29 C
Trivandrum
Wednesday, March 12, 2025

കേരള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് യൂറോപിലേക്ക് വാതില്‍; ഹബ് ഡോട്ട്‌ ബ്രസല്‍സുമായി ധാരണപത്രം

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം : കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് യൂറോപ്യൻ വിപണിയിലേക്ക്‌ വാതിൽ തുറന്ന്‌ കേരള സ്റ്റാർട്ടപ്പ് മിഷനും (കെ.എസ്‌.യു.എം.) ബ്രസൽസിലെ ഹബ് ഡോട്ട്‌ ബ്രസൽസും ധാരണപത്രം ഒപ്പിട്ടു. ബെൽജിയത്തിലെ സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയുടെയും സാമ്പത്തിക വികസനത്തിൻ്റെയും ചുമതലയുള്ള ഏജൻസിയാണ് ഹബ് ഡോട്ട്‌ ബ്രസൽസ്.

ധാരണപത്രത്തിൻ്റെ ഭാഗമായി കേരളത്തിലെ തിരഞ്ഞെടുത്ത സ്റ്റാർട്ടപ്പുകൾക്കായി ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി സെൻ്റർ സ്ഥാപിക്കും. ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകൾക്ക് സൗജന്യ വർക്കിങ്‌ സ്‌പേസ്, ബിസിനസ് വിദഗ്ധോപദേശം, മീറ്റിങ്‌ റൂം സൗകര്യം, ബിസിനസ് ശൃംഖലാ അവസരം എന്നിവയും നൽകും.

യൂറോപ്യൻ വിപണിയിലാകെ സാന്നിധ്യമറിയിക്കാൻ സ്റ്റാർട്ടപ്പുകൾക്ക് അവസരം കൈവരും. ഇതേ മാതൃകയിൽ ബെൽജിയത്തിലെ സ്റ്റാർട്ടപ്പുകൾക്ക് കെ.എസ്‌.യു.എമ്മിലും സമാന സംവിധാനമൊരുക്കും. കെ.എസ്‌.യു.എമ്മിൻ്റെ ഡെമോ ഡേ, വിപണി പ്രവേശന പരിപാടി, ഇന്ത്യൻ ബിസിനസ് സമൂഹവുമായുള്ള ആശയവിനിമയം എന്നിവയിൽ ബെൽജിയത്തിൽനിന്നുള്ള സ്റ്റാർട്ടപ്പുകൾക്കും അവസരമുണ്ടാകും.

6300 സ്റ്റാർട്ടപ്പ്‌, 64 ഇൻകുബേറ്റർ, 525 ഇന്നൊവേഷൻ സെൻ്റർ എന്നിവയോടെ ഇന്ത്യയിലെ പ്രധാന സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയാണ് കേരളത്തിലേതെന്ന് ഹബ് ഡോട്ട്‌ ബ്രസൽസ് വിലയിരുത്തി.

മുംബൈയിൽ ബെൽജിയം രാജകുമാരി ആസ്ട്രിഡിൻ്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ കെ.എസ്‌.യു.എം. സി.ഇ.ഒ. അനൂപ് അംബിക, ഹബ് ബ്രസൽസ് ഡെപ്യൂട്ടി സി.ഇ.ഒ. അന്നലോർ ഐസക് എന്നിവരാണ് ധാരണാപത്രം കൈമാറിയത്. സ്റ്റാർട്ടപ്പുകളുടെ ആഗോള ലോഞ്ച് പാഡായി കേരളത്തെ മാറ്റാനുള്ള നിർണായക കാൽവെയ്പാണ് ധാരണപത്രമെന്ന് അനൂപ് അംബിക പറഞ്ഞു.

Recent Articles

Related Articles

Special

Enable Notifications OK No thanks