Follow the FOURTH PILLAR LIVE channel on WhatsApp
കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിൽ പ്രതി അസം സ്വദേശി അമിത് ഒറാങ് പിടിയിൽ. തൃശ്ശൂർ മാളയിൽനിന്നാണ് ഇയാളെ അന്വേഷണം സംഘം പിടികൂടിയത്. മാളയിൽ കോഴിഫാമിൽ ഒളിവിൽ കഴിയുകയായിരുന്നു. കോഴി ഫാമിൽ ഇതരസംസ്ഥാന തൊഴിലാളികൾക്കൊപ്പമായിരുന്നു ഇയാൾ ഉണ്ടായിരുന്നത്.
കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കൽ ശ്രീവത്സം വീട്ടിൽ ടി.കെ.വിജയകുമാർ (64), ഭാര്യ ഡോ.മീര (62) എന്നിവരാണ് വീടിനുള്ളിൽ ക്രൂരമായി കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ജോലിക്കാരി രേവമ്മ വന്നപ്പോഴാണ് കൊലപാതകവിവരമറിയുന്നത്. കേൾവിപരിമിതിയുള്ള തോട്ടക്കാരൻ ബോണ്ട് രാജ് ഔട്ട്ഹൗസിൽ ഉണ്ടായിരുന്നെങ്കിലും വിവരം അറിഞ്ഞിരുന്നില്ല. തിങ്കളാഴ്ച രാത്രി 12.30നും 1.00നും ഇടയിലാണ് കൊല നടന്നതെന്ന് കരുതുന്നു.
മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളുടെ പക്കൽ പത്തോളം മൊബൈൽ ഫോണുകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മൊബൈൽ ഫോൺ മാറ്റിയായിരുന്നു ഉപയോഗിച്ചിരുന്നത്.
കൊലയ്ക്കുശേഷം വിജയകുമാറിൻ്റെയും ഭാര്യയുടേയും ഫോൺ പ്രതി മോഷ്ടിച്ചിരുന്നു. ഇതിൽ ഒരു ഫോൺ ഓൺ ആയിരുന്നു. ഇതിൻ്റെ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. കൊലപാതകം നടത്തി 24 മണിക്കൂറിനുള്ളിലാണ് പ്രതിയെ പിടികൂടിയത്.