Follow the FOURTH PILLAR LIVE channel on WhatsApp
തലശ്ശേരി: ബി.ജെ.പിയെ പരസ്യമായി വിമര്‍ശിച്ച് തലശ്ശേരി ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. മതേതരത്വം ഭരണഘടന രാജ്യത്തിന് നല്‍കുന്ന ഏറ്റവും ശക്തമായ ഉറപ്പായിട്ടും ഇഷ്ടപ്പെട്ട മതത്തില്‍ വിശ്വസിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ കുരിശിൻ്റെ വഴി സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജബല്‍പൂരിലും മണിപുരിലും വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണ്ഡഹാറിലുമെല്ലാം എത്രയോ മിഷണറിമാരെയും വിശ്വാസികളെയും ക്രിസ്ത്യാനിയായതിൻ്റെ പേരില്‍ ഉപദ്രവിച്ചിട്ടുണ്ട്. ദുഃഖവെള്ളിയില്‍ കണ്ണൂര്‍ നഗരത്തില്‍ തങ്ങള്‍ നടത്തിയത് പോലുള്ള പ്രദക്ഷിണങ്ങള്‍ നടത്താന്‍ സാധിക്കാത്തതും അനുവാദമില്ലാത്തതുമായ നിരവധി നഗരങ്ങള്‍ ഇന്ത്യയിലുണ്ടെന്നും പാംപ്ലാനി ചൂണ്ടിക്കാട്ടി.
ഇഷ്ടപ്പെട്ട മതത്തില്‍ വിശ്വസിച്ചുവെന്ന പേരില്‍ നിരവധി പേര്‍ക്ക് സമാധാനം നിഷേധിക്കപ്പെടുന്നു. അവരുടെ കണ്ണീര്‍ കാണേണ്ടി വരികയാണ്. മതേതരത്വം ഭരണഘടന ഉറപ്പ് തന്നിട്ടും അതിന് സാധിക്കാത്ത അവസ്ഥയാണിന്നെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ബിഷപ്പ് പാംപ്ലാനി നടത്തിയ പല പരാമര്‍ശങ്ങളും ബി.ജെ.പി അനുകൂലമാണെന്ന രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ വിമര്‍ശനം.