Follow the FOURTH PILLAR LIVE channel on WhatsApp
ടെല്‍ അവീവ്: വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതോടെ ഗാസയില്‍ ആഘോഷം തുടങ്ങി. ഇസ്രയേൽ പ്രാദേശിക സമയം 11.15നാണ് (ഇന്ത്യന്‍ സമയം 2.45) കരാര്‍ പ്രാബല്യത്തില്‍ വന്നത്. ജനങ്ങള്‍ തെരുവിലിറങ്ങി ആഹ്ളാദ പ്രകടനം നടത്തുകയാണ്. ആദ്യ ദിവസം മോചിപ്പിക്കേണ്ട ബന്ദികളുടെ പട്ടിക ഹമാസ് പുറത്തുവിട്ടതോടെയാണ് 15 മാസം നീണ്ട യുദ്ധത്തിന് താത്ക്കാലിക പരിസമാപ്തിയായിരിക്കുന്നത്.
ഞായറാഴ്ച മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്ന് പറഞ്ഞെങ്കിലും ഇക്കാര്യത്തിൽ അനിശ്ചിതത്വമുണ്ടായിരുന്നു. റോമി ഗോനെന്‍, എമിലി ഡാമാരി, ഡോരോണ്‍ സ്റ്റെയിന്‍ബ്രെച്ചര്‍ എന്നിവരെ മോചിപ്പിക്കുമെന്ന് ഹമാസ് അറിയിച്ചതോടെ അനിശ്ചിതത്വം നീങ്ങി. അതേസമയം വെടിനിർത്തൽ നിലവിൽ വരുന്നതിനു തൊട്ടുമുമ്പു വരെ ഇസ്രായേൽ ഗാസയിൽ വ്യോമാക്രമണം നടത്തി. ഞായറാഴ്ചത്തെ ആക്രമണത്തിൽ 5 പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
ഇസ്രായേൽ പ്രാദേശിക സമയം 4 മണിയോടെ 3 ബന്ദികളെയും മോചിപ്പിക്കും. 7 ദിവസത്തിനകം നാല് വനിതാ ബന്ദികളെയും മോചിപ്പിക്കും. ഗാസയില്‍ വെടിനിര്‍ത്തല്‍ നിലവിൽ ന്ന കാര്യം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസാണ് അറിയിച്ചത്. മാനുഷിക സഹായവുമായി 4,000 ട്രക്കുകള്‍ ഗാസയിലേക്ക് പ്രവേശിക്കാനായി തയ്യാറായിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ പലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സിയായ യു.എൻ.ആർ.ഡബ്ല്യു.എ. അറിയിച്ചു.
അതേസമയം, ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാറിന് പിന്നാലെ നെതന്യാഹു സര്‍ക്കാരിലെ സഖ്യകക്ഷിയായ ഒറ്റ്‌സ്മ യെഹൂദിറ്റ് പാര്‍ട്ടി ഭരണസഖ്യം വിട്ടു. നെതന്യാഹു മന്ത്രിസഭയില്‍ നിന്ന് ഇവരുടെ 3 മന്ത്രിമാര്‍ രാജിവെച്ചു. ദേശീയ സുരക്ഷാ വകുപ്പ് മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍, പൈതൃക വകുപ്പ് മന്ത്രി അമിച്ചായി എലിയഹു, ദേശീയ പ്രതിരോധശേഷി വകുപ്പ് മന്ത്രി യിത്സാക് വസര്‍ലൗഫ് എന്നിവരാണ് നെതന്യാഹുവിന് രാജികത്ത് കൈമാറിയത്. മന്ത്രിസഭയില്‍ നിന്ന് പിന്മാറുന്നുവെങ്കിലും സഖ്യത്തിനുള്ള പിന്തുണ പിന്‍വലിക്കില്ലെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചിട്ടുണ്ട്.