ഗാസ സ്വന്തമാക്കുമെന്ന ഭീഷണി ആവര്‍ത്തിച്ച് ഡോണൾഡ് ട്രംപ്

Follow the FOURTH PILLAR LIVE channel on WhatsApp 

വാഷിങ്ടണ്‍: പാലസ്തീനികളെ സമീപരാഷ്ട്രങ്ങളിലേക്ക്‌ മാറ്റിയ ശേഷം ഗാസ സ്വന്തമാക്കുമെന്ന ഭീഷണി ആവര്‍ത്തിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസില്‍ ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു ട്രംപിൻ്റെ വിവാദ പരാമര്‍ശം. പശ്ചിമേഷ്യയിലെ അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യരാജ്യമാണ് ജോര്‍ദാന്‍.

‘ഞങ്ങള്‍ ഗാസ കൈവശപ്പെടുത്താന്‍ പോവുകയാണ്. ഞങ്ങള്‍ക്ക് അത് വിലയ്ക്കുവാങ്ങേണ്ട കാര്യമില്ല. വാങ്ങാനൊന്നും അവിടെയില്ല. ഞങ്ങള്‍ ഗാസയെ സ്വന്തമാക്കും. ഞങ്ങള്‍ അത് സ്വന്തമാക്കാന്‍ പോവുകയാണ്. ഞങ്ങള്‍ അതിനെ പരിപോഷിപ്പിക്കാന്‍ പോവുകയാണ്’, ട്രംപ് കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. പശ്ചിമേഷ്യയിലെ ആളുകൾക്കുവേണ്ടി ഗാസയില്‍ ധാരാളം തൊഴിലുകള്‍ സൃഷ്ടിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

ഒരു കൊല്ലത്തിലധികമായി നടന്നുവരുന്ന യുദ്ധത്തെ തുടര്‍ന്ന് അതിദാരുണമായ ജീവിതമാണ് പാലസ്തീനികള്‍ നയിക്കുന്നതെന്നും അതിനാല്‍ ഗാസ വിടുന്നതില്‍ അവർക്ക് സന്തോഷമേ ഉണ്ടാകുകയുള്ളൂവെന്നും ട്രംപ് പറഞ്ഞു. നോക്കൂ അവര്‍ എങ്ങനെയാണ് ജീവിക്കുന്നതെന്ന്. ആ ലോകത്തില്‍ ആരും ഇങ്ങനെ ജീവിക്കുന്നുണ്ടാകില്ല. തകര്‍ന്നുവീഴുന്നതും വീഴാന്‍ തുടങ്ങിയതുമായ കെട്ടിടങ്ങളുടെ കീഴിലാണ് അവര്‍ താമസിക്കുന്നത്. അവിടുത്തെ അവസ്ഥ ഭീകരമാണ്. ലോകത്ത് മറ്റൊരിടത്തും ഗാസയിലേക്കാള്‍ മോശമായ സാഹചര്യങ്ങള്‍ ഉണ്ടായിരിക്കില്ലെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ യു.എസ്. സന്ദർശനത്തിനിടെ വൈറ്റ് ഹൗസിൽ ഇരുവരും ചേർന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് ട്രംപ് ഗാസ ഏറ്റെടുക്കുമെന്ന് ആദ്യം പറഞ്ഞത്.

Recent Articles

Related Articles

Special