Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി ഒന്നാംപ്രതിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രണ്ടാം പ്രതിയുമായ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) തിരിച്ചടി. സോണിയയ്ക്കും രാഹുലിനും നോട്ടിസ് അയയ്ക്കാൻ ഡൽഹി റോസ് അവന്യു കോടതി വിസമ്മതിച്ചു. ആവശ്യമായ രേഖകളെല്ലാം ഹാജരാക്കണമെന്ന് സ്പെഷൽ ജഡ്‌ജ് വിശാൽ ഗോഗ്നെ ഇ.ഡിയോട് ആവശ്യപ്പെട്ടു.
ഉത്തരവ് നീട്ടിക്കൊണ്ടുപോകുന്നതിനു താല്പര്യമില്ലെന്നും വെള്ളിയാഴ്ച തന്നെ നോട്ടിസ് പുറപ്പെടുവിക്കണം എന്നുമായിരുന്നു ഇ.ഡിയുടെ ആവശ്യം. എന്നാൽ നോട്ടിസ് പുറപ്പെടുവിക്കുന്നതിനു മുമ്പ് എന്തെങ്കിലും ന്യൂനതകളുണ്ടോയെന്നു പരിശോധിക്കേണ്ടതുണ്ടെന്നു കോടതി വ്യക്തമാക്കി. കുറ്റപത്രത്തിൽ ചില രേഖകളില്ലെന്നും അവ ഇ.ഡി. ഹാജരാക്കണമെന്നും അതിനു പിന്നാലെ നോട്ടിസ് നൽകുന്നതിൽ തീരുമാനമെടുക്കുമെന്നും കോടതി വ്യക്തമാക്കി. മേയ് 2ന് കേസ് കോടതി വീണ്ടും പരിഗണിക്കും. കേസിൽ സോണിയ ഗാന്ധിയ്ക്കും രാഹുൽ ഗാന്ധിക്കുമെതിരെ ഏപ്രിൽ 15ന് ഇ.ഡി. കുറ്റപത്രം സമർപ്പിച്ചിരുന്നു.
2012 നവംബറില്‍ ബി.ജെ.പി. നേതാവ് ഡോ.സുബ്രഹ്‌മണ്യന്‍ സ്വാമി ഉന്നയിച്ച നാഷണല്‍ ഹെറാല്‍ഡ് ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസിലാണ് ഇ.ഡി. കുറ്റപത്രം. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അടക്കം 7 പ്രതികളെക്കുറിച്ചാണ് കുറ്റപത്രത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്.
2000 കോടി രൂപയുടെ സ്വത്തുക്കള്‍ 50 ലക്ഷം രൂപ നല്‍കി സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും 38 ശതമാനം വീതം ഓഹരികളുള്ള യങ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി തട്ടിയെടുത്തു എന്നതാണ് നാഷണല്‍ ഹെറാള്‍ഡ് ഭൂമിയിടപാടുമായി ബന്ധപ്പെട്ട പരാതി.