Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഭാവിയും വളർച്ചയും തീരുമാനിക്കുന്നതിൽ മദർ ഇൻഡസ്ട്രി അഥവാ മാതൃവ്യവസായത്തിന് വലിയ പങ്കുണ്ടെന്നും ഈ വ്യവസായം ഏതെന്നു കേരളം കണ്ടെത്തണമെന്നും വിഴിഞ്ഞം കോൺക്ലേവിൽ അഭിപ്രായമുയർന്നു. സിംഗപോർ, റോട്ടർഡാം തുറമുഖ നഗരങ്ങളുടെ വളർച്ചയ്ക്കു കാരണമായതു പെട്രോകെമിക്കൽ വ്യവസായമാണ്. ഷാങ്ഹായ് തുറമുഖ നഗരത്തിന്റെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ചത് ഇലക്‌ട്രോണിക്‌സാണ്.
ഇതേ മാതൃകയിൽ, വിഴിഞ്ഞം തുറമുഖത്തിന്റെ പ്രധാന വ്യവസായമെന്താണെന്നു തീരുമാനിക്കണമെന്ന് നയാരാ എനർജി ചെയർമാൻ പ്രസാദ് കെ.പണിക്കർ പറഞ്ഞു. കൃത്യമായ സമയക്രമം അനുസരിച്ചുള്ള പദ്ധതിയൊരുക്കിയാൽ വിഴിഞ്ഞത്തിനു ലോകത്തോര നിലവാരത്തിലെത്താനാകുമെന്ന് എ.വി.ടി. മക്കോർമിക് എം.ഡി. സുഷമ ശ്രീകണ്ഠത്ത് പറഞ്ഞു. വിഴിഞ്ഞത്തേക്ക് ഉൽപന്നങ്ങളെത്തിക്കാൻ കൃത്യമായ റോഡ്, റെയിൽ സംവിധാനങ്ങളുണ്ടാകണം. ഇതിനായി സർക്കാരും വ്യവസായികളും പൊതുജനങ്ങളും ഒന്നിച്ച് മുന്നിട്ടിറങ്ങണം.
വിഴിഞ്ഞത്തു സുസ്ഥിര ആഗോള വിതരണ ശൃംഖല സൃഷ്ടിക്കാനാണു ശ്രമമെന്നു ലോകത്തെ മുൻനിര ഷിപ്പിങ് കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി മേധാവികളായ മിഷേലെ അവേസ, ഗെയ്താനോ എസ്‌പൊസിതോ എന്നിവർ പറഞ്ഞു. സമുദ്രഗതാഗതവും ചരക്കുനീക്കവും ഉറപ്പാക്കുന്നതിലുപരി സമുദ്ര-വ്യോമ ട്രാൻസ്ഷിപ്മെന്റ് ഹബ് കൂടിയായി വിഴിഞ്ഞം തുറമുഖം മാറുമെന്നും ആഗോളതലത്തിൽ ഇതിനു വലിയ സാധ്യതകളുണ്ടെന്നും അദാനി പോർട്സ് സെസിൻ്റെ തുറമുഖ വിഭാഗം സി.ഇ.ഒ. പ്രണവ് ചൗധരി പറഞ്ഞു.
രണ്ടാംഘട്ട വികസനത്തിൽ ദ്രവീകൃതമല്ലാത്ത ചരക്കുകൾ നീക്കം ചെയ്യാനുള്ള ഒരുക്കത്തിലാണു വിഴിഞ്ഞമെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞത്തേക്കുള്ള ചരക്കുനീക്കം സുഗമമാക്കുന്നതിനു കണ്ടെയ്‌നർ റെയിൽ കണക്ടിവിറ്റി ആവശ്യമാണെന്നും 2029ൽ തുറമുഖ റെയിൽ ടണൽ യാഥാർഥ്യമാകുമെന്നും വിസിൽ സി.ഇ.ഒ. ശ്രീകുമാർ കെ.നായർ പറഞ്ഞു. ആദിത്യ ബിർള ഗ്രൂപ്പ് സീനിയർ വൈസ് പ്രസിഡന്റ് ബി.ബിനോയ്, സിന്തൈറ്റ് എം.ഡി. ഡോ.വിജു ജേക്കബ് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.