29 C
Trivandrum
Sunday, March 16, 2025

മദ്യവിലയിൽ മാറ്റം: 341 ബ്രാൻഡുകൾക്ക് കൂടും, 107 എണ്ണത്തിന് കുറയും; ബിയറിനും വിലയേറും

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വിലയിൽ തിങ്കളാഴ്ച മുതൽ മാറ്റം വന്നു. മദ്യവിതരണക്കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ് ബെവ്ക്കോയുടെ തീരുമാനം. മൊത്തം 341 ബ്രാൻഡുകളുടെ വിലയാണ് വർധിക്കുക. ഇതിനൊപ്പം തന്നെ 107 ബ്രാൻഡുകളുടെ വില കുറയുകയും ചെയ്യും. 10 രൂപ മുതൽ 50 രൂപ വരെയാണ് ബ്രാൻഡുകൾക്ക് കൂടുകയും കുറയുകയും ചെയ്യുന്നത്. 15 മാസത്തിന് ശേഷമാണ് മദ്യവില വർധിക്കുന്നത്.

ബെവ്കോയുടെ ജനപ്രിയ ബ്രാൻഡായ ജവാന്‍റെയടക്കം വില കൂടുമെന്നാണ് അറിയിപ്പ്. ഇതിനൊപ്പം തന്നെ ബിയർ വിലയും കൂടും. സ്പരിറ്റ് വിലവർദ്ധനയും ആധുനികവത്ക്കരണവും പരിഗണിച്ച് മദ്യവില വർദ്ധിപ്പിക്കണമെന്ന മദ്യവിതരണ കമ്പനികളുടെ ആവശ്യത്തിനാണ് ബെവ്ക്കോ ബോർഡ് യോഗം അംഗീകാരം നൽകിയത്.

120 കമ്പനികളാണ് മദ്യം വിതരണം ചെയ്യുന്നത്. ഇതിൽ 62 കമ്പനികള്‍ വിതരണം ചെയ്യുന്ന 341 ബ്രാൻഡുകളുടെ വില വർദ്ധിക്കും. ബെവ്ക്കോയുടെ സ്വന്തം ബ്രാണ്ടായ ജവാന്‍റെ വിലയും 10 രൂപ കൂടും. 640 രൂപയുണ്ടായിരുന്ന മദ്യത്തിന് 650 രൂപയാകും. 750 രൂപയുണ്ടായിരുന്ന ഓള്‍ഡ് പോർട്ട് മദ്യത്തിന് 30 രൂപ കൂടും. 1350 രൂപ വിലയുള്ള മോർഫ്യൂസ് ബ്രാൻഡിക്ക് ഇനി മുതൽ 1400 രൂപ നൽകേണ്ടി വരും.

കമ്പനികള്‍ തന്നെ നടത്തിയ മാർക്കറ്റ് സ്റ്റഡിയുടെ അടിസ്ഥാനത്തിലാണ് 107 ബ്രാൻഡുകളുടെ വില കുറക്കുന്നത്. മദ്യ കമ്പനികള്‍ തമ്മിലുള്ള മത്സരത്തിന്‍റെ അടിസ്ഥാനത്തിലാണ് വില്പന കൂട്ടാനായി മദ്യവില കുറച്ചത്. അതിനിടെ 16 പുതിയ കമ്പനികള്‍ കൂടി മദ്യവിതരണത്തിന് കരാറുണ്ടാക്കിയിട്ടുണ്ട്. ഇവർ 170 പുതിയ ബ്രാൻഡുകള്‍ ബെവ്ക്കോക്ക് നൽകും.

നേരത്തെ മദ്യ കമ്പനികൾക്കുണ്ടായിരുന്ന വിറ്റുവരവ് നികുതി സർക്കാർ ഒഴിവാക്കിയപ്പോൾ നഷ്ടം നികത്തിയതും വില കൂട്ടിയാണ്. ഇപ്പോൾ സ്പിരിറ്റ് വില കൂടിയതിന്‍റെ പേരിലും കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ് സർക്കാർ വില കൂട്ടുന്നത്. വിശദമായ പുതിയ വില വിവര പട്ടിക വെയ് ഹൗസുകള്‍ക്കും ഔട്ട് ലെറ്റുകള്‍ക്കും നൽകിയിട്ടുണ്ടെന്ന് ബെവ്ക്കോ എം.ഡി. ഹർഷിത അത്തല്ലൂരി പറഞ്ഞു.

Recent Articles

Related Articles

Special

Enable Notifications OK No thanks