29 C
Trivandrum
Tuesday, March 25, 2025

വിഴിഞ്ഞം ആഗോള തുറമുഖ വാണിജ്യ വ്യാപാര മേഖലയിൽ ഇന്ത്യയ്ക്കു മേൽക്കൈ നേടിക്കൊടുക്കും

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം ∙ 10 വർഷത്തിനുള്ളിൽ വിഴിഞ്ഞം ഇന്ത്യയിലെ ഏറ്റവും വലിയ രാജ്യാന്തര തുറമുഖമാകുമെന്നും ആഗോള തുറമുഖ വാണിജ്യ വ്യാപാര മേഖലയിൽ ഇന്ത്യയ്ക്കു മേൽക്കൈ നേടിക്കൊടുക്കുമെന്നും ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ. രാജ്യത്ത് മറ്റൊരിടത്തും അത്യാധുനിക സാങ്കേതികവിദ്യയോടെ പ്രവർത്തിക്കുന്ന ഓട്ടമേറ്റഡ് തുറമുഖമില്ല. കേരളത്തിന് ആഗോള വ്യാപാരമേഖലയിൽ വലിയ ‘കണക്ടിവിറ്റി’ വിഴിഞ്ഞം തുറമുഖം വഴി ലഭിക്കും. ഒരു ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയെന്ന കേരളത്തിന്റെ ലക്ഷ്യത്തിന് ഇതു കരുത്തു നൽകും. വിഴിഞ്ഞം കോൺക്ലേവ്- 2025 ആഗോള നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സർക്കാരിന്റെ നേതൃത്വത്തിൽ വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനാൽ നിക്ഷേപകർക്ക് എളുപ്പം വ്യവസായങ്ങൾ ആരംഭിക്കാനാകും. കൊച്ചി- കോയമ്പത്തൂർ ഇടനാഴി കേരളത്തിന്റെ വടക്കേ അറ്റത്തേക്കു വികസനമെത്തിക്കുന്നതോടെ കേരളം ആഗോള വ്യവസായ ഹബ്ബായി മാറുമെന്നും ബാലഗോപാൽ പറഞ്ഞു.

മെയ്ഡ് ഇൻ ഇന്ത്യ, മേക്ക് ഇൻ കേരള എന്ന ശൈലിയിലാണു കേരളം വളരുന്നതെന്ന് അധ്യക്ഷത വഹിച്ച വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. കേരളത്തിന്റെ ഉയർന്ന വ്യവസായശേഷി, നിക്ഷേപകരെ വലിയതോതിൽ ആകർഷിക്കുന്നുവെന്നും സംസ്ഥാനസർക്കാർ അതിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കക്ഷി രാഷ്ട്രീയം എന്തുതന്നെയായാലും വിഴി‍ഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ വികസനത്തിന്റെ കാര്യത്തിൽ എല്ലാ രാഷ്ട്രീയ കക്ഷികളും ഒരു ടീം ആണെന്നു ശശി തരൂർ എം.പി. പറഞ്ഞു.

ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്.ശ്രീനിവാസ്, കെ.എസ്.ഐ.ഡി.സി. എം.ഡി. എസ്.ഹരികിഷോർ, എക്സിക്യൂട്ടീവ് ഡയറക്ടർ ആർ.ഹരികൃഷ്ണൻ, വ്യവസായ ഡയറക്ടർ മിർ മുഹമ്മദലി, വിസിൽ എം.ഡി. ദിവ്യ എസ്.അയ്യർ, കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്.പിള്ള, കിൻഫ്ര എം.ഡി. സന്തോഷ് കോശി തോമസ്, അദാനി പോർട്സ് സി.ഇ.ഒ. പ്രണവ് ചൗധരി, എസ്.ബി.ഐ. സി.ജി.എം. എ.ഭുവനേശ്വരി, ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എസ്.എൻ.രഘുചന്ദ്രൻനായർ തുടങ്ങിയവർ പ്രസംഗിച്ചു.

Recent Articles

Related Articles

Special

Enable Notifications OK No thanks