29 C
Trivandrum
Wednesday, February 5, 2025

ബി.ജെ.പി. വിരുദ്ധ വോട്ടുകളാകെ ഏകോപിപ്പിക്കാനുള്ള അടവുനയം സ്വീകരിക്കുമെന്ന് സി.പി.എം. രാഷ്ട്രീയ പ്രമേയം

ന്യൂഡൽഹി: തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്കെതിരായ വോട്ടുകൾ പരമാവധി ഏകോപിപ്പിക്കുന്നതിനുള്ള അടവുനയം സ്വീകരിക്കുമെന്ന് സി.പി.എമ്മിൻ്റെ രാഷ്ട്രീയ പ്രമേയം. കോൺ​ഗ്രസുമായി രാഷ്ട്രീയസഖ്യമില്ല, മറിച്ച് സഹകരണമാകാമെന്നും കരട് പ്രമേയം പറയുന്നു. ഇതര മതനിരപേക്ഷ കക്ഷികളുമായുള്ള നിലപാട് ഇതിന്റെ അടിസ്ഥാനത്തിലാകുമെന്നും പ്രമേയം വ്യക്തമാക്കുന്നു.

Follow the FOURTH PILLAR LIVE channel on WhatsApp 

സി.പി.എം. 24ാം പാർട്ടി കോൺ​ഗ്രസിൽ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയ പ്രമേയം തിങ്കളാഴ്ച പ്രസിദ്ധീകരിച്ചു. പാർട്ടിയുടെ കരുത്ത് വർധിപ്പിക്കുന്നതിനുള്ള പ്രചരണ, പ്രക്ഷോഭ പരിപാടികളുടെ തന്ത്രങ്ങൾക്ക് രൂപം നൽകുകയാണ് ലക്ഷ്യം. മോദി സർക്കാരിന്റെ ജനവിരുദ്ധ ഭരണത്തിനെതിരെ ആശയ പോരാട്ടം സി.പി.എം. ശക്തമായി തുടരുമെന്ന് പ്രമേയം വ്യക്തമാക്കുന്നു.

കഴിഞ്ഞ പാർട്ടി കോൺ​ഗ്രസിലെ നയത്തിൽ നിന്ന് കാര്യമായ മാറ്റം പാർട്ടി സ്വീകരിച്ചിട്ടില്ല. കരട് രാഷ്ട്രീയ പ്രമേയം ഇടതുപക്ഷ പാർട്ടികളുടെ ഐക്യം ശക്തിപ്പെടുത്തുന്നതിനും വിശാലമായ വിധത്തിൽ മതനിരപേക്ഷ-ജനാധിപത്യ ശക്തികളെ യോജിപ്പിച്ചുനിർത്താനും ആഹ്വാനം ചെയ്യുന്നു. സഹകരണം ഇന്ത്യ കൂട്ടായ്മയിൽ മാത്രം ഒതുങ്ങണമെന്നില്ലായെന്നും പ്രമേയം പറയുന്നു.

പാർട്ടിക്ക് തിരിച്ചടികൾ നേരിട്ട ബം​ഗാളിലും ത്രിപുരയിലും പാർട്ടിയുടെ കെട്ടുറപ്പ് വീണ്ടെടുക്കും. പാർട്ടി കമ്മിറ്റികളിൽ പ്രായപരിധി 75 എന്നത് തുടരുമെന്നും പ്രമേയം വ്യകതമാക്കുന്നു. മുഖ്യമന്ത്രി എന്ന പരിഗണന നൽകിയാണ് പിണറായി വിജയന് കഴിഞ്ഞ തവണ ഇളവ് നൽകിയതെന്നും, ഇത് തുടരണോ എന്ന് പാർട്ടി കോൺ​ഗ്രസ് തീരുമാനിക്കുമെന്നും പൊളിറ്റ്ബ്യൂറോ അം​ഗവും പാർട്ടി കോ-ഓർഡിനേറ്ററുമായ പ്രകാശ് കാരാട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി വ്യക്തമാക്കി.

ജനുവരി 17 മുതൽ 19 വരെ കൊൽക്കത്തയിൽ ചേർന്ന കേന്ദ്രകമ്മിറ്റിയോ​ഗം കരട് രാഷ്ട്രീയ പ്രമേയം അം​ഗീകരിച്ചിരുന്നു. മാർച്ച് 22നും 23നും കേന്ദ്രകമ്മിറ്റി യോ​ഗം ചേർന്ന് പാർട്ടി കോൺഗ്രസിലേക്കുള്ള കരട് സംഘടന റിപ്പോർട്ട് അന്തിമമാക്കും. മധുരയിൽ ഏപ്രിൽ 2 മുതൽ 6 വരെയണ് സി.പി.എം. പാർട്ടി കോൺ​ഗ്രസ്.

Recent Articles

Related Articles

Special

Enable Notifications OK No thanks