Follow the FOURTH PILLAR LIVE channel on WhatsApp
കണ്ണൂർ: ഫുട്ബോൾ കളിക്കളത്തിലെ പ്രസാദാത്മക വ്യക്തിത്വം വിടവാങ്ങി. പ്രതിരോധനിരക്കാർക്കും ആരാധകരെ സൃഷ്ടിക്കാനാവുമെന്ന് തെളിയിച്ച മലയാളത്തിൻ്റെ പ്രിയ കാൽപ്പന്തു കളിക്കാരൻ എം.ബാബുരാജ് (60) അന്തരിച്ചു. ടച്ച് ലൈനിന് സമാന്തരമായി കുതിച്ചെത്തുന്ന എതിര്‍ സ്ട്രൈക്കറുടെ ബൂട്ടുകളില്‍നിന്ന് തന്ത്രപൂര്‍വം പന്ത് റാഞ്ചിയെടുത്ത് ഏറ്റവുമടുത്തുള്ള കൂട്ടുകാരന് കൈമാറിയശേഷം ഒന്നും സംഭവിക്കാത്ത മട്ടില്‍ അടുത്ത ആക്രമണം കാത്തുനില്‍ക്കുന്ന വിങ് ബാക്ക് ഇനി ഓർമ്മ.
കേരളത്തിൻ്റെയും കേരളാ പൊലീസിൻ്റെയും വിശ്വസ്തനായ പ്രതിരോധ ഭടനായിരുന്നു ബാബുരാജ്. കേരളത്തെ സന്തോഷ് ട്രോഫിയിൽ പ്രതിനിധീകരിച്ച ഇദ്ദേഹം കേരള പൊലീസ് 2 തവണ ഫെഡറേഷൻ കപ്പ് സ്വന്തമാക്കിയപ്പോഴും ടീമിൻ്റെ അവിഭാജ്യ ഘടകമായിരുന്നു.
1964ൽ പയ്യന്നൂരിലെ അന്നൂരിൽ ജനിച്ച ബാബുരാജ് കേരള പൊലീസിൻ്റെ ലെഫ്റ്റ് വിങ് ബാക്ക് താരമായിരുന്നു. വിദ്യാഭ്യാസകാലത്ത് പയ്യന്നൂർ കോളേജ് ടീമിൽ അംഗമായി. പയ്യന്നൂർ ടൗൺ സ്പോർട്സ് ക്ലബ്ബ്, പയ്യന്നൂർ ബ്ലൂസ്റ്റാർ ക്ലബ്ബ് എന്നിവയ്ക്കുവേണ്ടി നിരവധി ടൂർണ്ണമെൻ്റുകൾ കളിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കുവേണ്ടിയും കളിച്ചിട്ടുണ്ട്.
1986ൽ ഹവിൽദാറായി കേരള പൊലീസിൽ ചേർന്നു. യു.ഷറഫലി, വി.പി.സത്യൻ, ഐം.എം.വിജയൻ , സി.വി.പാപ്പച്ചൻ, കെ.ടി.ചാക്കോ, ഹബീബ് റഹ്മാൻ തുടങ്ങിയവർക്കൊപ്പം പൊലീസ് ടീമിൻ്റെ ആദ്യ ഇലവനിൽ മിന്നുന്ന പ്രകടനം കാഴ്ചവെയ്ക്കാൻ ബാബുരാജിന് സാധിച്ചു. 2008ൽ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ കരസ്ഥമാക്കി. 2020-ല്‍ കേരള പൊലീസില്‍നിന്ന് അസിസ്റ്റൻ്റ് കമാൻഡൻ്റായി വിരമിച്ചു.
അച്ഛൻ: പരേതനായ നാരായണൻ, അമ്മ: എം.നാരായണി, ഭാര്യ:യു.പുഷ്പ,. മക്കൾ: സുജിൻ രാജ് (ബംഗളൂരു), സുബിൻ രാജ് (വിദ്യാർത്ഥി). മരുമക്കൾ: പ്രകൃതിപ്രിയ (ബക്കളം), സഹോദരങ്ങൾ: എം.അനിൽ കുമാർ (മുൻ എം.ആർ.സി. താരം), എം.അനിത കുമാരി, പരേതനായ എം. വേണുഗോപാൽ. സംസ്‍കാരം ഞായറാഴ്ച രാവിലെ 11ന് മൂരിക്കൊവ്വൽ സമുദായ ശ്മശാനത്തിൽ നടക്കും.