ന്യൂഡൽഹി: ബി.ജെ.പി. നേതാവും വ്യവസായിയുമായ രാജീവ് ചന്ദ്രശേഖർ നൽകിയ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് ശശി തരൂരിന് സമൻസ് അയച്ച് ഡൽഹി ഹൈക്കോടതി. കേസിൽ ഈ വർഷം ഏപ്രിൽ 28ന് കോടതി വാദം കേൾക്കും. അപകീർത്തിപരമായ പരാമർശം നടത്തിയതിനും തന്റെ സല്പേരിന് കളങ്കം വരുത്തിയതിനും മാപ്പ് പറയുകയും 10 കോടി രൂപ നഷ്ടപരിഹാരം നൽകുകയും ചെയ്യണമെന്ന് രാജീവ് ചന്ദ്രശേഖർ കോടതിയിൽ ആവശ്യപ്പെട്ടു.
Follow the FOURTH PILLAR LIVE channel on WhatsApp
ലോക്സഭാ തിരഞ്ഞെടുപ്പിനിടെ 2024 ഏപ്രിലിൽ വിവിധ പൊതുവേദികളിൽ ശശി തരൂർ തെറ്റായതും അപകീർത്തികരവുമായ പ്രസ്താവനകൾ നടത്തിയെന്നും അത് തന്റെ പ്രൊഫഷണൽ ജീവിതത്തിലും വ്യക്തി ജീവിതത്തിലും പരുക്കേല്പിച്ചുവെന്നും കാണിച്ചാണ് രാജീവ് ചന്ദ്രശേഖർ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാർഥി കൂടിയായിരുന്ന രാജീവ് ചന്ദ്രശേഖർ വോട്ടർമാർക്ക് പണം വാഗ്ദാനം ചെയ്തുവെന്ന് ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ തരൂർ പറഞ്ഞിരുന്നു. ഈ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് രാജീവ് ചന്ദ്രശേഖർ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.