Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: പല കാര്യങ്ങളിലും ചരിത്രം സൃഷ്ടിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കണ്ടെയ്നർ നീക്കത്തിൻ്റെ കാര്യത്തിലും അതു തുടരുന്നു. വിഴിഞ്ഞം തുറമുഖത്തെ ഓട്ടോമേറ്റഡ് സി.ആർ.എം.ജി. ക്രെയിനുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നവരിൽ പകുതിയോളം വനിതകളാണ്. ഇന്ത്യയിൽ ആദ്യമായാണ് ഒരു തുറമുഖത്ത് യാർഡ് ക്രെയിനുകൾ വനിതാ ഓപ്പറേറ്റർമാർ നിയന്ത്രിക്കുന്നത്.
വിഴിഞ്ഞം തുറമുഖത്ത് ജോലിചെയ്യുന്ന 20 ക്രെയിൻ ഓപ്പറേറ്റർമാരിൽ 9 പേർ വനിതകളാണ്. ഈ വനിതാ ഓപ്പറേറ്റർമാരിൽ 7 പേർ വിഴിഞ്ഞത്ത് നിന്നുള്ള സ്വദേശികളാണെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. വിഴിഞ്ഞം, കോട്ടപ്പുറം, പൂവാർ സ്വദേശിനികളായ പി.പ്രിനു, എസ്.അനിഷ, എൽ.സുനിത രാജ്, ഡി.ആർ.സ്റ്റെഫി റബീറ, ആർ.എൻ.രജിത, പി.ആശാലക്ഷ്മി, എ.വി.ശ്രീദേവി, എൽ.കാർത്തിക, ജെ.ഡി.നതാന മേരി എന്നിവരാണ് വിഴിഞ്ഞം തുറമുഖത്തെ വനിതാ ക്രെയിൻ ഓപ്പറേറ്റർമാർ. ഇവരിൽ പലരും മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ളവരാണ്.
കണ്ടെയ്നറുകളുടെ നീക്കം അത്യാധുനിക റിമോട്ട് ഡെസ്ക് വഴി നിയന്ത്രിക്കുന്നതിനായി വിദഗ്ദ്ധ പരിശീലനം പൂർത്തിയാക്കിയ ഇവർ നാടിൻ്റെ അഭിമാനമായി മാറിയിരിക്കുകയാണ്. സങ്കീർണ്ണമായ യന്ത്രസാങ്കേതികവിദ്യയുടെ പ്രവർത്തനത്തിൽ വനിതകളുടെ പങ്കാളിത്തം കേരളം മുന്നോട്ട് വയ്ക്കുന്ന മറ്റൊരു മാതൃകയായി മാറുന്നു.































