29 C
Trivandrum
Thursday, February 6, 2025

സൗന്ദര്യവർദ്ധകവസ്തക്കളിൽ മാരക രാസവസ്തു: 33 സ്ഥാപനങ്ങൾക്കതിരെ കേസ്

തിരുവനന്തപുരം: ശരീരത്തിന് ഹാനികരമാകുന്ന രാസവസ്തുക്കള്‍ സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനും വ്യാജ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ പിടിച്ചെടുക്കുന്നതിനും വേണ്ടി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് ‘ഓപ്പറേഷന്‍ സൗന്ദര്യ’ എന്ന പേരില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 7 ലക്ഷത്തിലധികം രൂപ വിലവരുന്ന സൗന്ദര്യവര്‍ധന ഉത്പന്നങ്ങള്‍ പിടിച്ചെടുക്കുകയും 33 സ്ഥാപനങ്ങള്‍ക്കെതിരേ കേസെടുക്കുകയും ചെയ്തു. മതിയായ ലൈസന്‍സുകൾ നേടുകയോ കോസ്മെറ്റിക്സ് റൂള്‍സ് 2020 നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുകയോ ചെയ്യാതെ നിര്‍മ്മിച്ച് വിതരണം നടത്തിയവയാണ് ഈ ഉത്പന്നങ്ങൾ.

Follow the FOURTH PILLAR LIVE channel on WhatsApp 

ലാബ് പരിശോധനകളില്‍ ലിപ്സ്റ്റിക്, ഫേസ് ക്രീം സാമ്പിളുകളില്‍ അനുവദനീയമായതില്‍ കൂടുതല്‍ അളവില്‍ മെര്‍ക്കുറിയുടെ അംശം കണ്ടെത്തി. അനുവദനീയമായ അളവില്‍ നിന്ന് 12,000 ഇരട്ടിയോളം മെര്‍ക്കുറി പല സാമ്പിളുകളിലും കണ്ടെത്തിയിട്ടുണ്ട്. ഇത് ആന്തരികാവയവങ്ങളെ വരെ ബാധിക്കുന്ന തരത്തില്‍ ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതാണ്. ഈ കണ്ടെത്തലിനെ തുടര്‍ന്ന് പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. 2023 മുതല്‍ 2 ഘട്ടങ്ങളിലായിട്ടാണ് ഓപ്പറേഷന്‍ സൗന്ദര്യ നടപ്പാക്കിയത്. മൂന്നാം ഘട്ടം പരിശോധന ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.

സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വാങ്ങി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് ഡ്രഗ്സ് കൺട്രോളർ അറിയിച്ചു. ഇത്തരം ഉത്പന്നങ്ങള്‍ മതിയായ ലൈസന്‍സോട് കൂടി നിര്‍മ്മിച്ചതാണോ എന്നും നിര്‍മ്മാതാവിന്റെ മേല്‍വിലാസം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും ലേബല്‍ പരിശോധിച്ച് വാങ്ങേണ്ടതാണ്. എന്തെങ്കിലും പരാതിയുള്ളവര്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിനെ 18004253182 എന്ന ടോള്‍ ഫ്രീ നമ്പരില്‍ വിവരം അറിയിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

Recent Articles

Related Articles

Special

Enable Notifications OK No thanks