വാഷിങ്ടണ്‍: അമേരിക്കയിലെ വാഷിങ്ടണ്‍ റീഗന് നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപം യാത്രാവിമാനവും ഹെലികോപ്റ്ററും കൂട്ടിയിടിച്ച് തകർന്നു. ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെ സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചാണ് അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ സി.ആർ.ജെ. 700 എന്ന വിമാനം വിമാനത്താവളത്തിന് സമീപത്തെ പോടോമാക് നദിയിലേക്ക് വീണത്.
Follow the FOURTH PILLAR LIVE channel on WhatsApp
വൈറ്റ് ഹൗസിന്റെ 5 കിലോമീറ്റര്‍ അകലെ വെച്ചാണ് അപകടമുണ്ടായത്. അമേരിക്കന്‍ സൈന്യത്തിന്റെ യു.എച്ച്. 60 ബ്ലാക്ക് ഹോക്ക് ഹെലിക്കോപ്റ്ററാണ് വിമാനവുമായി കൂട്ടിയിടിച്ചത്. കൂട്ടിയിടിക്കുന്നതിന്റെയും വിമാനത്തിന് തീപിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിമാനത്തില്‍ 60 യാത്രക്കാരും 4 ജീവനക്കാരും ഉണ്ടായിരുന്നു. പരിശീലന പറക്കല്‍ നടത്തുകയായിരുന്ന സൈനിക ഹെലിക്കോപ്റ്ററില്‍ 3 പേരായിരുന്നു ഉണ്ടായിരുന്നത്. ഹെലിക്കോപ്റ്ററും നദിയിലുണ്ടെന്നാണ് വിവരം. അപകടത്തില്‍ ആരും രക്ഷപ്പെട്ടതായി സൂചനയില്ലെന്ന് വാഷിങ്ടണ്‍ ഡി.സി ഫയര്‍ ചീഫ് പറഞ്ഞു.
പോടോമാക് നദിയിലും സമീപപ്രദേശങ്ങളിലുമായി വലിയ രീതിയിലുള്ള തിരച്ചിലാണ് നടന്നുകൊണ്ടിരിക്കുന്നത്. വിവിധ സുരക്ഷാ ഏജന്‍സികളുടെ നേതൃത്വത്തിലാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. ഞെട്ടിപ്പിക്കുന്ന അപകടമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അപകടത്തെ കുറിച്ച് പ്രതികരിച്ചത്. ഇത് നടക്കാന്‍ പാടില്ലായിരുന്നുവെന്ന് പറഞ്ഞ ട്രംപ് വിമാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ കണ്ട്രോള് ടവറുകളുടെ കാര്യക്ഷമതയിലും സംശയം പ്രകടിപ്പിച്ചു
2009ന് ശേഷം രാജ്യത്തുണ്ടാകുന്ന വലിയ വിമാനാപകടമാണ് ഇത്. നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് ഏജന്‍സി അന്വേഷണം ആരംഭിച്ചു. ഫയര്‍ ഡിപ്പാര്‍ട്ട്മെന്റും എഫ്.ബി.ഐ., ആര്‍മി നീന്തല്‍ വിദഗ്ധരും ചേര്‍ന്നാണ് നദിയിലെ തിരച്ചില്‍ നടത്തുന്നത്.