Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: ഇൻ്റലിജൻസ് ബ്യൂറോ (ഐ.ബി.) ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹപ്രവര്‍ത്തകനും സുഹൃത്തുമായ സുകാന്ത് സുരേഷിനെ പിരിച്ചുവിട്ടു. പൊലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സുകാന്തിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടത്. പ്രൊബേഷൻ സമയമായതിനാൽ നിയമ തടസ്സങ്ങൾ ഇല്ലെന്നാണ് ഐ.ബി. വിലയിരുത്തൽ. കേസിൻ്റെ വിശദാംശങ്ങളടക്കം പരിശോധിച്ച ശേഷമാണ് രഹസ്യാന്വേഷണ ബ്യൂറോയുടെ തീരുമാനം.
മരണത്തില്‍ സുകാന്തിന് പങ്കുണ്ടെന്ന് ഉദ്യോഗസ്ഥയുടെ കുടുംബം ആരോപിച്ചിരുന്നു. അതേസമയം ഐ.ബി ഉദ്യോഗസ്ഥയുടെ മരണശേഷം ഒളിവിൽ പോയ സുകാന്ത് സുരേഷിനെ ഇനിയും കണ്ടെത്താനായിട്ടില്ല. പ്രതിയെക്കുറിച്ചു വിവരങ്ങൾ ഇല്ലെന്നാണ് പൊലീസ് പറയുന്നത്.
മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ മേല്‍പാലത്തിനു സമീപത്തെ ട്രാക്കില്‍ മരിച്ച നിലയില്‍ ഐ.ബി ഉദ്യോഗസ്ഥയെ കണ്ടെത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നു ജോലി ചെയ്തിറങ്ങിയ ശേഷമാണ് ഐ.ബി. ഉദ്യോഗസ്ഥ ട്രെയിനിനു മുന്നിൽ ചാടി മരിക്കുന്നത്. സഹപ്രവർത്തകനും സുഹൃത്തുമായിരുന്ന സുകാന്തുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു. സാമ്പത്തിക മായും ശാരീരമായും ചൂഷണം ചെയ്ത ശേഷം വിവാഹ ബന്ധത്തിൽ നിന്നും സുകാന്ത് പിൻമാറിയതിൻ്റെ മാനസിക വിഷമനത്തിലാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പൊലിസ് കേസ്. പെണ്‍കുട്ടി ഗർഫഭഛിദ്രം നടത്തിയതിനുള്ള തെളിവുകളും ഇവർ തമ്മിലുള്ള വാട്സാപ്പ് ചാറ്റും ഉള്‍പ്പെടെ പൊലിസിന് ലഭിച്ചു. മരിക്കുന്നതിന് മുമ്പും പെണ്‍കുട്ടി സംസാരിച്ചിരിക്കുന്നത് സുകാന്തിനോടാണ്.
സുകാന്തും മാതാപിതാക്കളും പിന്നാലെ ഒളിവിൽ പോയി. മകളുടെ അക്കൗണ്ടിൽ നിന്നും സുകാന്തിൻെറ അക്കൗണ്ടിലേക്ക് പണം കൈമാറിയ വിവരം ബന്ധുക്കള്‍ വെളിപ്പെടുത്തിയതോടെയാണ് പൊലീസ് സുകാന്തിനെതിരെ അന്വേഷണം ശക്തമാക്കിയത്. പിന്നാലെ സുകാന്ത് ഹൈക്കോടതിയെ മുൻകൂർ ജാമ്യാപേക്ഷയുമായി സമീപിച്ചു. പല സ്ഥലങ്ങളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.