Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: കോതമംഗലത്തിനു സമീപം പോത്താനിക്കാട്ട് ഫുട്‌ബോള്‍ ടൂര്‍ണമെൻ്റിനായി താത്കാലികമായി നിര്‍മിച്ച ഗാലറി തകര്‍ന്നുവീണ് 52 പേർക്ക് പരുക്കേറ്റു. അടിവാട് ഹീറോ യങ്‌സ് ക്ലബ്ബിൻ്റെ നേതൃത്വത്തില്‍ നടന്നുവന്നിരുന്ന അഖിലകേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെൻ്റിൻ്റെ ഫൈനല്‍ ദിവസമായ ഞായറാഴ്ചയാണ് അപകടം ഉണ്ടായത്.
ഫൈനല്‍ മത്സരം തുടങ്ങുന്നതിന് തൊട്ടുമുന്‍പ് രാത്രി 10 മണിയോടെയാണ് അപകടം. മത്സരം തുടങ്ങുന്നതിന് മുമ്പ് വിജയികൾക്കുള്ള ട്രോഫിയുമായി സംഘടകർ ഗ്രൗണ്ടിനകത്ത് വലം വയ്ക്കുന്നതിനിടെയായിരുന്നു അപകടം .
ഗ്രൗണ്ടിൻ്റെ പടിഞ്ഞാറുവശത്ത് ഇരുമ്പും തടിയും ഉപയോഗിച്ച് നിര്‍മിച്ചിരുന്ന ഗാലറിയാണ് തകര്‍ന്നത്. ഫൈനല്‍ മത്സരം കാണുന്നതിന് കൂടുതല്‍ പേര്‍ ഗാലറിയില്‍ കയറിയതാണ് ഗാലറി തകരാന്‍ ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം.
സാരമായി പരുക്കേറ്റ 4 പേരെ രാജഗിരി ആശുപത്രിയിലും മറ്റുള്ളവരെ കോതമംഗലത്തെയും മൂവാറ്റുപുഴയിലെയും ആശുപത്രികളിലും പ്രവേശിപ്പിച്ചു. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തി.
സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ പോലിസ് കേസെടുത്തിട്ടുണ്ട്. മതിയായ സുരക്ഷാ സൗകര്യങ്ങള്‍ ഉറപ്പാക്കാതെയാണ് ഗാലറി ഒരുക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് പോത്താനിക്കാട് പൊലിസിൻ്റെ നടപടി.