29 C
Trivandrum
Friday, April 25, 2025

ലഹരിവിപത്തിനെ ചെറുക്കാൻ അതിവിപുല ജനകീയ ക്യാമ്പയിനുമായി സർക്കാർ

Follow the FOURTH PILLAR LIVE channel on WhatsApp 

    • വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രൂപരേഖ തയ്യാറാക്കും

തിരുവനന്തപുരം: ലഹരിവിപത്തിനെ ചെറുക്കാൻ എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് അതിശക്തമായ ക്യാമ്പയിന് സർക്കാർ നേതൃത്വം നൽകും. നിലവിലുള്ള എല്ലാ ക്യാമ്പയിനുകളും സംയോജിപ്പിച്ച് ഏപ്രിൽ മുതൽ അതിവിപുലമായ ലഹരി വിരുദ്ധ ക്യാമ്പയിൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മയക്കുമരുന്നിനെതിരായ ക്യാമ്പയിൻ്റെ ഭാഗമായി നിയമസഭാ മന്ദിരത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മാർച്ച് 30ന് വിദഗ്ധരുടെയും വിദ്യാര്‍ത്ഥി-യുവജന സംഘടനകളുടെയും സിനിമ-സാംസ്‌കാരിക-മാധ്യമ മേഖലകളിലെ സംഘടനകളുടെയും അധ്യാപക-രക്ഷാകര്‍തൃ സംഘടനകളുടെയും യോഗം ചേര്‍ന്ന് കര്‍മ്മപദ്ധതി തയ്യാറാക്കും.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ രൂപരേഖ തയ്യാറാക്കാനായി വിവിധ വകുപ്പുകള്‍ ചേര്‍ന്ന സമിതി രൂപവത്കരിക്കും. എല്‍.പി. ക്ലാസുകള്‍ മുതല്‍ തന്നെ ലഹരിവിരുദ്ധ ബോധവത്ക്കരണം തുടങ്ങണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

കുട്ടികളെ കായിക രംഗത്ത് ആകര്‍ഷിക്കാന്‍ കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കണം. ഹോസ്റ്റലുകളും പൊതുഇടങ്ങളും ലഹരിമുക്തമാണെന്ന് ഉറപ്പാക്കാനുള്ള നടപടികള്‍ കൈക്കൊള്ളണം. പരിശോധന കര്‍ശനമാക്കണം. പോലീസിൻ്റെയും എക്‌സൈസിൻ്റെയും എന്‍ഫോഴ്‌സ്‌മെൻ്റ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കണം. ലഹരിവില്‍പ്പന നടത്തുന്ന കടകള്‍ അടച്ചുപൂട്ടുന്നതിനുള്ള നടപടി തദ്ദേശസ്വയംഭരണ വകുപ്പ് കൈക്കൊള്ളണം. മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്താനുള്ള ആധുനിക ഉപകരണങ്ങള്‍ വാങ്ങണം. സ്‌നിഫര്‍ ഡോഗ്‌ സാന്നിധ്യം വര്‍ദ്ധിപ്പിക്കണം. ആവശ്യമെങ്കില്‍ മറ്റു സംസ്ഥാനങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് നടപടികളിലേക്കു നീങ്ങണം.

ഓൺലൈൻ ലഹരി വ്യാപാരം തടയാനുള്ള നടപടികൾ ശക്തമാക്കും. എയർപോർട്ട്, റെയിൽവേ, തുറമുഖം എന്നിവ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കണം. അതിര്‍ത്തികളിലെ പൊലീസ് പരിശോധന ശക്തമാക്കണം.
കൊറിയറുകള്‍, പാഴ്‌സലുകള്‍, ടൂറിസ്റ്റ് വാഹനങ്ങള്‍ തുടങ്ങി കേരളത്തിൻ്റെ അതിര്‍ത്തിയിലേക്ക് കടന്നുവരുന്ന വാഹനങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവിധ വകുപ്പുകള്‍ നടപ്പാക്കിവരുന്ന ലഹരിവിരുദ്ധ പദ്ധതികള്‍ മന്ത്രിമാര്‍ വിശദീകരിച്ചു. യോഗത്തില്‍ മന്ത്രിമാരായ സജി ചെറിയാന്‍, എം.ബി.രാജേഷ്, ഒ.ആര്‍.കേളു, ആര്‍.ബിന്ദു, വി.അബ്ദുറഹ്‌മാന്‍, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ എ.ജയതിലക്, കെ.ആര്‍.ജ്യോതിലാല്‍, സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ്, എ.ഡി.ജി.പിമാരായ മനോജ് എബ്രഹാം, പി.വിജയന്‍, എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് തുടങ്ങിയവര്‍ പങ്കെടുത്തു.

Recent Articles

Related Articles

Special

Enable Notifications OK No thanks