Follow the FOURTH PILLAR LIVE channel on WhatsApp
മൈസൂരു: കുശാൽ നഗറിൽ കൊലക്കുറ്റം ചുമത്തപ്പെട്ട് ജയിലായിരുന്ന ഭർത്താവിന് ‘കൊല്ലപ്പെട്ട’ ഭാര്യ തിരിച്ചെത്തിയതിനെത്തുടർന്ന് മോചനം. കുടക് ജില്ലയിലെ ബസവനഹള്ളി ആദിവാസി കോളനിയിലെ കെ.സുരേഷിനെയാണ് (35) മൈസൂരു അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി ഗുരുരാജ് വെറുതേവിട്ടത്. വിചാരണക്കാലത്ത് സുരേഷ് രണ്ടര വർഷം തടവുശിക്ഷയും അനുഭവിച്ചിരുന്നു.
സുരേഷിൻ്റെ ഭാര്യ മല്ലികയെ 2020ലാണ് കാണാതാകുന്നത്. തുടർന്ന് ദിവസങ്ങൾക്കുള്ളിൽ മൈസൂരു ജില്ലയിലെ ബെട്ടഡാപുര പൊലീസ് സ്റ്റേഷൻ പരിധിയിലെ കാവേരി തീരത്തുനിന്ന് ഒരു സ്ത്രീയുടെ അസ്ഥികൂടഅവശിഷ്ടം കണ്ടെത്തി. ഇത് മല്ലികയുടേതാണെന്നും സുരേഷ് ഇവരെ കൊലപ്പെടുത്തുകയാണെന്നും കാണിച്ച് പൊലീസ് കുറ്റപത്രം നൽകി.
എന്നാൽ, ഇക്കഴിഞ്ഞ ഏപ്രിൽ 1ന് ദക്ഷിണ കുടകിലെ ഷെട്ടിഗേരിക്ക് സമീപം മല്ലികയെ മറ്റൊരാൾക്കൊപ്പം സുരേഷിൻ്റെ സുഹൃത്തുക്കൾ കണ്ടു. ഈ വിവരം ചൂണ്ടിക്കാട്ടി കേസ് വീണ്ടും പരിഗണിക്കണമെന്ന് സുരേഷിൻ്റെ അഭിഭാഷകൻ കോടതിയിൽ അപേക്ഷ നൽകി. മല്ലിക സുഹൃത്ത് ഗണേഷിനൊപ്പം മടിക്കേരിയിലെ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിൻ്റെ വീഡിയോയും ഹാജരാക്കി.
ബലംപ്രയോഗിച്ച് പൊലീസ് കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്ന് സുരേഷ് കോടതിയെ അറിയിച്ചു. കണ്ടെത്തിയ മൃതദേഹത്തിൻ്റെ ഡി.എൻ.എ. ഫലംപോലും പരിശോധിക്കാതെ സുരേഷിനെ കുറ്റക്കാരനാക്കിയതിൽ പൊലീസിനെ കോടതി രൂക്ഷമായി വിമർശിച്ചു. പൊലീസിനുണ്ടായ വീഴ്ചസംബന്ധിച്ച് കുടക് ജില്ലാ പൊലീസ് സൂപ്രണ്ടിൻ്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുകയാണ്.