29 C
Trivandrum
Saturday, March 15, 2025

ബൈഡൻ ഭരണകൂടത്തിനെതിരെ വിമർശവുമായി ട്രംപിൻ്റെ സ്ഥാനാരോഹണം

Follow the FOURTH PILLAR LIVE channel on WhatsApp 

വാഷിങ്ടൺ: അമേരിക്കയുടെ സുവർണകാലഘട്ടം ആരംഭിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഡോൺൾഡ്ട്രംപിൻ്റെ സ്ഥാനാരോഹണം. ഇന്ത്യൻസമയം തിങ്കളാഴ്ച രാത്രി 10.30ന് അദ്ദേഹം യു.എസിന്റെ 47ാം പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. യു.എസ്. ക്യാപ്പിറ്റോൾ മന്ദിരത്തിനുള്ളിലായിരുന്നു സത്യപ്രതിജ്ഞ. 40 വർഷത്തിനുശേഷമാണ് അടഞ്ഞവേദിയിൽ സത്യപ്രതിജ്ഞാച്ചടങ്ങ്‌ നടക്കുന്നത്.

ക്ഷണിക്കപ്പെട്ട അതിഥികൾക്കുമുൻപിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് ജോൺ റോബർട്‌സ് ട്രംപിന് സത്യവാചകം ചൊല്ലിക്കൊടുത്തു. 1861ൽ എബ്രഹാം ലിങ്കൺ സത്യപ്രതിജ്ഞയ്ക്കുപയോഗിച്ച ബൈബിളും 1955ൽ അമ്മ നൽകിയ ബൈബിളും തൊട്ടായിരുന്നു സത്യപ്രതിജ്ഞ. മെലാനിയയാണ് രണ്ടും കൈയിലേന്തിയത്.

സ്ഥാനമേറ്റ ശേഷമുള്ള ആദ്യ പ്രസംഗത്തിൽ യു.എസിനെ ഒന്നാമതെത്തിക്കാനായുള്ള തൻ്റെ പദ്ധതികൾ അടിവരയിട്ട് പറഞ്ഞ ട്രംപ്, ബൈഡൻ ഭരണകൂടത്തിനെതിരെ വിമർശനമുന്നയിക്കാനും മറന്നില്ല. ഇന്നു മുതൽ യു.എസ്. അഭിവൃദ്ധി പ്രാപിക്കുകയും ബഹുമാനിക്കപ്പെടുകയും ചെയ്യും. ലോകത്ത് യു.എസിനുണ്ടായിരുന്ന പരമാധികാരം വീണ്ടെടുക്കപ്പെടും, രാജ്യത്തിൻ്റെ സുരക്ഷ പുനഃസ്ഥാപിക്കപ്പെടും, നീതിയുടെ തുലാസുകൾ സന്തുലിതമാക്കപ്പെടും -ട്രംപ് പറഞ്ഞു. നേരത്തെ പ്രഖ്യാപിച്ച നയങ്ങൾ ട്രംപ് തൻ്റെ പ്രസംഗത്തിൽ ആവർത്തിച്ചു. യു.എസിൽ ഇനി സ്ത്രീകളും പുരുഷന്മാരും എന്ന രണ്ട് ലിംഗവിഭാഗങ്ങളേ ഉണ്ടാകൂ. മറ്റ് ലിംഗങ്ങൾ നിയമപരമായി അനുവദിക്കില്ല.

