കൊച്ചി: മലയാളിയുടെ പ്രിയപ്പെട്ട പലഹാരങ്ങളാണ് പഴംപൊരി, ഉഴുന്നുവട, പരിപ്പുവട, നെയ്യപ്പം എന്നിവയൊക്കെ. ഇനി ബേക്കറിയിൽ കയറി ഇവ കഴിക്കാമെന്ന് വെച്ചാൽ പുതിയ വില കേട്ട് ഞെട്ടും. 12 രൂപ മുതൽ 20 രൂപയോളം വരും വില. ഈ പലഹാരങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ വിലയും ഗണ്യമായി ഉയർന്നു. 24 മണിക്കൂർ പോലും കാലാവധിയില്ലാത്ത ഇത്തരം പ്രാദേശിക ലഘുഭക്ഷണങ്ങൾക്ക് 18 ശതമാനമാണ് ജി.എസ്.ടി എന്നതാണ് കൗതുകകരമായ വസ്തുത.
മലയാളിയുടെ പ്രിയപ്പെട്ട ഉണ്ണിയപ്പത്തിന് 5 ശതമാനമാണ് ജി.എസ്.ടി. എന്നാൽ ഉണ്ണിയപ്പത്തിന്റെ അതേ ചേരുവയിലുള്ള നെയ്യപ്പത്തിന് ജി.എസ്.ടി. 18 ശതമാനമാണ്. കേന്ദ്രസർക്കാർ എച്ച്.എസ്.എൻ. കോഡ് നിർണയിക്കാത്തതുകൊണ്ടാണ് ഇത്തരം പലഹാരങ്ങൾക്ക് ഇപ്പോഴും 18 ശതമാനം ജി.എസ്.ടി. നിലനിൽക്കുന്നത്. ഹോട്ടലുകളിൽ ഇവയ്‌ക്കെല്ലാം 5 ശതമാനം ജി.എസ്.ടി.യാണ് ഈടാക്കുന്നത്.
മൈസൂർപാവ്, ലഡു, ജിലേബി പോലുള്ള മധുരപലഹാരങ്ങളും 5 ശതമാനം ജി.എസ്.ടി. പരിധിയിലാണ് വരുന്നത്. ഉത്തരേന്ത്യൻ വിഭവങ്ങൾക്കെല്ലാം കുറഞ്ഞ ജി.എസ്.ടി. ഈടാക്കുമ്പോൾ കേരളത്തിന്റെ നാടൻ പലഹാരങ്ങളാണ് 18 ശതമാനം ജി.എസ്.ടി. കുരുക്കിൽ പെട്ട് കിടക്കുന്നത്.
മറ്റ് പലഹാരങ്ങളിലുള്ള ആശങ്ക പരിഹരിക്കുന്നതിനായി ജി.എസ്.ടി. കൗൺസിലിന്റെ അഡ്വാൻസ് റൂളിങ് സംവിധാനത്തെ സമീപിച്ചിട്ട് ഒന്നര വർഷം കഴിഞ്ഞെങ്കിലും ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ലെന്ന് ബേക്കേഴ്സ് അസോസിയേഷൻ കേരള (ബേക്ക്) വ്യക്തമാക്കി. ഭക്ഷ്യ ഉത്പന്നങ്ങൾക്ക് നിലവിലുള്ള 5 ശതമാനം, 12 ശതമാനം, 18 ശതമാനം എന്നിങ്ങനെ വ്യത്യസ്ത തോതിൽ നില്ക്കുന്ന ജി.എസ്.ടി. ഏകീകരിച്ച് എല്ലാ ഉത്പന്നങ്ങൾക്കും അഞ്ച് ശതമാനമാക്കണം എന്നാണ് അസോസിയേഷന്റെ ആവശ്യം.