29 C
Trivandrum
Thursday, July 3, 2025

ഹാൻഡ്സ് ഓഫ്: ട്രംപിനെതിരെ യു.എസിൽ വൻ പ്രതിഷേധം

Follow the FOURTH PILLAR LIVE channel on WhatsApp 

വാഷിങ്ടൺ: പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെയും അദ്ദേഹത്തിൻ്റെ ഉപദേശകനും ടെസ്ല സി.ഇ.ഒയുമായ ഇലോൺ മസ്കിൻ്റെയും നയങ്ങൾക്കെതിരെ അമേരിക്കൻ തെരുവോരങ്ങളിൽ പ്രതിഷേധജ്വാല. വാഷിങ്ടൺ, ന്യൂയോർക്ക്, ഹൂസ്റ്റൺ, ഫ്ലോറിഡ, കൊളറാഡോ, ലൊസ് ആഞ്ജലിസ് തുടങ്ങിയ പ്രമുഖ നഗരങ്ങളിലുൾപ്പെടെ യുഎസിൻ്റെ 50 സംസ്ഥാനങ്ങളിലും പ്രതിഷേധങ്ങൾ നടന്നു. രാജ്യത്താകമാനം 1,200 കേന്ദ്രങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. ജനുവരിയിൽ ട്രംപ് അധികാരത്തിലെത്തിയതിനുശേഷം അദ്ദേഹത്തിനെതിരെ നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധമാണിത്. 5 ലക്ഷത്തോളം പേർ സമരത്തിൽ പങ്കെടുത്തെന്നാണ് കണക്ക്.

പൗരാവകാശസംഘടനകൾ, തൊഴിലാളി യൂണിയനുകൾ, എൽ.ജി.ബി.ടി.ക്യു. പ്രവർത്തകർ, തിരഞ്ഞെടുപ്പ് പരിഷ്കാരത്തിനായി വാദിക്കുന്നവർ തുടങ്ങിയവരുൾപ്പെടെ 150ലേറെ സംഘങ്ങളുടെ നേതൃത്വത്തിലായിരുന്നു രാജ്യവ്യാപക പ്രതിഷേധം. ചെലവു ചുരുക്കലിൻ്റെ ഭാഗമായുള്ള കൂട്ടപ്പിരിച്ചുവിടൽ, സാമ്പത്തികരംഗത്തെയും മനുഷ്യാവകാശമേഖലയിലെയും പ്രശ്നങ്ങൾ, ഉയർന്ന തീരുവ ചുമത്തൽ, ഗർഭച്ഛിദ്ര വിലക്ക് തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം. ട്രംപ് അധികാരത്തിലെത്തിയതിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ പ്രതിഷേധത്തിനായിരുന്നു കഴിഞ്ഞ ദിവസം അമേരിക്ക സാക്ഷ്യംവഹിച്ചത്. യു.എസിന് രാജാവ് വേണ്ടെന്ന പ്ലക്കാർഡുകളും പ്രതിഷേധനിരയിൽ ഉയർന്നു.

ശതകോടീശ്വരന്മാരുടെ സഹായത്തോടെ ട്രംപ് നടത്തുന്ന ഏകാധിപത്യ പ്രവൃത്തികളെ അപലപിക്കുന്നതായി ഹാൻഡ്സ് ഓഫ് എന്നു പേരിട്ട പ്രതിഷേധത്തിൻ്റെ സംഘാടകർ വ്യക്തമാക്കി. സാമ്പത്തിക ഭ്രാന്താണ് ട്രംപ് കാണിക്കുന്നതെന്നും അദ്ദേഹം ആഗോളമാന്ദ്യത്തിലേക്ക് ലോകത്തെ തളളിവിടുകയാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു. യു.എസിനു പുറത്ത് ലണ്ടൻ, ബെർലിൻ തുടങ്ങിയ യൂറോപ്യൻ നഗരങ്ങളിലും പ്രതിഷേധങ്ങൾ നടന്നു.

അതേസമയം, പ്രതിഷേധത്തെ തള്ളിക്കളയുകയാണെന്നു വൈറ്റ്ഹൗസ് പ്രതികരിച്ചു. തൻ്റെ നയങ്ങളിൽ മാറ്റം വരുത്താൻ പോകുന്നില്ലെന്ന് ട്രംപ് ആവർത്തിക്കുകയും ചെയ്തിട്ടുണ്ട്.

Recent Articles

Related Articles

Special