ സഹായത്തോടെ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കഴിഞ്ഞ 2 മാസത്തിനിടെ വിവിധ സർക്കാർ ഓഫീസുകളിൽ വ്യാജ ബോംബ് ഭീഷണികളുമായി ബന്ധപ്പെട്ട് 5 കേസുകളാണ് സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്‌തത്.
മേയ് 2ന് വിഴിഞ്ഞം തുറമുഖത്തിൻ്റെ കമ്മീഷനിങ്ങിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തുന്നുണ്ട്. അടിയ്ക്കടി റിപ്പോർട്ട് ചെയ്യുന്ന വ്യാജ ബോംബ് ഭീഷണികളെ അതീവ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്.