Follow the FOURTH PILLAR LIVE channel on WhatsApp
വാഷിങ്ടണ്‍: 26 പേരുടെ ജീവനപഹരിച്ച പഹല്‍ഗാം ഭീകരാക്രമണത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ തിരഞ്ഞുപിടിക്കാനുള്ള ഇന്ത്യയുടെ ഉദ്യമത്തില്‍ അമേരിക്കയുടെ പിന്തുണയുണ്ടാകുമെന്ന് യു.എസ് ഇൻ്റലിജന്‍സ് മേധാവി തുള്‍സി ഗബ്ബാര്‍ഡ്. പഹല്‍ഗാം ഭീകരാക്രമണത്തിൻ്റെ ഉത്തരവാദികളെ ഉറപ്പായും നിയമത്തിനു മുന്നിൽ എത്തിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു. സമൂഹമാധ്യമമായ എക്സിലൂടെയാണ് തുള്‍സി ഗബ്ബാര്‍ഡിൻ്റെ പ്രതികരണം.
പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്കൊപ്പം, ഇന്ത്യയിലെ ജനങ്ങൾക്കൊപ്പം ഞങ്ങളുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പിന്തുണ അറിയിക്കുന്നു. ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ വേട്ടയാടുമ്പോൾ ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തെ പിന്തുണയ്ക്കുന്നു– തുൾസി ഗബ്ബാർഡ് എക്സിൽ കുറിച്ചു. ഹിന്ദുക്കളെ കൊല്ലാൻ ലക്ഷ്യമിട്ടുള്ള ഇസ്‌ലാമിക ഭീകരതയാണ് പഹൽഗാമിൽ നടന്നതെന്നും അവർ വിലയിരുത്തി.
പഹൽഗാം ഭീകരാക്രമണത്തിൽ യു.എസ്. ഇന്ത്യക്കൊപ്പമാണെന്ന് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ചാണ് ട്രംപ് പിന്തുണ പ്രഖ്യാപിച്ചത്. അമേരിക്ക ഇന്ത്യക്കൊപ്പമാണെന്നും ഭീകരവാദത്തെ ശക്തമായി എതിര്‍ക്കുന്നതായും വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റുബിയോയും വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് ഇൻ്റലിജൻസ് മേധാവിയും പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.