ബൈഡൻ ഭരണകൂടത്തിനെതിരായ വിമർശനങ്ങളും ട്രംപ് പ്രസംഗത്തിൽ ഉന്നയിച്ചു. യു.എസ്. നീതിന്യായ വകുപ്പിൻ്റെ ക്രൂരവും അന്യായവുമായ ഭരണം അവസാനിക്കും. അഭിമാനമുള്ള സമൃദ്ധവും സ്വതന്ത്രവുമായ ഒരു രാഷ്ട്രം സൃഷ്ടിക്കുന്നതിനായിരിക്കും മുൻഗണന. രാജ്യത്ത് അനധികൃതമായി പ്രവേശിച്ച അപകടകരമായ കുറ്റവാളികളെന്നാണ് കുടിയേറ്റക്കാരെ ട്രംപ് വിശേഷിപ്പിച്ചത്. വിദേശികൾക്ക് പൗരത്വം നൽകുന്ന എല്ലാ നടപടികളും നിർത്തിവെയ്ക്കാൻ ഉത്തരവിട്ട ട്രംപ്, ക്രിമിനലുകളായ എല്ലാ വിദേശികളെയും തിരിച്ചയക്കുമെന്നും പറഞ്ഞു. മുൻ ഭരണകൂടം ഇവർക്ക് സങ്കേതവും സംരക്ഷണവും നൽകിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

വിശ്വാസവഞ്ചനയുടെ കാലം ഇവിടെ അവസാനിക്കുകയാണ്. കഴിഞ്ഞ 8 വർഷം താൻ നേരിട്ട വെല്ലുവിളികൾ മറ്റൊരു പ്രസിഡൻ്റും നേരിട്ടിട്ടില്ല. ഇനി മുതൽ പുരോഗതി മാത്രമാണ് യു.എസിന് മുന്നിലുള്ളത്. 2025 ജനുവരി 20 വിമോചന ദിനമായിരിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. സ്വിങ് സ്റ്റേറ്റുകളിൽ അടക്കം ഭൂരിപക്ഷം ലഭിച്ചതിന് കറുത്ത വർഗക്കാർക്ക് നന്ദി പറയാനും പ്രസിഡൻ്റ് മറന്നില്ല.

മെക്സിക്കൻ അതിർത്തിയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമെന്നും അവിടേക്ക് സൈന്യത്തെ അയക്കുമെന്നും ട്രംപ് വ്യക്തമാക്കി. പാനമ കനാൽ തിരിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ച ശേഷം കനാൽ ചൈന നിയന്ത്രിക്കുന്നുവെന്ന വാദവും ട്രംപ് ഉയർത്തി. മാർക്സിസ്റ്റുകളെയും കമ്മ്യൂണിസ്റ്റുകളെയും സോഷ്യലിസ്റ്റുകളെയും ഹമാസ് അനുകൂലികളെയും പുറത്താക്കും എന്നും ട്രംപ് പ്രഖ്യാപിച്ചു. ഗൾഫ് ഓഫ് മെക്സിക്കോയുടെ പേര് ഗൾഫ് ഓഫ് അമേരിക്ക എന്ന് മാറ്റുമെന്നും പ്രഖ്യാപനമുണ്ട്.

ഇന്ത്യയുടെ പ്രതിനിധിയായി വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ ചടങ്ങിൽ പങ്കെടുത്തു. അർജന്റീനാ പ്രസിഡന്റ് ഹാവിയർ മിലേയ്, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി തുടങ്ങിയ അന്താരാഷ്ട്ര നേതാക്കളും മുൻ പ്രസിഡൻറുമാരായ ജോർജ് ബുഷ്, ബിൽ ക്ലിന്റൻ, ബരാക് ഒബാമ തുടങ്ങിയവരും സന്നിഹിതരായിരുന്നു. ഗൂഗിൾ സി.ഇ.ഒ. സുന്ദർ പിച്ചൈ, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്, ഓപ്പൺ എ.ഐ. സി.ഇ.ഒ. സാം ഓൾട്ട്മാൻ, ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ് തുടങ്ങി ടെക് രംഗത്തെ പ്രമുഖരുടെ നിരയും മസ്കിന്റെ മക്കളും മരുമക്കളും പേരക്കുട്ടികളും ചടങ്ങിൽ പങ്കെടുത്തു. 2017-2021 കാലത്ത് പ്രസിഡന്റായിരുന്ന ട്രംപ് 4 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് വീണ്ടുമെത്തുന്നത്.

Recent Articles

Related Articles

Special

Enable Notifications OK No thanks